പാലാ: ടൂറിസ്റ്റ് ഹോമിലെ മുറി തുറന്നെത്തിയ പാലാ എസ്.ഐ ജോർജിനെ കണ്ടിട്ടും 'ക്രൈം ബ്രാഞ്ച് ഡിവൈ. എസ്. പി. പ്രസാദ് തോമസിന് ' കുലുക്കമൊന്നുമുണ്ടായില്ല. എസ്.ഐയുടെ യൂണിഫോമിലെ സ്റ്റാറ് കണ്ട് തിരിച്ചറിഞ്ഞ വ്യാജ ഡിവൈ.എസ്.പി തന്നെ കണ്ടാൽ സല്യൂട്ട് അടിക്കണമെന്ന് അറിഞ്ഞു കൂടെ എന്ന് പേടിപ്പിക്കലും. ഇതു കേട്ടിട്ടും കൂസലില്ലാതെ നിന്ന എസ്.ഐ ജോർജിനു മുന്നിൽ 'ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ' ഒടുവിൽ പത്തി മടക്കി; ഒരബദ്ധം പറ്റിപ്പോയി സഹായിക്കണേ സാറേ എന്ന് എസ്.ഐ.യുടെ കാലുപിടിക്കാനും 'ഡിവൈ.എസ്.പി പ്രസാദ് ' തോമസ് മടിച്ചില്ല. പാലായിൽ 'ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി വിലസി നടന്ന മുൻ പൊലീസുകാരനെയാണ് പാലാ ഡിവൈ.എസ്. പി.കെ.ബി പ്രഫുല്ലചന്ദ്രനും സി.ഐ സുനിൽ തോമസും എസ്.ഐ കെ.എസ് ജോർജും ചേർന്ന് തന്ത്രപൂർവം പിടികൂടിയത്.
'ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ' ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും ടൗണിലെ ഒരു യുവാവിന്റെ വില കൂടിയ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ ( 49) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പാലാ പൊലീസ് പറഞ്ഞു.
ഒരു കേസന്വേഷണത്തിനായി പാലായിൽ രഹസ്യമായി ക്യാമ്പ് ചെയ്യാനെത്തിയതാണെന്നാണ് ടൂറിസ്റ്റ് ഹോം ജീവനക്കാരോട് പറഞ്ഞിരുന്നത്. ഇതിനിടെ പാലാ കാവനാൽ കുഞ്ഞുമോനെ ഡിവൈ.എസ്.പി എന്ന നിലയിൽ പരിചയപ്പെട്ടു. ഇന്നലെ പുലർച്ചെ കുഞ്ഞുമോന്റെ വീട്ടിലെത്തിയ പ്രസാദ്, വീട്ടുകാർ കാണാതെ തന്ത്രത്തിൽ കുഞ്ഞുമോന്റെ ഫോണും കൈക്കലാക്കിയാണ് മടങ്ങിയത്. ഫോൺ കാണാതെ വന്നപ്പോൾ കുഞ്ഞുമോൻ നടത്തിയ അന്വേഷണം പ്രസാദിലേക്കെത്തി. സംശയം തോന്നിയ കുഞ്ഞുമോൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രസാദിനെ പിടികൂടിയതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. 1993ൽ കണ്ണൂർ കെ.എ.പിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |