കാലഡോൺ: ദക്ഷിണ പസഫിക്കിലെ ന്യൂ കാലെഡോണിയൻ ദ്വീപിൽ വളരുന്ന ഒരു മരമുണ്ട്. അതിനടുത്തേക്ക് മനുഷ്യരാരും പോകാൻ ധൈര്യപ്പെടാറില്ല. മറ്റൊന്നുംകൊണ്ടല്ല മരത്തിന്റെ തടി മുറിച്ചാൽ പച്ച നിറത്തിൽ തിളങ്ങുന്ന കട്ടിയേറിയ ഒരു പശ പുറത്തുവരും. ഇത് മനുഷ്യന് ഹാനികരമായ ഒരു ലോഹത്തിന്റെ സാന്നിദ്ധ്യം ആ തടിയിലുളളതുകൊണ്ടാണ്. നിക്കൽ എന്ന ലോഹമാണത്. പൈക്ക്നാൻഡ്രാ അക്യുമിനാറ്റ എന്ന് പേരുളള ഈ മരത്തിന്റെ തടിയിൽ 25 ശതമാനവും നിക്കൽ ആണ്.
ശ്വസനത്തിലൂടെയോ തൊലിയിലൂടെയോ വായിലൂടെയോ ഇത്രയളവ് നിക്കൽ ഉളളിൽചെന്നാൽ മനുഷ്യന് ജീവഹാനിയോ അലർജിയോ ഗുരുതര രോഗങ്ങളോ ഉറപ്പാണ്. സാധാരണ എല്ലാ ചെടികളിലും മരങ്ങളിലും നിക്കൽ അടങ്ങിയിട്ടുണ്ടെങ്കിലും അത് വളരെ നേർത്ത അളവിൽ മാത്രമാണ്. അതിനാൽ അപകടമില്ല. എന്നാൽ ഹൈപ്പർ അക്യുമുലേറ്ററുകൾ എന്നറിയപ്പെടുന്ന മരങ്ങളിൽ നിക്കൽ അളവ് കൂടുതലായിരിക്കും. ഇത്തരത്തിൽ 700 ഇനം ചെടികളും മരങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ മരത്തിന്റെ തടി ഉണക്കി കത്തിച്ചാൽ വളരെ സമ്പന്നമായ ലോഹ അയിര് ഉൽപാദിപ്പിക്കാൻ അതിനാവും. ഇത്തരത്തിൽ ചെറിയ ഊർജം കൊണ്ട് പരമ്പരാഗതമായ വലിയ തോതിൽ മലിനീകരണമുണ്ടാക്കുന്ന ഖനനത്തിൽ ലഭിക്കുന്നതിലും കൂടുതൽ ലോഹ അയിര് മരം നൽകുന്നു.
20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മഴക്കാടുകളിൽ മാത്രം വളരുന്ന വലിയൊരു മരമാണ് പൈക്ക്നാൻഡ്രാ അക്യുമിനാറ്റ.
ഈ മരം വളരെ പതുക്കെയാണ് വളരുന്നത്. പതിറ്റാണ്ടുകളെടുത്താണ് പൂക്കളോ കായ്കളോ ഉണ്ടാകുന്നത്. വനനശീകരണവും ഖനനവും മൂലം ഈ മരം വംശനാശ ഭീഷണി നേരിടുകയാണ്.സാധാരണ ജീവികൾക്കും എന്തിന് മരങ്ങൾക്ക് പോലും അപകടകരമായ അളവിൽ നിക്കലിന്റെ അംശമുണ്ടായിട്ടും മരം കുഴപ്പമില്ലാതെ വളരുന്നതിന്റെ കാരണം പഠനവിധേയമാക്കുകയാണ് ഗവേഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |