വാഷിംഗ്ടൺ: അജ്ഞാതർ തട്ടിക്കൊണ്ട് പോയ പൊന്നോമന നായ്ക്കുട്ടികളെ കണ്ടെത്തുന്നവർക്ക് ലോകപ്രശ്സത നടിയും ഗായികയുമായ ലേഡി ഗാഗ വാഗ്ദാനം ചെയ്തത് മൂന്നരക്കോടി രൂപ. അതേസമയം, നായ്ക്കുട്ടികളെ കണ്ടെത്തിയ പൊലീസ് അവയെ ഗാഗയുടെ പക്കലെത്തിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു സ്ത്രീയാണ് നായ്ക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ, ഇവർ പണം വാങ്ങിയോ എന്ന് വ്യക്തമല്ല. തന്റെ പ്രിയപ്പെട്ട നായ്ക്കളായ കോജിയേയും ഗുസ്താവിനേയും രണ്ടു ദിവസം മുമ്പ് നഷ്ടമായെന്നും ഹൃദയം വേദനിക്കുന്നുവെന്നും ഗാഗ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു. ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായ്ക്കളാണിവ. അവയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് അഞ്ച് ലക്ഷം ഡോളർ നൽകുമെന്നും ഗാഗ പറഞ്ഞു. അവയെ എവിടെ വച്ചെങ്കിലും കാണുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കിലും തിരിച്ചെത്തിച്ചാൽ പണം നൽകാമെന്നായിരുന്നു ഗാഗയുടെ വാഗ്ദാനം. നായ്ക്കളുടെ ചിത്രം സഹിതമാണ് ഗാഗ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്. നായ്ക്കളുടെ പരിചാരകനായ റയാൻ ഫിഷറിനെ വെടിവച്ച് വീഴ്ത്തിയാണ് അജ്ഞാതർ നായ്ക്കളെ തട്ടിക്കൊണ്ടുപോയത്. മൂന്ന് നായ്ക്കളുമായി നടക്കാനിറങ്ങിയതായിരുന്നു റയാൻ. പെട്ടെന്ന്, കാറിൽ വന്നിറങ്ങിയ രണ്ട് അജ്ഞാതർ നായ്ക്കളെ കൈമാറാൻ റയാനോട് ആവശ്യപ്പെട്ടു. പിന്നീട്, റയാനെ വെടിവച്ച് വീഴ്ത്തിയ ശേഷം, ഇവർ രണ്ട് നായ്ക്കളുമായി കടന്നു കളയുകയായിരുന്നു. അതേസമയം, ജീവൻ പണയം വച്ചും തന്റെ നായ്ക്കളെ രക്ഷിക്കാൻ ശ്രമിച്ച റയാന് ഗാഗ നന്ദിയറിയിച്ചു. റയാനെന്നും ഒരു ഹീറോ ആയിരിക്കുമെന്നും ഗാഗ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ആശുപത്രിയിൽ ചികിത്സയിലാണ് റയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |