SignIn
Kerala Kaumudi Online
Saturday, 16 May 2026 3.58 PM IST

അക്കാഡമിക്കായി മുഖ്യമന്ത്രിയെ കാണണം സ്കേറ്റിംഗ് ബോർഡിൽ കേരളം ചുറ്റാൻ മധു

1

കാസർകോട്: സ്കേറ്റിംഗ് ബോർഡിൽ കേരളം മുഴുവൻ ചുറ്റാനുള്ള സാഹസിക ദൗത്യവുമായി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് കക്കോടിയിലെ പതിനെട്ടുകാരനായ മധു. ഈ രംഗത്തിന്റെ ഉയർച്ചയ്ക്കായി ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ചാണ് യാത്ര. 'തിരുവനന്തപുരത്ത് ചെല്ലണം, മുഖ്യമന്ത്രിയെ നേരിൽ കാണണം, കേരളത്തിൽ സ്കേറ്റിംഗ് അക്കാഡമി സ്ഥാപിക്കാൻ അഭ്യർത്ഥിക്കണം ' എന്നതാണ് മധുവിന്റെ പ്രധാന ലക്ഷ്യം.

സ്കേറ്റിംഗ് മേഖലയിലേക്ക് കടന്നുവരാൻ ധാരാളം കുട്ടികൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവരെ സഹായിക്കാൻ ഒരു സംവിധാനം കേരളത്തിൽ നിലവിലില്ല. അക്കാഡമി സ്ഥാപിച്ചാൽ പ്രോത്സാഹനമാകും. മധു പറയുന്നു. വടകര പുറമേരി ഐ.ടി.ഐ. വിദ്യാർത്ഥി മധു കോഴിക്കോട് ബീച്ചിൽ കപ്പലണ്ടി വിറ്റു ജീവിക്കുന്ന മഹേഷിന്റെയും ബേബിയുടെയും മകനാണ്. ഒരുതവണ ബീച്ചിൽ കണ്ടുമുട്ടിയ അറബി നൽകിയ സ്കേറ്റിംഗ് ബോർഡുമായി വീട്ടിലെത്തിയ മഹേഷ് അത് മകനു നൽകി. അതിൽ കയറി കളിക്കാൻ തുടങ്ങിയതോടെ മധുവിന് വലിയ താത്പര്യം ആയി. പിന്നീട് മധു സ്‌കേറ്റിംഗ് ബോർഡിലെ പഠനത്തിലായി. ഏഴ്‌ കൊല്ലമായി സ്‌കേറ്റിംഗ് ബോർഡിൽ പഠനം തുടരുന്ന മധു തന്റെ ആഗ്രഹം സാധിക്കാൻ മാതാപിതാക്കളുടെ കൂടെ കോഴിക്കോട് ബീച്ചിൽ കപ്പലണ്ടി വിറ്റാണ് ബോർഡ് വാങ്ങാനും യാത്രയ്ക്കുമുള്ള പണം കണ്ടെത്തിയത്.

അച്ഛനും അമ്മയും ഏറെ കഷ്ടപ്പെട്ട് മകന്റെ ആഗ്രഹം സാധിച്ചു നൽകി. കേരളവും രാജ്യവും ചുറ്റണം. സ്കേറ്റിംഗ് അക്കാഡമി തുടങ്ങണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങളിൽ ഒന്നിനാണ് മധു തുടക്കമിടുന്നത്. സ്കേറ്റിംഗ് ബോർഡിൽ കേരളം ചുറ്റുന്ന യാത്ര ബുധനാഴ്ച രാവിലെ കാസർകോട് നിന്ന് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി യാത്ര തുടങ്ങും. രാവിലെ ആറു മുതൽ 12 മണി വരെയും വൈകുന്നേരം മൂന്ന് മണിക്ക് ശേഷവുമാണ് തിരക്കുകൾക്ക്‌ ഇടയിലൂടെയുള്ള യാത്ര. രാത്രി എത്തുന്ന സ്ഥലത്ത് തങ്ങും. യാത്രയുടെ ഭാഗമായി കായിക പ്രതിഭകളെയും മഹത് വ്യക്തികളെയും കാണും. വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ പകർത്തും. മധുവിന്റെ യാത്ര വിദ്യാനഗറിലെ കളക്ടറേറ്റിനു മുന്നിൽ വെച്ച് ജില്ലാ കളക്ടർ ഡോക്ടർ ഡി. സജിത് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ, ജയകൃഷ്ണൻ നരിക്കുട്ടി, സണ്ണി ജോസഫ്, അബ്ദുൾ റഹ്മാൻ ആലൂർ, ഷാഫി തെരുവത്ത്, മധുവിന്റെ മാതാപിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. മാദ്ധ്യമ പ്രവർത്തകൻ ഉദിനൂർ സുകുമാരൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL