SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.07 PM IST

രൂക്ഷം രണ്ടാംതരംഗം

Increase Font Size Decrease Font Size Print Page
tt

നാട്ടിൻ പുറങ്ങളിൽ അതിവേഗം പടരുന്നു

പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗം ജില്ലയിൽ ആഞ്ഞുവീശുന്നത് നാട്ടിൻപുറങ്ങളിൽ. പോസിറ്റീവ് കേസുകളിൽ ഏറെയും വ്യാപിക്കുന്നത് ഗ്രാമങ്ങളിലും ആളുകൾ കൂട്ടംകൂടി താമസിക്കുന്ന പ്രദേശങ്ങളിലുമാണെന്ന് ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ പറഞ്ഞു. രണ്ടാംതരംഗം കൂടുതലും ഗ്രാമങ്ങളിലായതിനാൽ ആദ്യ തരംഗത്തിലെ പ്രതിരോധത്തേക്കാൾ വേഗത്തിലുള്ള നടപടികളാണ് വേണ്ടത്.

ഗ്രാമങ്ങളിൽ കൊവിഡ് വ്യാപിച്ചാൽ പ്രതിരോധം വലിയ വെല്ലുവിളിയാണ്. രാത്രികാല കർഫ്യു ഗ്രാമങ്ങളിൽ കർശനമായി നടപ്പാക്കണം.

ഗ്രാമങ്ങളിൽ ഇടവഴികളിലും വീടുകളിലും ആളുകൾ കൂട്ടംകൂടുന്നത് പതിവാണ്. ഇത് പൂർണമായും ഒഴിവാക്കണം. മല്ലപ്പള്ളി, ആനിക്കാട്, സീതത്തോട്, വെച്ചൂച്ചിറ, പള്ളിക്കൽ ഗ്രാമ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നിരോധനാജ്ഞ അടക്കമുള്ള ശക്തമായ നടപടികളിലേക്ക് കടന്നത്. കൊവിഡ് പോസിറ്റീവ് ആകുന്നവർ വീടുകളിലെ മുറികളിൽ അടച്ചിരിക്കണം. വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ കുടുംബാംഗങ്ങളിലേക്കും പകരുന്ന പ്രവണതയാണ് രണ്ടാം തരംഗത്തിൽ കാണുന്നത്. ഇത് ഒഴിവാക്കണമെങ്കിൽ പോസിറ്റീവ് ആകുന്ന ആദ്യ അംഗം മറ്റ് കുടുംബാംഗങ്ങളുമായി അകന്നുകഴിയണം.

ഒരു ദിവസം 25ൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടകുന്നതും വ്യാപനത്തിന്റെ തീവ്രത കൂടുന്നതുമായ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

സജ്ജം സന്നാഹങ്ങൾ

സർക്കാർ ആശുപത്രികൾ

ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വ്യാപനത്തേക്കാൾ വേഗത്തിൽ പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടന്നു. ഒാക്സിജൻ സൗകര്യങ്ങളോടെയുള്ള കിടക്കകളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും (സി.എഫ്.എൽ.ടി.സി) ഒരുക്കുകയാണ്. പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും എല്ലാ കിടക്കകളും കൊവിഡ് രോഗികൾക്കായി മാറ്റിയിട്ടു. രണ്ടിടത്തുമായി 60 ഐ.സി.യുകളും 65 വെന്റിലേറ്ററുകളും സജ്ജമായി. 250 ഒാക്സിജൻ കിട‌ക്കകൾ ഒരുക്കിയിട്ടുണ്ട്. സെക്കൻഡറി പരിശോധനാ കേന്ദ്രങ്ങളിൽ 60 ഒാക്സിജൻ കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്.

സർക്കാർ ആശുപത്രികളിൽ 369 ഒാക്സിജൻ കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. അത് 500ലേക്ക് എത്തിക്കും. നിലവിൽ 111 രോഗികൾ ഒാക്സിജൻ കിടക്കകളിലുണ്ട്.

സ്വകാര്യ ആശുപത്രികൾ

98 ഒാക്സിജൻ കിടക്കകൾ മാറ്റിയിട്ടു. കൊവിഡ് രോഗികൾക്കായി ആകെ 475 കിടക്കകളുണ്ട്.

കെയർ സെന്റർ

കൊവിഡ് ലക്ഷണം ഇല്ലാത്ത രോഗികളെ ഡൊമസിലിയറി കെയർ സെന്ററുകളിലേക്ക് (ഡി.സി.സി) മാറ്റും. വീടുകളിൽ റൂം ക്വാറന്റൈൻ സൗകര്യം ഇല്ലാതെ ആശുപത്രികളിൽ എത്തിയവരാണ് ഇവർ.

1500 രോഗികളായി ഉയരും

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന ഇൗ മാസം അവസാനത്തോടെ ജില്ലയിലെ രോഗികളുടെ എണ്ണം ഒരു ദിവസം 1500 എന്ന നിലയിലേക്ക് ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. രണ്ടാം വ്യാപനത്തിന്റെ തുടക്കത്തിൽ നടത്തിയ കൂട്ടപ്പരിശോധനയിൽ രോഗികളുടെ എണ്ണം അയിരത്തിന് മുകളിൽ എത്തിയിരുന്നു.

--------------------

'' ഗ്രാമങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണം. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടവഴികളിൽ പോലും കൂട്ടംകൂടി നിൽക്കരുത്. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ ഉടനെ അടുത്ത കുടുംബാംഗത്തിലേക്ക് എന്നതാണ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനത്തിന്റെ പ്രത്യേകത.

ഡോ. എബി സുഷൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY