ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ മരണം വരെ നിരാഹാരസമരം നടത്തുമെന്ന് ഭഗത് സിംഗിന്റെ കുടുംബം. കർഷക സമരം 90 ദിവസം പിന്നിടവെ ഇന്നലെ സിംഘുവിലെ സമരവേദിയിലാണ് പ്രഖ്യാപനം നടത്തിയത്. ബ്രിട്ടീഷ് കാലത്ത് കാർഷിക നിയമങ്ങൾക്കെതിരെ ഭഗത് സിംഗിന്റെ അമ്മാവൻ സർദാർ അജിത് സിംഗ് നയിച്ച പോരാട്ടത്തെ സ്മരിച്ച് ഇന്നലെ സംയുക്ത കിസാൻ മോർച്ച സ്വാഭിമാനദിനമായി ആചരിച്ചിരുന്നു. ഈ ചടങ്ങിൽ ഭഗത് സിംഗിന്റെ മരുമക്കളായ അഭയ് സന്ധു, തേജി സന്ധു, അനുസ്പ്രിയ സന്ധു, ഗുർജീത് കൗർ എന്നിവരാണ് പങ്കെടുത്തത്. ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23നുള്ളിൽ കേന്ദ്രം കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്ന് അഭയ് സന്ധുവാണ് പ്രഖ്യാപിച്ചത്.
അതിനിടെ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകർ ഇന്നലെ തിക്രിയിലെ സമരകേന്ദ്രത്തിലെത്തി. സമരക്കാർ മാറണമെന്നാവശ്യപ്പെട്ട് തിക്രി അതിർത്തിയിൽ ഡൽഹി പൊലീസിന്റേതായി സ്ഥാപിച്ച പോസ്റ്ററുകൾ മുഖവിലക്കെടുക്കുന്നില്ലെന്നും സമാധാനപരമായി സമരം നടത്താൻ അവകാശമുണ്ടെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |