വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാനായുള്ള ബിൽ ഗേറ്റ്സിന്റെ സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെന്റ് (SCoPEx) എന്ന സോളാർ ജിയോ എൻജിനിയറിംഗ് പരീക്ഷണത്തിനുള്ള അനുമതി സ്വീഡിഷ് സ്‌പേസ് കോർപറേഷൻ റദ്ദാക്കി. പരീക്ഷണത്തിനെതിരെ നിരവധി ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി. ഈ പരീക്ഷണം എത്രത്തോളം ആവശ്യമാണെന്ന് വസ്തുതകൾ നിരത്തി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും എസ്.എസ്.സി പറയുന്നു. ജൂണിൽ ആർട്ടിക്കിലെ കിരൂണയിലുള്ള എസ്‌റാഞ്ച് സ്‌പേസ് സെന്ററിൽ നിന്നും പരീക്ഷണം നടത്താനായിരുന്നു പദ്ധതി. ചില വിവരങ്ങൾ ശേഖരിക്കുക മാത്രമായിരുന്നു ഈ പരീക്ഷണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
2010ൽ ഉരുത്തിരിഞ്ഞ ആശയം
2010ൽ നടത്തിയ ഒരു ടെഡ് ടോക്കിലാണ് സൂര്യപ്രകാശത്തെ ഭൂമിയിലെത്താതെ പ്രതിഫലിപ്പിച്ചുകൊണ്ട് ആഗോളതാപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും ചെറുക്കാമെന്ന ആശയം ബിൽ ഗേറ്റ്‌സ് അവതരിപ്പിച്ചത്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ചെറുസൂഷ്മകണികകൾ ഭൗമാന്തരീക്ഷത്തിൽ വിതറിയാണ് ഇത് സാദ്ധ്യമാക്കുക. ഭൂമിക്കായി മനുഷ്യർ എടുക്കുന്ന ഇൻഷുറൻസ് പോളിസിയാണിതെന്നായിരുന്നു ബിൽ ഗേറ്റ്‌സ് വിശേഷിപ്പിച്ചിരുന്നത്. ഹാർവാഡ് സർവകലാശാലയുടെ സോളാർ ജിയോ എൻജിനിയറിംഗ് ഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചത്.
പദ്ധതിയുടെ ലക്ഷ്യം
സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞുകൊണ്ട് ആഗോളതാപനത്തെ ചെറുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കാൽസ്യം കാർബണേറ്റ് ബലൂൺ അയച്ച് പ്രാഥമിക പരീക്ഷണം നടത്താനായിരുന്നു പദ്ധതി. അന്തരീക്ഷത്തിലെത്തുന്ന കാൽസ്യം കാർബണേറ്റിന്റെ സൂഷ്മകണികകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |