തിരുവനന്തപുരം: കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡൽഹി കേരള ഹൗസിൽ പ്രവർത്തിച്ച മുൻ എം പി എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ. 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വർഷമാണ് ഈ പദവിയിലിരുന്ന് ശമ്പളവും മറ്റ് അലവൻസുകളും കൈപ്പറ്റിയത്. എൻ എസ് യു നേതാവ് വിനീത് തോമസ് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കുളള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷൻ ഓഫീസർ ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാർ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളിൽ എന്ത് ഇടപെടലാണ് സമ്പത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം സമ്പത്ത് എത്ര ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധി മറ്റ് ഉദ്യോഗസ്ഥരെ പോലെ ഹാജർ രേഖപ്പെടുത്താറില്ലെന്ന ഉത്തരമാണ് കേരള ഹൗസ് നൽകുന്നത്.
പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവൻസുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്പത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോൺ ചാർജ് ഇനത്തിൽ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തിൽ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ താമസ സൗകര്യത്തിനൊപ്പം സഹായിക്കാനായി ഉദ്യോഗസ്ഥരേയും അദ്ദേഹത്തിന് സർക്കാർ നൽകിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സമ്പത്ത് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചത്. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സൺ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ പ്രളയത്തെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ക്യാബിനറ്റ് റാങ്കോടെയുളള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവും ഉന്നയിച്ചിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്ക്കരിക്കുമെന്നായിരുന്നു യു ഡി എഫ് എം പിമാരുടെ ആഹ്വാനം.
2019 ഓഗസ്റ്റ് 13നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കൊവിഡ് വ്യാപന സമയത്ത് ഡൽഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തിൽ തുടർന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന, റെയിൽ സർവീസുകൾ നിർത്തിവച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. എന്നാൽ ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തുടർന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതമാണ് സമ്പത്ത് കൈപ്പറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |