SignIn
Kerala Kaumudi Online
Friday, 26 April 2024 7.53 AM IST

പ്രകാശിന് എല്ലാം ഉമ്മൻ ചാണ്ടി ആയിരുന്നു; ജനവിധിക്ക് കാത്തുനിൽക്കാതെ ജനനായകൻ വിടപറയുമ്പോൾ

vv-prakash

മലപ്പുറം: ആർഭാടങ്ങളും ചമയങ്ങളുമില്ലാതെ ജീവിച്ച ശുഭ്രവസ്ത്രം പോലെ കറയില്ലാതെ പ്രവർത്തിച്ച കോൺഗ്രസുകാരൻ. അർഹമായത്‌ പലതും നിരസിക്കപ്പെട്ടപ്പോഴും നിരാശയില്ലാതെ നേതാവാകേണ്ടിടത്ത്‌ നേതാവായും അനുയായിയാകേണ്ടിടത്ത്‌ അച്ചടക്കമുളള അണിയായും മരണം വരെ കോൺഗ്രസിനൊപ്പം നിന്ന വ്യക്തിയാണ് വി വി പ്രകാശ്. നിലമ്പൂരിൽനിന്നും വിജയശ്രീലാളിതനായി നിറഞ്ഞ ചിരിയോടെ കൈവീശുന്ന താടിക്കാരനെ കാണാൻ കോൺഗ്രസ് അണികളും നേതാക്കളും വല്ലാതെ കൊതിച്ചിരുന്നു എന്ന് മനസിലാക്കാൻ ഈ പ്രഭാതത്തിലെ അവരുടെ വൈകാരികമായ വർത്തമാനം മാത്രം കേട്ടാൽ മതിയാകും.

പ്രകാശിന് എല്ലാം ഉമ്മൻ ചാണ്ടി ആയിരുന്നു. ഗ്രൂപ്പിനുളളിലെ തർക്കങ്ങൾ പലപ്പോഴും പ്രകാശിന് സ്ഥാനമാനങ്ങൾ നഷ്‌ടപ്പെടുത്തി. വിട്ടുവീഴ്‌ചകൾക്ക് തയ്യാറായി അടിയുറച്ച 'എ' ക്കാരനായി തുടർന്നു. ഇത്തവണ പക്ഷെ പ്രകാശിന് സീറ്റ് നൽകുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടി ഉറച്ച് നിന്നു.

മലപ്പുറത്തെ കോൺഗ്രസിലെ ജനകീയമുഖം എന്നതിനു പുറമെ കറപുരളാത്ത ആദർശരാഷ്ട്രീയത്തിന്റെ മുഖം കൂടിയായിരുന്നു പ്രകാശ്. ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ഉറച്ചവക്താവായിരുന്ന അദ്ദേഹം നിശബ്‌ദനായാണ് ജനങ്ങൾക്കിടയിൽ ഇറങ്ങിപ്രവർത്തിച്ചത്. രാഷ്ട്രീയ എതിരാളികൾക്കുപോലും വ്യക്തിപരമായി എതിർപ്പ് പറയാനില്ലാത്ത നേതാവായിരുന്നു പ്രകാശ്. രാഷ്ട്രീയരംഗത്തെ സൗമ്യതയുടെ ആൾരൂപം എന്നും വേണമെങ്കിൽ പറയാം.

കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിൽ ജനിച്ച അദ്ദേഹം കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽനിന്ന് നിയമബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്‌‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

vv-prakash

ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ പൊന്നുപോലെ കാത്ത മണ്ഡലമാണ് നിലമ്പൂർ. എന്നാൽ, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടന്റെ മകൻ ആര്യാടൻ ഷൗക്കത്തിന് മണ്ഡലം ഇടതുപക്ഷ സ്വതന്ത്രനായ പി.വി അൻവറിന് മുന്നിൽ അടിയറവയ്‌ക്കേണ്ടിവന്നു. അതും 11,504 വോട്ടുകൾക്ക്. പിന്നീട് മണ്ഡലം കേന്ദ്രീകരിച്ച് അൻവർ നടത്തിയത് ചിട്ടയായ പ്രവർത്തനങ്ങളാണ്. ഇതോടൊപ്പം പ്രാദേശിക കോൺഗ്രസ്, യു.ഡി.എഫ് ഘടകങ്ങളിൽ നിലനിൽക്കുന്ന വിഭാഗീയത മുതലെടുക്കാനും അൻവറിനായിരുന്നു. ഇതിന്റെ ഫലമായാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മുൻസിപ്പാലിറ്റി യു.ഡി.എഫിന് നഷ്ടമായത്. ആ ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു അൻവർ വീണ്ടും മത്സരത്തിനൊരുങ്ങിയത്.

ഇതിനെല്ലാമായുളള പരിഹാരമായാണ് ജില്ലയിൽ യു.ഡി.എഫ് സംവിധാനത്തെയും കോൺഗ്രസ് പാർട്ടിയെയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ മുന്നിൽനിന്നു നയിച്ച് സർവസമ്മതി നേടിയ വി.വി പ്രകാശ് നിലമ്പൂരിൽ അങ്കംകുറിക്കാനെത്തിയത്. വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ വൻഭൂരിപക്ഷത്തിന് തന്നെ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം പ്രകാശും യു.ഡി.എഫ് ക്യാമ്പും. എന്നാൽ ഈ അപ്രതീക്ഷിതമായ വിയോഗം നേതാക്കളെയും പ്രവർത്തരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. പ്രകാശിനു പകരം പ്രകാശ് മാത്രമെന്നത് തന്നെയാണ് അതിനു കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VV PRAKASH, VV PRAKASH DEATH, UDF, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.