കോർപ്പറേഷൻ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചു
കൊല്ലം: നഗരസഭയുടെ 2020-2021ലെ പുതുക്കിയ ബഡ്ജറ്റും 2021 -2022 ലെ മതിപ്പ് ബഡ്ജറ്റും ഡെപ്യൂട്ടി മേയറും ധനകാര്യ സ്ഥിരം സമിതി ചെയർമാനുമായ കൊല്ലം മധു അവതരിപ്പിച്ചു. കൊല്ലത്തെ മഹാനഗരമാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളായിരിക്കും നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മഹാകവി കുമാരനാശാന്റെ പേരിൽ കൊല്ലം ബോട്ടുജെട്ടിയിൽ സ്മാരകം നിർമ്മിക്കുന്നതിനുൾപ്പെടെ കൊല്ലത്തെ സാംസ്കാരിക നഗരമാക്കി മാറ്റുന്നതിന് 1.42 കോടി രൂപയാണ് വകയിരുത്തിയത്. സ്‌ത്രീ സൗഹൃദ നഗരമാക്കാനും ചെറുകിട വ്യവസായങ്ങൾ പരിപോഷിപ്പിക്കാനും തുക അനുവദിച്ചിട്ടുണ്ട്.
തനത് വരുമാനം ലക്ഷ്യമിട്ട് തങ്കശേരി, ആണ്ടാമുക്കം, തുമ്പറ, കൊല്ലം ലോറി സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിൽ ഷോപ്പിംഗ് കോപ്ലക്‌സുകളും മുണ്ടയ്ക്കലിൽ കമ്മ്യൂണിറ്റി ഹാളും നിർമ്മിക്കാൻ 74 കോടി രൂപ വകയിരുത്തി. പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും ജലാശയങ്ങളെ ജനോപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികളും ബഡ്ജറ്റിൽ ഇടം നേടി.
2020 - 21 പുതുക്കിയ ബഡ്ജറ്റ്
മുൻ ബാക്കി: 117.56 കോടി
പ്രതീക്ഷിക്കുന്ന വരവ്: 384 കോടി
ചെലവ്: 336.21 കോടി
2021-22 മതിപ്പ് ബഡ്ജറ്റ്
മുൻ ബാക്കി: 165.41 കോടി
വരവ്: 958.82 കോടി
ചെലവ്: 1077.41 കോടി
മിച്ചം: 46.82 കോടി
വിവിധ പദ്ധതികളും വകയിരുത്തിയ തുകയും
ചേരിവികസനം: 2 കോടി
ഭക്ഷ്യസുരക്ഷ: 6.33 കോടി
സാംസ്കാരിക നഗരം: 1.42 കോടി
കുടിവെള്ളം: 10.89 കോടി
ഭവനം (ജനറൽ): 51.5 കോടി
ഭവനം (എസ്.സി./ എസ്.ടി ): 51.75 കോടി
സൗന്ദര്യവത്കരണം: 10.93 കോടി
തെരുവ് വിളക്ക് പരിപാലനം (നിലാവ്): 25 കോടി
പാർക്കിംഗ് പദ്ധതി: 17.31 കോടി
ബസ് ഷെൽട്ടർ: 50 കോടി
സ്ത്രീസൗഹൃദ ശൗചാലയം: 1 കോടി
മത്സ്യബന്ധനമേഖല: 1.45 കോടി
ചെറുകിട വ്യവസായം: 8.89 കോടി
പാർക്കുകൾ: 2.35 കോടി
വഴിവാണിഭക്കാരുടെ പുനരധിവാസം: 3 കോടി
സീറോ വേസ്റ്റ്, സ്ലോട്ടർ ഹൗസ്: 3 കോടി
പകൽവീട്, ബഡ്‌സ് സ്‌കൂൾ എന്നിവയ്ക്ക് വാഹനം: 16 ലക്ഷം
ക്ഷീരവികസനം: 1.51 കോടി
മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ
കുരീപ്പുഴ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്: 75 കോടി
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്: 50 കോടി
എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റ്: 1.35 കോടി
കവിത ചൊല്ലി കഥപോലെ ബഡ്ജറ്റ്
സ്വതസിദ്ധമായ ശൈലിയിൽ പദ്ധതികൾക്കൊപ്പം കവിതാശകലങ്ങൾ ചൊല്ലിയായിരുന്നു സാംസ്കാരിക പ്രവർത്തകനും പുസ്തക പ്രസാധകനും കൂടിയായ ഡെപ്യൂട്ടി മേയറുടെ ബഡ്ജറ്റ് അവതരണം. വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് മുന്നോടിയായി ഡെപ്യൂട്ടി മേയർ ചൊല്ലിയ കവിതകൾ ബഡ്ജറ്റ് പേപ്പറിലും ഇടംനേടി. 'അത്രമേൽ വിശുദ്ധമായി, അത്രമേൽ അഗാധമായി...' എന്ന കവിതാശകലത്തിലാണ് ബഡ്ജറ്റ് അവതരണം ആരംഭിക്കുന്നത്. തുടർന്ന് ഓരോ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കവിതകളെയും അദ്ദേഹം ഒപ്പം കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |