ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമാനത്തിന് തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാൻ ഇന്ത്യ അനുമതി നൽകി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശ്രീലങ്കയിലേക്ക് പോകാനാണ് തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കാൻ ഇന്ത്യ അനുമതി നൽകിയത്. വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും കാബിനറ്റ് അംഗങ്ങളും ബിസിനസ് പ്രതിനിധികളും പാക് പ്രധാനമന്ത്രിയെ അനുഗമിക്കും എന്നാണ് റിപ്പോർട്ട്.
2019ൽ അമേരിക്കൻ സന്ദർശനത്തിനുളള ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കാൻ പാകിസ്ഥാൻ തയ്യാറായിരുന്നില്ല. പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് യാത്രാ വിമാനം അല്ലാത്തതിനാൽ വ്യോമപാത ഒരുക്കേണ്ടത് മര്യാദയാണ്. എന്നാൽ ഇതൊന്നും കണക്കാക്കാതെ പാകിസ്ഥാൻ അനുമതി നിഷേധിക്കുകയായിരുന്നു. യൂറോപ്പിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനം കടത്തിവിടാനും പാകിസ്ഥാൻ വിസമ്മതിച്ചിരുന്നു.
ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുളള ബന്ധം കൂടുതൽ വഷളായത്. ബലാകോട്ടിലെ ആക്രമണത്തിനുശേഷം പാകിസ്ഥാൻ ദിവസങ്ങളോളം വ്യോമപാത അടച്ചിരുന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ യാത്രാസമയം ഏറെ വർദ്ധിക്കുന്നതിന് ഇത് കാരണമായിരുന്നു.അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കുശേഷമാണ് വ്യോമപാത തുറക്കാൻ പാകിസ്ഥാൻ തയ്യാറായത്.
അതിനിടെ ഇമ്രാൻ ഖാൻ ശ്രീലങ്കൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം ശ്രീലങ്കൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പ്രസംഗത്തിൽ കാശ്മീർ പ്രശ്നം പരാമർശിക്കാനുളള സാദ്ധ്യത മുന്നിൽ കണ്ടാണ് തീരുമാനം. രണ്ടുദിന ശ്രീലങ്കൻ സന്ദർശന വേളയിൽ ഫെബ്രുവരി 24 ന് ഖാൻ ശ്രീലങ്കൻ പാർലമെന്റിൽ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇമ്രാന്റെ പാർലമെന്റ് സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്. ആവശ്യത്തിന് കൊവിഡ് വാക്സിൻ നൽകി സഹായിച്ച ഇന്ത്യയുടെ അപ്രീതിക്ക് ഇടയാക്കുമോ എന്ന് ഭയന്നാണ് ഇമ്രാന്റെ പാർലമെന്റ് സന്ദർശനവും പ്രസംഗവും ശ്രീലങ്ക റദ്ദാക്കിയതെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |