ലക്‌നൗ: ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ഹത്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം.യുവതിയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2018 ലാണ് ഗൗരവ് ശർമ എന്നയാൾ തന്റെ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും, ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം കോടതി ഇയാൾക്ക് ജാമ്യം നൽകിയിരുന്നു.
ഈ സംഭവത്തിന് ശേഷം പ്രതിയുടെയും യുവതിയുടെയും വീട്ടുകാർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഗൗരവിന്റെ ഭാര്യ ഒരു ബന്ധുവിനൊപ്പം യുവതിയുടെ ഗ്രാമത്തിലെ അമ്പലത്തിൽ പോയിരുന്നു. ഇവിടെ കൊല്ലപ്പെട്ടയാളും, പെൺമക്കളും എത്തിയിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയായിരുന്നു.
വിവരമറിഞ്ഞ് ഗൗരവ് കുറച്ചാളുകളെ കൂട്ടി സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിനിടയിലാണ് യുവതിയുടെ പിതാവിന് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗൗരവ് ശർമയേയും ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ പീഡനത്തിന് ഇരയായ യുവതി കരഞ്ഞുകൊണ്ട് പൊലീസ് സ്‌റ്റേഷനിലെത്തുകയും, നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ദയവായി എനിക്ക് നീതി നൽകൂ ... ദയവായി എനിക്ക് നീതി നൽകൂ. ആദ്യം അവൻ എന്നെ ഉപദ്രവിച്ചു, ഇപ്പോൾ അവൻ എന്റെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി. അയാൾ ഞങ്ങളുടെ ഗ്രാമത്തിൽ വന്നിരുന്നു. ആറ് -ഏഴ് പേർ ഉണ്ടായിരുന്നു. എന്റെ പിതാവിന് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. അവന്റെ പേര് ഗൗരവ് ശർമ, '-യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |