ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സമയപരിധിയിലുള്ള നിയന്ത്രണം ഒഴിവാക്കി കേന്ദ്രം.
ഇനി മുതൽ ആശുപത്രികൾക്ക് അവരുടെ സാഹചര്യത്തിനനുസരിച്ച് 24 മണിക്കൂറും വാക്സിൻ നൽകാമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു.
നേരത്തെ ഇത് രാവിലെ 9 മുതൽ 5 വരെയായിരുന്നു. പലയിടങ്ങളിലും ആളുകൾക്ക് ക്യൂ നിൽക്കേണ്ടി വന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ 85.95 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 14,989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 13,123 പേർ രോഗം ഭേദമായി. 98 പേർ മരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഡൽഹി, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ആഴ്ചയെക്കാൾ പുതിയ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി .
മഹാരാഷ്ട്രയിൽ മാത്രം ഈ ആഴ്ചയിൽ 16,012 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ 71.5 ശതമാനം വർദ്ധനയുണ്ടായി. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,70,126 ആയി. ഇത് ആകെ രോഗബാധിതരുടെ 1.53 ശതമാനമാണ്.
രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി കവിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |