ചെന്നൈ: തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയാണിപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ താരം. തമിഴ്നാട്ടിൽ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിച്ചുകൊണ്ടിരിക്കുന്ന രാഹുൽ കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ്. ജോസഫ്സ് മെട്രിക്കുലേഷൻ ഹയൽ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധി നൃത്തം ചെയ്തത്. വേദിയിൽ കൈകൾ കോർത്ത് വിദ്യാർത്ഥികൾക്കും ചില നേതാക്കൾക്കൾക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇംഗ്ലീഷ് ഗാനത്തിനൊപ്പം ചുവടുവെച്ച രാഹുൽ വിദ്യാർത്ഥികൾക്കൊപ്പം പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തു. ശേഷം അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയവും നടത്തി.
#WATCH: Congress leader Rahul Gandhi dances with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu during an interaction with them pic.twitter.com/RaSDpuXTqQ
— ANI (@ANI) March 1, 2021
നാഗർകോവിലിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ വഴിയരികിൽ നിന്ന് പനനൊങ്ക് കഴിക്കുന്നതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. അച്ചൻകുളത്തുവെച്ചാണ് രാഹുൽ ഗാന്ധിയും ഒപ്പമുള്ള നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം വഴിയരികിലെ കച്ചവടക്കാരനിൽനിന്ന് പനനൊങ്ക് വാങ്ങി കഴിച്ചത്. ഇത് കഴിക്കേണ്ട വിധം ഒപ്പമുള്ളവർ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുന്നതും അദ്ദേഹം കഴിക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെ തമിഴ്നാട്ടിലെ ഒരു സംഘം ഫുഡ് വ്‌ളോഗർമാർക്കൊപ്പം ഭക്ഷണം രാഹുൽ കഴിച്ചതും വാർത്തയായിരുന്നു.
#WATCH: Congress leader Rahul Gandhi doing push-ups and 'Aikido' with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu pic.twitter.com/qbc8OzI1HE
— ANI (@ANI) March 1, 2021
ദിവസങ്ങൾക്ക് മുൻപ് രാഹുൽ കേരളത്തിലെ മത്സ്യ തൊഴിലാളികളോടൊപ്പം കടലിൽ പോയത് ഏറെ ചർച്ചയായിരുന്നു. മത്സ്യബന്ധനത്തിന് പോകുന്ന ദൃശ്യങ്ങൾക്കും ചിത്രങ്ങൾക്കും സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ തമിഴ്നാട്ടിലും സമാനരീതിയിലുളള പ്രചരണ രീതികളുമായി രാഹുൽ കളം നിറയുന്നത്.
അതേസമയം കന്യാകുമാരിയിൽ രാഹുൽ നടത്താനിരുന്ന ബോട്ട്‌യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.12 ബോട്ടുകൾ രാഹുലിനെ അനുഗമിക്കാൻ തയ്യാറാക്കിയിരുന്നു. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയ ജില്ലാ കളക്ടർ അഞ്ചു പേരിൽ കൂടുതൽ പോകാൻ പാടില്ലെന്ന് അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |