ന്യൂഡൽഹി : കൊവിഡ് വ്യാപനം രണ്ടാം തരംഗത്തിൽ രാജ്യത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. കൊവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ ശ്വാസ തടസവും, ഓക്സിജൻ ക്ഷാമവുമാണ് ആരോഗ്യമേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയത്. ഇതിനൊപ്പം കേന്ദ്രം പി എം കെയർ പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് കൈമാറിയ വെന്റിലേറ്ററുകൾ പ്രവർത്തന രഹിതമാണെന്ന് വിവരവും പുറത്തു വന്നിരുന്നു. പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്. ഇതേ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു.
ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന പഞ്ചാബിലും രാജസ്ഥാനിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെ ഇത്തരത്തിൽ ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ അതിൽ രാഷ്ട്രീയം കണ്ടവരും ഏറെയാണ്. ഇന്ത്യയിൽ നിർമ്മിക്കുന്നത് ചാത്തൻ വെന്റിലേറ്ററുകളാണെന്ന ആരോപണം പോലും രാജസ്ഥാനിലെ മന്ത്രിസഭയിലെ ഒരംഗം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രം കൈമാറിയ വെന്റിലേറ്ററുകൾ കൃത്യസമയത്ത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതും, പ്രവർത്തിപ്പിക്കുന്നതിലെ പരിചയക്കുറവുമെല്ലാമാണ് ഉപകരണങ്ങൾ തകരാറിലാവാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബിൽ പിഎം കെയേഴ്സ് ഫണ്ട് വഴി ലഭിച്ച 320 വെന്റിലേറ്ററുകളിൽ 237 എണ്ണത്തോളം പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് പി എം കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ അനസ്‌തെറ്റിസ്റ്റുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ്.
പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി (പിഎം കെയേഴ്സ്) പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് യുദ്ധകാല അടിസ്ഥാനത്തിൽ വിതരണം ചെയ്ത ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് ഉപകരണങ്ങൾ കേടാകുന്നതിലേക്ക് നയിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപെടുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കത്തെഴുതിയിട്ടുമുണ്ട്.
കഴിഞ്ഞ വർഷം കൊവിഡ് വ്യാപന സമയത്താണ് രാജ്യം വെന്റിലേറ്ററുകളുടെ കാര്യത്തിൽ പിന്നോട്ടാണെന്ന് മനസിലാക്കി സംസ്ഥാനങ്ങൾക്ക് അവ നൽകാൻ കേന്ദ്രം തീരുമാനിക്കുന്നത്. എന്നാൽ ഇപ്പോൾ പരിശോധിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നൽകിയവയുടെ എണ്ണത്തിലും, അവർ ആശുപത്രിയിൽ സ്ഥാപിച്ചതിന്റെ എണ്ണത്തിലും വലിയ വിടവ് കാണാനാവും. വെയർ ഹൗസുകളിൽ ഏറെ നാൾ കെട്ടിക്കിടന്ന ശേഷമാണ് ഇവ ആശുപത്രിയിൽ സ്ഥാപിക്കപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കൊവിഡ് 19 രാജ്യത്ത് റിപ്പോർട്ട് ചെയ്ത ശേഷം 60,858 വെന്റിലേറ്ററുകൾ കേന്ദ്രം സംഭരിച്ചു. ഇതിൽ 58,850 എണ്ണം ഇന്ത്യയിൽ നിർമ്മിച്ചവയാണ്. പിഎം കെയേഴ്സ് സ്‌കീം പ്രകാരം 49960 വെന്റിലേറ്ററുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് അയച്ചത്. എന്നാൽ ഇവയിൽ 32,719 എണ്ണം മാത്രമാണ് ഏപ്രിൽ ആറിന് മുൻപായി ഇൻസ്റ്റാൾ ചെയ്തത് എന്നാണ് ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾ ഏറെ ശ്രദ്ധ നൽകേണ്ടതാണെങ്കിലും പലപ്പോഴും അതിൽ വീഴ്ച സംഭവിച്ചിരിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |