SignIn
Kerala Kaumudi Online
Saturday, 08 May 2021 7.27 PM IST

മൺകുടിലിൽ നിന്നും ഐ ഐ എം പ്രൊഫസർ പദവിയിലേക്ക്; അതിജീവനത്തിന്റെ ജീവിതഗാഥയുമായി രഞ്ജിത്ത് ആർ പാണത്തൂർ

renjith

'എന്തു ചെയ്യണമെന്ന് പറഞ്ഞുതരുവാൻ ആരും ഉണ്ടായിരുന്നില്ല. ഒഴുക്കിൽപ്പെട്ട അവസ്ഥയായിരുന്നു, പക്ഷേ ഞാൻ നീന്തിതൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.' പാണത്തൂരിലെ മലയോരഗ്രാമത്തിലെ തന്റെ കുടിലിൽ നിന്നും ഐ.ഐ.എം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലെത്തിനിൽക്കുന്ന രഞ്ജിത്ത് ആർ. പനത്തൂർ എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണിത്. വളരെ ലളിതവും മനോഹരവുമായ ഈ വാക്കുകൾക്കിടയിൽ പരാധീനതകളോടും പ്രതിസന്ധികളോടും സന്ധിയില്ലാതെ പടവെട്ടിയ ഈ ചെറുപ്പക്കാരന്റെ ജീവിത കഥ ഒളിഞ്ഞിരിപ്പുണ്ട്. ഇച്ഛാശക്തിയുണ്ടങ്കിൽ ഏത് ഉയരവും കീഴടക്കാമെന്ന് തെളിച്ച രഞ്ജിത്തിന്റെ ജീവിതഗാഥ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ബംഗളുരു ക്രൈസ്റ്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഐ.ഐ.എമ്മിൽ നിന്നുള്ള അപ്പോയിമെന്റ് ലെറ്റർ ലഭിച്ചത്. 90 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രതിസന്ധികളിൽ തനിക്ക് താങ്ങായവർക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാൻ സാധിക്കുമെന്നാണ് രഞ്ജിത്ത് പറയുന്നതും സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നതും.

താൻ താമസിക്കുന്ന കുടിലിന്റെ ചിത്രം ഉൾപ്പടെ രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിന്റെ ധനകാര്യമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിൽ രഞ്ജിത്തിനെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തതോടെയാണ് ഈ പോരാട്ടത്തിന്റെ കഥ കൂടുതൽ പേർ അറിഞ്ഞത്. രഞ്ത്തിനെ ഐസക് രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന കെ.ആർ. നാരായണനോടാണ് ഉപമിച്ചിരിക്കുന്നത്. രഞ്ജിത്ത് നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്. തോറ്റു തുടങ്ങി എന്ന തോന്നൽ ജയിക്കണമെന്ന വാശിയയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയർന്ന്, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസർഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആർ പാണത്തൂർ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്. തോറ്റു തുടങ്ങി എന്ന തോന്നൽ ജയിക്കണമെന്ന വാശിയയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണ്.

ഇത്തരത്തിൽ അസാമാന്യമായ ഇച്ഛാശക്തിയോടെ പഠിച്ചു വളർന്ന് രാജ്യത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തെത്തിയ മഹാനായ കെ ആർ നാരായണനെപ്പോലുള്ളവരുടെ ജീവചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രതിസന്ധികളിൽ തളരാതെ, സാമൂഹിവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ അതിജീവിക്കാൻ വിദ്യാഭ്യാസം ആയുധമാക്കി പടവെട്ടുന്ന രഞ്ജിത്തിനെപ്പോലുള്ളവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറും. രഞ്ജിത്തിനും മാതാപിതാക്കൾക്കും അധ്യാപകർക്കും എല്ലാ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കുക. ലിങ്ക് കമന്റിലുണ്ട്.

“ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം....

ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു.....

എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.... എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു.... അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല...... ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു....

St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു.

അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു..... ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.

പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം.... വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം....”

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOMAS ISAAC, RANJITH R PANATHUR, SOCIAL MEDIA, FACEBOOK
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.