പോത്തൻകോട്: പുരയിടത്തിന്റെ ചുറ്റുമതിൽ ഇടിച്ച് അയൽക്കാരൻ വസ്തു കയ്യേറിയെന്നാരോപിച്ച് അമ്മയും ഗർഭിണിയായ മകളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാങ്ങപ്പാറ, ഗാന്ധിപുരം ബിനുജ ഭവനിൽ ചന്ദ്രശേഖരൻ നാടാരുടെ ഭാര്യ റിട്ട. അങ്കണവാടി ടീച്ചർ മധുമതിയും (63) ഗർഭിണിയായ മകളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെ അയൽവാസി മതിലിനോട് ചേർന്നുള്ള ശുചിമുറി അടക്കം ജെ.സി.ബി കൊണ്ട് ഇടിച്ചു തകർത്തതിനെ തുടർന്നാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
15ന് രാത്രി അയൽവാസി വസ്തു കൈയേറി മതിലിടിച്ചതായി 16ന് പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നതായി ഇവർ പറയുന്നു. പൊലീസ് സ്ഥലം സന്ദർശിച്ച് അയൽക്കാരനോട് വിലക്കിയിട്ടും വീണ്ടും ബാക്കിയുള്ള ഭാഗത്തെ മതിൽ 19, 20 തീയതികളിലായി വീണ്ടും ഇടിച്ച് നിരത്തി.
പോത്തൻകോട് സ്റ്റേഷനിൽ വീണ്ടും പരാതിയുമായി എത്തിയിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കുടുംബം നൽകിയ പരാതി നൽകിയിരുന്നു. തുടർന്ന് 26നാണ് പൊലീസ് എഫ്. ഐ. ആർ. എടുത്തത്. ഇന്നലെ വെളുപ്പിന് ഒന്നരയ്‌ക്ക് മതിലിനോട് ചേർന്നുള്ള ടൊയ്‌ലെറ്റ് അടക്കം ജെ.സി.ബി കൊണ്ട് ഇടിച്ചു തകർത്തത്തിൽ മനംനൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത് . ഇവരുടെ വസ്തുവിന്റെ പുറകിൽ താമസിക്കുന്ന വീട്ടുടമയാണ് പുറത്തു നിന്നുള്ള ആളുകളെ എത്തിച്ച് കൃത്യം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ആത്മഹത്യ ശ്രമമറിഞ്ഞു സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരാണ് കുടുംബത്തെ പിന്തിരിപ്പിച്ചത്. സംഭവമറിഞ്ഞു മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
എന്നാൽ തന്റെ ഒരു മീറ്റർ വസ്തു കൈയേറിയാണ് കുടുംബം മതിൽ കെട്ടിയിരിക്കുന്നതെന്ന് അയൽക്കാരൻ പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് സ്ഥലം വാങ്ങുമ്പോൾ തന്നെ വസ്തുവിൽചുറ്റുമതിൽ ഉണ്ടായിരുന്നതാണെന്ന് മധുമതിയും പ്രതികരിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |