ചാരുംമൂട്: ഉക്രെയിനിൽ നിന്നു വിമാനമാർഗ്ഗം ചാരുംമൂട്ടിലെത്തിയ 'യാഹു'വിന്റെ കുര കേട്ടാൽ അല്പമൊന്നു ഞെട്ടാത്തവരില്ല നാട്ടിൽ. ഒന്നര വയസും മൂന്നു കിലോയുമാണ് കൈമുതലെങ്കിലും ചുരുങ്ങിയ നാളിനുള്ളിൽത്തന്നെ സ്ഥലത്തെ പ്രധാനിയായിരിക്കുകയാണ് യാഹു.
ചാരുംമൂട് ടൗണിനു സമീപം പാലമൂട് അമൃത ബിന്ദുവിൽ ആദർശ്, ഭാര്യ മാളവിക രാജേഷ് എന്നിവരാണ് ഉക്രെയിനിൽ നിന്ന് യാഹു എന്ന വിളിപ്പേരുള്ള നായക്കുട്ടിയെ നാട്ടിലെത്തിച്ചത്.
അവിടെ മെഡിക്കൽ ഉപരിപഠനം നടത്തുകയാണ് ഇരുവരും. ശൈത്യ രാജ്യങ്ങളിൽ മാത്രം കാണുന്ന യോർക്ക് ഷെയർ ടെരിയർ ഇനത്തിൽ പെട്ട നായയാണിത്. ദേഹം മൂടി നിൽക്കുന്ന രോമങ്ങളാണ് തണുപ്പിൽ ഇവയുടെ രക്ഷാ കവചം. വില ഒരു ലക്ഷത്തോളം വരും. പ്രത്യേക പാസ്പോർട്ട് വാങ്ങിയാണ് യാഹുവിനെ നാട്ടിലെത്തിച്ചത്. 6,000 കിലോമീറ്റർ യാത്ര ചെയ്താണ് എത്തിയതെങ്കിലും നാട്ടിലെ കാലാവസ്ഥയുമായി യാഹു വേഗം ഇണങ്ങിച്ചേർന്നു. കേൾവി ശക്തിയിലും കാഴ്ച ശക്തിയിലും കേമനാണ് യാഹു. അയൽവാസികൾ പേരു വിളിച്ചാൽ മതിലിനരികെയെത്തി കുരച്ച് കേൾപ്പിക്കുന്നത് ശീലമായിട്ടുണ്ട്. തിരികെ പോകുമ്പോൾ യാഹുവിനെ കൊണ്ടുപോകാനാണ് ദമ്പതികൾ തീരുമാനിച്ചിരുന്നതെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി വീട്ടിൽത്തന്നെ നിറുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |