കെ.ജി-ഡി6ലെ രണ്ടാംസെറ്റ് പദ്ധതിയിലും ഉത്‌പാദനം തുടങ്ങി
ന്യൂഡൽഹി: പ്രകൃതിവാതകത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്‌തതയിലേക്കുള്ള കുതിപ്പിന് പുത്തനുണർവ് പകർന്ന് ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശിലെ കാക്കിനാടാ തീരത്ത് കൃഷ്‌ണ ഗോദാവരി ധീരുഭായ് - 6 (കെ.ജി - ഡി6) ബ്ളോക്കിലെ രണ്ടാംസെറ്റ് പദ്ധതിയായ 'സാറ്റലൈറ്റ് ക്ളസ്‌റ്ററിലും" ഉത്‌പാദനം ആരംഭിച്ച് റിലയൻസ് ഇൻഡസ്‌ട്രീസും ബി.പിയും (ബ്രിട്ടീഷ് പെട്രോളിയം). ആദ്യ ബ്ളോക്കായ ആർ-ക്ളസ്‌റ്ററിലെ ഉത്‌പാദനം ഡിസംബറിൽ ആരംഭിച്ചിരുന്നു.
2,000 മീറ്റർ താഴെയുള്ള ഗ്യാസ് ഫീൽഡിൽ മൂന്നു പദ്ധതികളാണ് റിലയൻസ്-ബി.പി സ്ഥാപിച്ചിട്ടുള്ളത്. എം.ജെയാണ് മൂന്നാംപദ്ധതി. മൂന്നു പദ്ധതികളും കൂടി 2023ഓടെ ഇന്ത്യയുടെ മൊത്തം ഗ്യാസ് ഉപഭോഗത്തിന്റെ 15 ശതമാനം ശേഷി കൈവരിക്കുമെന്നാണ് കരുതുന്നത്. കാക്കിനാടായിലെ നിലവിലെ ടെർമിനലിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് പുതിയ ബ്ളോക്കുകൾ.
ഗ്യാസ് ഇറക്കുമതിയും അതുവഴിയുണ്ടാകുന്ന അമിത സാമ്പത്തിക ബാദ്ധ്യതയും കുറയ്ക്കാൻ ഇന്ത്യയ്ക്ക് സഹായകമാകുന്നതാണ് പദ്ധതികൾ. 2021ഓടെ ആർ-ക്ളസ്‌റ്ററിലെ ഉത്പാദനം പ്രതിദിനം 12.9 മില്യൺ സ്‌റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എം.എം.എസ്.സി.എം.ഡി) ആകുമെന്ന് വിലയിരുത്തപ്പെടുന്നു. സാറ്റലൈറ്റ്‌സ് ക്ളസ്‌റ്ററിൽ 2021ലും എം.ജെയിൽ 2022ലും ഉത്പാദനം തുടങ്ങും. 2023ഓടെ മൂന്നു പദ്ധതികളുടെയും സംയുക്തോത്പാദനം 30 എം.എം.എസ്.സി.എം.ഡിയാകും. ഇത്, ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 25 ശതമാനമായിരിക്കും.
കെ.ജി - ഡി6
തീരത്തുനിന്ന് അകലെ, റിലയൻസിന്റെ ആദ്യ പ്രകൃതിവാതക പ്രൊജക്‌ടാണ് കൃഷ്‌ണ ഗോദാവരി ധീരുഭായ് - 6 (കെ.ജി - ഡി6). 2002ലാണ് കണ്ടെത്തിയത്. സമുദ്രാന്തർ ഭാഗത്ത് കമ്പനിയുടെ ആദ്യ പദ്ധതിയുമാണിത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രകൃതിവാതക സമ്പത്തുള്ളത് ഇവിടെയാണ്.
₹40,000 കോടി
റിലയൻസും ബി.പിയും ചേർന്ന് കെ.ജി-ഡി6 ബ്ളോക്കിലെ മൂന്നു പദ്ധതികൾക്കുമായി 40,000 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. കെ.ജി-ഡി6ന്റെ 66.67 ശതമാനം വിഹിതവും റിലയൻസിന്റേതാണ്. 33.33 ശതമാനം ബി.പിയുടേതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |