ന്യൂഡൽഹി : ചെയർമാൻ, ആക്ടിംഗ് ചെയർപേഴ്സൺ, ഡയറക്ടർ ജനറൽ ഉൾപ്പടെ മൂന്ന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന് (എൻ.എച്ച്.ആർ.സി) നാഥനില്ലാത്ത അവസ്ഥയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മനുഷ്യാവകാശ പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായി രാധാകന്താ ത്രിപാദിയാണ് ഹർജിക്കാരൻ. രാജ്യത്തെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് കാവൽ നിൽക്കേണ്ട കമ്മീഷന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് പൊതുതാത്പര്യ ഹർജിയിൽ ആരോപിക്കുന്നു.
ചെയർമാൻ, ഡയറക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷൻ അടക്കം മൂന്ന് തസ്തികകൾ 2019 മുതൽ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകൾ നികത്താതെ കമ്മിഷന് പ്രവർത്തിക്കാൻ കഴിയില്ല. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ചെയർമാനും അഞ്ച് അംഗങ്ങളും ചേർന്നാണ് കമ്മിഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത്. ചെയർമാൻ ഇല്ലാത്ത പക്ഷം ആക്ടിംഗ് ചെയർപേഴ്‌സണിനെ നിയോഗിക്കണമെന്നും ചട്ടത്തിലുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചരിത്രത്തിൽ ആദ്യമാണിത്.
കഴിഞ്ഞ ഡിസംബർ 2ന് ജസ്റ്റിസ് എച്ച്.എൽ ദത്തു ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ല. കഴിഞ്ഞ മെയിൽ പ്രഭാത് സിംഗ് ഐ.പി.എസ് വിരമിച്ചതോടെയാണ് ഡയറക്ടർ ജനറലിന്റെ തസ്തിക ഒഴിഞ്ഞത്. മറ്റൊരു അംഗം ജസ്റ്റിസ് ഡി. മുരഗേഷൻ 2018 സെപ്തംബറിലാണ് വിരമിച്ചത്. ഈ തസ്തികയിലും നിയമനം നടന്നില്ല. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |