കൊച്ചി: ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പാസഞ്ചർ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന പട്ടം 2020-21 സാമ്പത്തിക വർഷവും നിലനിറുത്തി ഹ്യുണ്ടായ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 88ഓളം രാജ്യങ്ങളിലേക്ക് ഹ്യുണ്ടായ് 'മെയ്ഡ് ഇൻ ഇന്ത്യ" മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
വിതരണശൃംഖലയിൽ ഉൾപ്പെടെ കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും കഴിഞ്ഞവർഷം 1.04 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതി ഹ്യുണ്ടായ് ഇന്ത്യയിൽ നിന്ന് നടത്തി. മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, ചിലി, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇതിലുൾപ്പെടുന്നു. വെന്യൂ, ക്രെറ്റ എന്നിവ ഉൾപ്പെടെ 10 മോഡലുകളാണ് കമ്പനി ഇന്ത്യയിൽ നിന്ന് വിദേശ വിപണികളിൽ എത്തിക്കുന്നത്. കയറ്റുമതിയിൽ 30 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് കഴിഞ്ഞവർഷം ഹ്യുണ്ടായ് പിന്നിട്ടിരുന്നു.
ഇന്ത്യൻ നിർമ്മിത എസ്.യു.വി വില്പനയിൽ ഹ്യുണ്ടായ് 10 ലക്ഷം യൂണിറ്റുകളെന്ന നേട്ടവും കൈവരിച്ചു. ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായ്, ഇന്ത്യയിലും വിദേശത്തുമായി ക്രെറ്റ, വെന്യൂ, ടുസോൺ, സാന്റഫെ, ടെറാകാൻ എന്നിവയുടെ വില്പനയിലാണ് നേട്ടം കൊയ്‌തത്. 2015ൽ വിപണിയിലെത്തിയ ക്രെറ്റ ഇന്ത്യയിൽ ഇതുവരെ നേടിയത് 5.9 ലക്ഷം യൂണിറ്റുകളുടെ വില്പനയാണ്; വിദേശത്ത് 2.2 ലക്ഷവും. 2019ലെത്തിയ വെന്യൂ 1.8 ലക്ഷം ഉപഭോക്താക്കളെ ഇതുവരെ ഇന്ത്യയിൽ മാത്രം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |