സോൾ: ലോകപ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.റ്റി.എസിലെ ഗായകൻ ആർ.എം കൊറിയയിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച ഇന്ത്യൻ ഗാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബി ഗായകനായ ദലേർ മെഹന്തി എഴുതി ആലപിച്ച ടുണക് ടുണക് ടുൺ എന്ന ഗാനമാണത്. 1998ൽ പുറത്തിറങ്ങിയ ഈ പഞ്ചാബി ഗാനത്തിന് ഇന്നും ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഈ ഗാനം കൊറിയയിൽ ഒരുപാട് പ്രസിദ്ധമാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ ഗാനം ഒരുപാട് പാടിയിട്ടുണ്ട്. ആർ.എം പറയുന്നു. 2017ൽ നൽകിയ ഒരു അഭിമുഖത്തിലാണ് ആർ.എം ഈ ഗാനത്തെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഞങ്ങളുടെ പാഠപുസ്തകങ്ങളിലുണ്ട്. ഇന്ത്യയെക്കുറിച്ച് ഞങ്ങൾ ഒരുപാട് ചിന്തിച്ച് കൂട്ടാറുണ്ട്. താജ്‌മഹലും നല്ല മനുഷ്യരുമെല്ലാം ഇന്ത്യയിലുണ്ട് - ആർ.എം പറഞ്ഞു. ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്ന് കഴിഞ്ഞ വർഷം ബി.റ്റി.എസ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ബി.റ്റി.എസ് ആർമിയെ കാണാനും അവരോടൊപ്പം പാട്ട് പാടി നൃത്തം വയ്ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. നമസ്തേ പറയാൻ ഞങ്ങൾക്ക് വളരെ ആഗ്രഹമുണ്ട് - ബി.ടി.എസ് പറഞ്ഞു. ഇന്ത്യയിൽ ബി.റ്റി.എസ് ധാരാളം ആരാധകരുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും, അവരെ ഉടൻ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ബി.റ്റി.എസിലെ അംഗമായ സുഗയും പറഞ്ഞിരുന്നു. ആർ.എം, ജിൻ, സുഗ, ജെ ഹോപ്പ്, ജിമിൻ, വി, ജങ്‌കുക്ക് എന്നിവരാണ് ബി.റ്റി.എസ് ബാൻഡിലെ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |