തിരുവല്ല: പലവിധ മതങ്ങളുടെയും സാരം ഒന്നാണെന്ന് സ്ഥാപിച്ചെടുത്ത ലോകഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻബാബു പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ മതാതീത ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലരും പലമതങ്ങൾ സ്ഥാപിച്ചെങ്കിലും ഇതിന്റെയെല്ലാം സാരാംശം ഒന്നാണെന്ന് ഗുരുദേവൻ ബോദ്ധ്യപ്പെടുത്തി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ മതപരിവർത്തനത്തിന് ശ്രമിച്ചപ്പോൾ ഗുരുദേവൻ സർവ്വമത സമ്മേളനം സംഘടിപ്പിച്ചു. മതങ്ങളുടെ സാരാംശം ജ്ഞാനികളുടെ പ്രഭാഷണത്തിലൂടെ അന്യോന്യം മനസിലാക്കാനായി ആലുവയിൽ 1924 ഫെബ്രുവരിയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനം ഏഷ്യയിലെ ആദ്യത്തേതാണ്. മതങ്ങൾ ഉണ്ടാകുന്നതിന് മുമ്പേ ആത്മീയത ഉണ്ടായി. പുരോഹിതവർഗമാണ് ഓരോ മതത്തിനും ആചാരാനുഷ്ഠാനങ്ങൾ ഉണ്ടാക്കിയത്. ഉള്ളിലുള്ള ദൈവത്തെ തിരിച്ചറിയുന്നതാണ് ആത്മസാക്ഷാത്കാരം. മതങ്ങളൊക്കെ സ്ഥാപിച്ചത് ഈ ലക്ഷ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സ്വാഗതം ആശംസിച്ചു. തിരുവല്ല യൂണിയന്റെ പരിധിയിലെ ശാഖാംഗങ്ങളായ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സമ്മേളനത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം,അനിൽ ചക്രപാണി,മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി,കെ.എൻ.രവീന്ദ്രൻ,സരസൻ ഓതറ, യൂണിയൻ പോഷകസംഘടനാ ഭാരവാഹികളായ അംബികപ്രസന്നൻ, സുധാഭായി, സനോജ് കളത്തുങ്കൽമുറി, അശ്വിൻ സുരേഷ്, സുജിത്ത്ശാന്തി, ദീപ അനീഷ്, ഷാൻ രമേശ്, വിശ്വനാഥൻ ഓതറ എന്നിവർ പ്രസംഗിച്ചു. ആത്മോപദേശശതകത്തെ ആസ്പദമാക്കി കുറിച്ചി അദ്വൈത വിദ്യാശ്രമംസെക്രട്ടറി സ്വാമി ധർമ്മചൈതന്യയും എസ്.എൻ.ഡി.പി യോഗത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് യോഗം കോട്ടയം യൂണിയൻ കൗൺസിലർ സജീഷ് കോട്ടയവും പ്രഭാഷണം നടത്തി.
കൺവെൻഷൻ നഗറിൽ ഇന്ന്
രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം : എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടർന്ന് മനുഷ്യമനസിനെ അപഗ്രഥിച്ച ഗുരു എന്ന വിഷയത്തിൽ ശിവഗിരി ധർമ്മസംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും ഉച്ചയ്ക്കുശേഷം കുടുംബജീവിതത്തിന്റെ ഉയർച്ച ഗുരുദേവ കാഴ്ചപ്പാടിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഇടുക്കി ധന്യന്തരൻ വൈദ്യനും പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |