കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് വെട്ടിനുറുക്കപ്പെട്ടിട്ട് ഇന്ന് ഒമ്പത് വർഷം തികയുമ്പോൾ വടകര സാക്ഷിയാവുന്നത് മറ്റൊരു ചരിത്രത്തിനാണ്. ഇടതിനെയല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ കെ രമയിലൂടേയും ആർ എം പിയിലൂടെയും യു ഡി എഫിന് വഴിതുറന്നിരിക്കുകയാണ്.
ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അന്നു മുതൽ കൊലപാതക രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലത്തിൽ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ജയിച്ചുകയറിയത് സി പി എമ്മിന് ഏൽക്കുന്ന രാഷ്‌ട്രീയ തിരിച്ചടി കൂടിയാണ്. ആർ എം പി എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കൽ കൂടെ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ് ചന്ദ്രശേഖരന്റെ ഒമ്പതാം ചരമവാർഷികത്തിൽ. ഈ വിജയവും തുടർചർച്ചകളും സി പി എമ്മിന് സഹിക്കാവുന്നതിനും അപ്പുറമാണ്.
മറ്റെന്തിനെക്കാളും പ്രതിപക്ഷ ബെഞ്ചിലെ രമയുടെ സാന്നിദ്ധ്യം സി പി എമ്മിനെ അസ്വസ്ഥതപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുളളവരെ രമ എത്തരത്തിൽ സഭയ്‌ക്കകത്ത് നേരിടുമെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. യു ഡി എഫിന്റെ മാസ് എം എൽ എയായ രമയെ സി പി എമ്മിന്റെ യുവരക്തങ്ങൾ എങ്ങനെ നേരിടുമെന്ന് വ്യക്തമാകാൻ സഭ തുടങ്ങുന്നത് വരെ കാത്തിരിക്കണം.
പത്ത് വനിത എം എൽ എമാരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുവന്നിരിക്കുന്നത്. എന്നാൽ യു ഡി എഫിലെ ഏക വനിതാ പ്രാതിനിധ്യമാണ് രമയുടേത്. തങ്ങളുടെ പക്ഷത്തെ വനിതകളെ ഇറക്കിയാകുമോ രമയെ പ്രതിരോധിക്കാൻ സി പി എം മുതിരുക എന്നും കണ്ടറിയണം. ചന്ദ്രശേഖരനെ പിണറായി കുലംകുത്തിയായി വിശേഷിപ്പിച്ചപ്പോഴും അദ്ദേഹത്തോടുളള അടുപ്പവും സ്‌നേഹവും വിങ്ങലുമെല്ലാം നെഞ്ചിൽ പേറി നടന്ന ധാരാളം നേതാക്കൾ സി പി എമ്മിലുണ്ടായിരുന്നു. രമ ശത്രു പാളയത്തിൽ നിന്ന് പട പൊരുതി നിയമസഭയിൽ എത്തുമ്പോൾ ചില സി പി എം എം എൽ എമാർക്കെങ്കിലും അത് സന്തോഷം ഉളവാക്കുന്നുണ്ട്. എന്നാൽ പാർട്ടി ചട്ടക്കൂടിന് അപ്പുറം അവർക്ക് ശബ്‌ദിക്കാനാകില്ല.
മേയ് രണ്ടിന് ഫലം വരുമ്പോൾ അത് വടകരയിൽ ടി പി ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുളള പകരം വീട്ടലായിരിക്കുമെന്നായിരുന്നു കെ കെ രമ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരുന്നത്. മത്സരിച്ചത് ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലോടെയാണ് സി പി എം വടകരയിൽ ഇറങ്ങിക്കളിച്ചത്. ഓരോ ചുവടിലും അടവിലും സി പി എമ്മിന്റെ മേൽനോട്ടമുണ്ടായിരുന്നു. കാരണം വടകരയിൽ തോൽക്കുകയെന്നാൽ ടി പി ചന്ദ്രശേഖരനോട് തോൽക്കുക എന്നാണ്. അതുകൊണ്ടുതന്നെ മൂന്നു രമമാരാണ് അപരമാരായി വടകരയിൽ എത്തിയത്. അങ്ങനെ ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് രമ ചോദിച്ചത്.
ടി പിയുടെ മറ്റൊരു ഓർമ്മദിനം കടന്നുപോകുമ്പോൾ മലബാറിലും കേരള നിയമസഭയിലും സി പി എമ്മിന്റെ പരിഭ്രാന്തിയായി മാറുകയാണ് കെ കെ രമ. സംസ്ഥാനത്ത് ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും മലയാളിയുടെ മനസിലേക്ക് എത്തുക രമയുടെ വിഷമം നിറഞ്ഞ മുഖമാണ്. അതുകാണുമ്പോൾ കൂടുതൽ സങ്കടത്തിലേക്കാണ് ശരാശരി മലയാളി വീണുപോകുന്നത്. ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും രാഷ്ട്രീയം നോക്കാതെ അവിടെ എത്തുന്നതാണ് രമയുടെ രാഷ്ട്രീയം. ആ ഓരോ യാത്രയും ടി പി ചന്ദ്രശേഖരനെപ്പറ്റി മലയാളിയെ ഓർമ്മിപ്പിക്കുന്നു എന്നതാണ് സി പി എമ്മിന്റെ തീരാദു:ഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |