തിരുവനന്തപുരം: സുകുമാർ അഴീക്കോടിനെപ്പോലെ വേറെ ആരുമില്ലെന്നും അദ്ദേഹത്തിന്റെ അഭാവം ഇന്നും സാഹിത്യ ലോകത്ത് മഹാശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഴീക്കോടിനെപോലെ ആധികാരികമായി സംസാരിക്കാൻ ഇന്ന് ആരുമില്ല. സമൂഹത്തിലെ പ്രശ്നങ്ങളോട് പ്രതികരിക്കുക തന്റെ ഉത്തരവാദിത്വമാണെന്ന് കരുതിയ മഹാപുരുഷനാണ് അദ്ദേഹം. വിമർശന കലയുടെ സുവർണ കൈലാസമാണ് സുകുമാർ അഴീക്കോടിന്റെ 'ആശാന്റെ സീതാകാവ്യം'. അഭിപ്രായങ്ങൾ പറയുന്നതിൽ അദ്ദേഹം ആരെയും ഭയന്നില്ല. വ്യക്തി താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ വിമർശനങ്ങളുണ്ടാകുന്നത്.
നമ്മുടെ നാട്ടിൽ എഴുത്തുകാർക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. റഷ്യയിൽ ഡോസ്റ്റോയെവ്സ്‌കിക്ക് ലഭിക്കുന്ന സ്‌നേഹവും ആദരവും നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുന്നിൽ ആയിരങ്ങളാണ് എത്തുന്നത്. ഇവിടെ ആണ്ടിലൊരിക്കലാണ് മൺമറഞ്ഞുപോയ സാഹിത്യകാരൻമാരെ ഓർമിക്കുന്നതുതന്നെ. കണ്ണൂർ പയ്യാമ്പലത്തെ സുകുമാർ അഴീക്കോട് സ്മാരകത്തിനും തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരകത്തിനുമൊക്കെ അവഗണനയാണെന്ന് പെരുമ്പടവം പറഞ്ഞു.
ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷനായി. കേരള കൗമുദി ന്യൂസ് എഡിറ്ററും കവിയുമായ ഡോ. ഇന്ദ്രബാബു ട്രസ്റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഴീക്കോട് സ്മാരക വിദ്യാഭ്യാസ ധനസഹായം മുഖ്യരക്ഷാധികാരി ഡോ.കെ.സുധാകരൻ വിതരണം ചെയ്തു. ഡോ.സി.എസ് കുട്ടപ്പൻ പേരക്കോട്, മേലാംകോട് സുധാകരൻ, രത്നകല രത്നാകരൻ, ജി.വി ദാസ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗങ്ങളായ ജയശ്രീ ഗോപാലകൃഷ്ണൻ സ്വാഗതവും കരമന ദിനേശ് നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |