SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.52 PM IST

കഷ്ടപ്പാടിൽ,​ മറുതുരുത്ത് തേടി രണ്ട് കുടുംബങ്ങൾ

Increase Font Size Decrease Font Size Print Page
lakshmanan-and-rugmini

  • 14 ഏക്കറിൽ പരന്നുകിടക്കുന്ന പുലയൻതുരുത്തിൽ അകപ്പെട്ട രണ്ട് കുടുംബങ്ങളുടെ കഷ്ടപ്പാടിന്റെ കഥ

മാള: ചുറ്റും വെള്ളം. കായലും ചാലും കണ്ടൽക്കാടും നിറഞ്ഞ 14 ഏക്കറിൽ ഭൂമിയങ്ങനെ പരന്നുകിടക്കുന്നു. പക്ഷേ താമസക്കാരായ രണ്ടേ രണ്ട് കുടുംബങ്ങൾക്ക് കിട്ടാക്കനിയായുള്ളത് കുടിവെള്ളവും സ്വൈരജീവിതവുമാണ്. പുത്തൻചിറ പഞ്ചായത്തിലെ വാർഡ് 12ലെ പുലയൻതുരുത്തിലെ ആലുങ്ങപ്പറമ്പിൽ പരേതനായ ശിവന്റെയും സഹോദരന്റെയും കുടുംബങ്ങൾ ദുരിതത്തിലാണ്.

പുത്തൻചിറ പഞ്ചായത്തിലെ കൊമ്പത്തുകടവിൽ നിന്ന് മുട്ടിക്കൽ വഴി രണ്ടര കിലോമീറ്റർ പോയി അവിടെ നിന്ന് മൂന്ന് കിലോമീറ്റർ വഞ്ചിയിൽ വേണം ഇവിടെയെത്താൻ. കുടിവെള്ളം, ചികിത്സ, റേഷൻ, നിത്യോപയോഗ സാധനങ്ങൾ, സ്‌കൂൾ, മറ്റ് ഓഫീസ് സേവനങ്ങൾ എല്ലാറ്റിനും വള്ളത്തിൽ കിലോമീറ്ററുകൾ താണ്ടണം.

കഴിഞ്ഞ പ്രളയത്തിൽ ഇവിടമാകെ മുങ്ങി. വെള്ളം വലിഞ്ഞപ്പോൾ മുമ്പില്ലാത്ത വിധം കിണറുകളിൽ നിറയെ ഉപ്പുവെള്ളമായി. വെള്ളം കൊണ്ടുവരണമെങ്കിൽ അരമണിക്കൂറിലേറെ സഞ്ചരിച്ച് പൊയ്യയിലെ അത്തിക്കടവിലെത്തണം. വേനൽ കടുത്തതോടെ കഴിഞ്ഞ മൂന്ന് മാസമായി കുടിക്കാനുള്ള വെള്ളത്തിനും ക്ഷാമമേറി.

ഇവിടെയുണ്ടായിരുന്ന പുലയ സമുദായക്കാർ അവിടം വിട്ടപ്പോളാണ് കുഡുംബി സമുദായക്കാരായ ഈ രണ്ട് കുടുംബങ്ങൾ മാത്രമായി ഇവിടെ കുടുങ്ങിപ്പോകുന്നത്. ശിവന്റെ ഭാര്യ കോമളവും രണ്ടാൺ മക്കളുമാണ് ഒരു കുടുംബത്തിൽ. ശിവന്റെ സഹോദരൻ ലക്ഷ്മണനും ഭാര്യ രുഗ്മിണിയും മകനും ഭാര്യയും മകളും മറ്റൊരു വീട്ടിൽ. 56 കാരിയായ കോമളവും കുടുംബവും ആറ് സെന്റിലും ഉണ്ണിക്കൃഷ്ണനും കുടുംബവും മൂന്ന് സെന്റിലുമാണ് താമസം.

" 35 വർഷം മുമ്പ് ഈ തുരുത്തിലേക്ക് വിവാഹം കഴിഞ്ഞാണെത്തിയത്". കോമളം പറയുന്നു. "പിന്നെ പുറം ലോകവുമായി വലിയ ബന്ധമില്ല. മക്കൾക്ക് വിവാഹ പ്രായമായെങ്കിലും ഇങ്ങോട്ട് കെട്ടിച്ചയക്കാൻ ആരും തയ്യാറാവുന്നില്ല. തുരുത്തിൽ നിന്ന് പുറത്ത് വീട് വച്ച് താമസിക്കണമെന്നാണിപ്പോൾ ആഗ്രഹം. കുടിവെള്ളത്തിന് മാത്രമല്ല എല്ലാറ്റിനും മൂന്ന് കിലോമീറ്റർ വള്ളത്തിൽ പോകണം". കോമളം പറയുന്നു. പരമ്പരാഗതമായി മത്സ്യബന്ധനമാണ് പ്രധാന ഉപജീവനമാർഗം. ഇപ്പോൾ മത്സ്യം ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. ചുറ്റുമുള്ള സ്ഥലങ്ങൾ ആരുടേതാണെന്ന് ഇവർക്കറിയില്ല. മറ്റാരും ഇല്ലാത്തതിനാൽ നിത്യോപയോഗത്തിനുള്ള തേങ്ങയും മറ്റും ഇവിടെ നിന്ന് ലഭിക്കും.

തുരുത്തിൽ നിന്ന് എത്തിപ്പെടാവുന്ന അടുത്ത സ്ഥലങ്ങൾ അത്തിക്കടവ്, കൊടുങ്ങല്ലൂർ ചാപ്പാറ മുത്തിക്കടവ്, കൊമ്പത്തുകടവ് എന്നിവിടങ്ങളാണ്. മത്സ്യം വിൽക്കാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും ഇവിടെയെത്തണം.

സ്ഥലത്തിന്റെ വില സെന്റിന് 15,000 രൂപയാണ്. മറ്റ് കുടുംബങ്ങളെല്ലാം എവിടേയ്ക്കോ പോയി. എറണാകുളത്തെ പിഴല തുരുത്തിൽ നിന്നാണ് വിവാഹം കഴിച്ചത്. സ്‌കൂളിൽ ഏഴ് വരെ പഠിക്കാൻ പോയത് ചാപ്പാറയിലാണ്.

ഉണ്ണിക്കൃഷ്ണൻ

ഗ്രാമസഭകൾ അടക്കമുള്ളവ അറിയിക്കുന്നതിന് തുരുത്തിലെത്താറുണ്ട്. ഇവരുടെ ജീവിതം പ്രയാസമാണ്. ഇത്ര പ്രയാസത്തിലും വോട്ടവകാശം വിനിയോഗിക്കാറുണ്ട്. പുറത്ത് വീട് നിർമ്മിക്കണമെന്ന ആവശ്യം ഇപ്പോഴാണ് അവർ അറിയിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായത് ചെയ്യും.

വാസന്തി സുബ്രഹ്മണ്യൻ

വാർഡ് മെമ്പർ

TAGS: LOCAL NEWS, THRISSUR, PULAYANTHURUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY