ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി അതീവ ഗുരതരാവസ്ഥയിലെത്തി. രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾപോലും ഇല്ലാത്ത അവസ്ഥയാണ്. ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. 24 മണിക്കൂറിനിടെ 25,000 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്ന ആശങ്കയും നിലവിലുണ്ട്.
ഡൽഹിൽ കൊവിഡ് ബാധിതർക്കായി ഇപ്പോൾ 100ൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് ഉള്ളതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറയുന്നത്. കൊവിഡ് രോഗികൾക്ക് മാത്രമായുളള ആശുപത്രികൾ അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ടെസ്റ്റ് പോസിറ്റീവിറ്റി 24 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മൊത്തം 10,000 ആശുപത്രി കിടക്കകളിൽ 1,800 എണ്ണമാണ് കൊവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നത്.
സ്ഥിതി അതീവ ഗുരുതമായതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഓക്സിജൻ ക്ഷാമം പരിഹരിക്കാനുളള ശ്രമങ്ങൾ അതിവേഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികളും തുടരുകയാണ്. മരണസംഖ്യ ഏറിയതോടെ ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. പലയിടങ്ങളിലും മൃതദേഹങ്ങൾ കൂട്ടതോടെയാണ് സംസ്കരിക്കുന്നത്. സംസ്കാരത്തിന് കൂടുതൽ സ്ഥലം കണ്ടെത്തേണ്ട അവസ്ഥയാണെന്നാണ് അധികൃതർ പറയുന്നത്.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,61,500 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 18,01,316 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്കിനേക്കാൾ രോഗവ്യാപന തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 1,38,423 പേർ മാത്രമാണ് രോഗമുക്തി നേടിയത്. പ്രതിദിന മരണനിരക്കും കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1501 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 1,77,150 ആയി ഉയർന്നു.
കഴിഞ്ഞ ആറു ദിവസത്തിനിടെ രാജ്യത്ത് 11 ലക്ഷത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജനിതക വ്യതിയാനമാണ് കേസുകൾ കൂടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |