സ്ത്രീധനം വാങ്ങുന്നവർക്ക് ജോലിയില്ലെന്ന് ഏരീസ് ഗ്രൂപ്പ്. 'ആന്റി ഡൗറി സെൽ ' രൂപീകരിക്കും.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവർക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു.
മൂന്നു മാസങ്ങൾക്ക് മുൻപ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 'ആന്റി ഡൗറി പോളിസി ' യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴിൽ കരാറിന്റെ ഭാഗമാക്കി. സ്ഥാപനത്തിലെ വനിതാജീവനക്കാർക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, അതിലെ നിയമപരമായ അനുബന്ധ നടപടികൾ സ്ഥാപനം ഏറ്റെടുക്കുമെന്ന് നയരേഖയിൽ സ്ഥാപനമേധാവി ഡോ.സോഹൻ റോയ് പറയുന്നു.
നിലവിലുള്ള തൊഴിൽ കരാർ പുതുക്കുന്ന ജീവനക്കാർക്കും പുതിയതായി ജോലിക്ക് കയറുന്നവർക്കും 'സ്ത്രീധന നിരാകരണ സമ്മതപത്രവും' ഒപ്പിട്ടു നൽകേണ്ടിവരും. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കും. പരിഷ്‌കൃത സമൂഹത്തിലെ കാൻസറായി നിലനിൽക്കുന്ന സ്ത്രീധന സംസ്‌കാരത്തെ പാടെ തുടച്ചു മാറ്റാൻ സാധിച്ചില്ലെങ്കിലും അതു തങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്.
ഇവയൊന്നും പുതിയതായി നടപ്പാക്കിയ നയപരിപാടികൾ അല്ല. ജീവനക്കാരുടെ തൊഴിലില്ലാത്ത വീട്ടമ്മമാർക്ക് ശമ്പളം നൽകുന്നത് ഉൾപ്പെടെയുള്ള സ്ത്രീ ശാക്തീകരണ പരിപാടികളുടെ തുടർച്ചയാണെന്നും ഏരീസ് മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ നയരേഖയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
1. സ്ത്രീധനം സ്വീകരിക്കുകയോ നൽകുകയോ ചെയ്യുന്നത് നിയമപരമായും സാമൂഹികപരമായും ഒരു കുറ്റമായി കണക്കാക്കപ്പെടുന്നു.അതിനാൽ, ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ 'സ്ത്രീധന വിരുദ്ധ നയം ' അടിയന്തര പ്രാധാന്യത്തോടെ ബാധകമാക്കിയിരിക്കുന്നു.
ഇതനുസരിച്ച്, ഭാവിയിൽ സ്ത്രീധനം സ്വീകരിക്കുകയോ നൽകുകയോ ചെയ്യുന്നവർക്ക് ഈ സ്ഥാപനത്തിലെ ജീവനക്കാരായി തുടരുവാൻ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്നും ഈ നയരേഖ പ്രഖ്യാപിക്കുന്നു.
2. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാർക്കും പങ്കാളികൾക്കും അവരുടെ മാതാപിതാക്കൾക്കും, ഇതുസംബന്ധമായി നിയമപരവും ധാർമ്മികവുമായ പൂർണ്ണ പിന്തുണ ഏരീസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.
3. ഈ നയം പിൽക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാൽ, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും,
അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ സ്ഥാപനം സ്വീകരിക്കുന്നതുമായിരിക്കും.
4.. കരാർ ഒപ്പിടുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് ഈ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ' ഏരീസ് ആന്റി ഡൗറി പോളിസി ' അംഗീകരിച്ചതായുള്ള സമ്മതപത്രം നൽകേണ്ടതാണ്.
5.. എല്ലാ ജീവനക്കാരും സ്ത്രീധന വിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കണം.
6.. സ്ത്രീധനവുമായി ബന്ധപ്പെട്ട എരീസ് ജീവനക്കാരുടെ പരാതികളിൽ തീരുമാനമെടുക്കാൻ സ്ത്രീ ജീവനക്കാർക്കോ ജീവനക്കാരുടെ പങ്കാളികൾക്കോ ഭൂരിപക്ഷമുള്ള ഒരു 'ആന്റി ഡൗറി സെൽ' രൂപീകരിക്കും. ഏരീസ് ജീവനക്കാരുടെയോ പങ്കാളികളുടെയോ സ്ത്രീധനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നതും , കോടതികളുടെ പരിഗണനയിൽ ഇല്ലാത്തതുമായ പരാതികൾ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഈ സെല്ലിലെ 'അവൈലബിൾ മെമ്പഴ്സ് ' പരിശോധിക്കുകയും തുടർ നടപടികൾ കൂട്ടായി തീരുമാനിക്കുകയും ചെയ്യും. അവ സങ്കീർണ്ണവും ഗുരുതരവുമായ പ്രശ്നങ്ങളാണെന്ന് ബോധ്യപ്പെട്ടാൽ, അതാത് സ്ഥലത്തെ നീതിന്യായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കും.
7. മുൻകാലങ്ങളിൽ ഇതുസംബന്ധിച്ച ഏതെങ്കിലും പ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ, അവ സ്വഭാവദൂഷ്യം ആയി പരിഗണിച്ച് കുടുംബപ്രശ്നങ്ങൾ ഉണ്ടായതിൽ പശ്ചാത്തപിക്കുന്ന ജീവനക്കാർക്ക്, ശരിയായ കൗൺസിലിംഗ് നൽകും.
8. സ്ത്രീധനം കൊടുക്കേണ്ടി വന്നത് മൂലം ഏതെങ്കിലും മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, ആ കടങ്ങൾ തീർത്തു കൊടുക്കേണ്ടത് അതിന്റെ ഗുണഭോക്താവായ ജീവനക്കാരന്റെ ധാർമിക ഉത്തരവാദിത്വമാണ്.
9. സമൂഹത്തിൽ നിന്ന് സ്ത്രീധനം നിർമ്മാർജ്ജനം ചെയ്യുവാൻ പര്യാപ്തമായ എല്ലാ സ്ത്രീധനവിരുദ്ധ കാമ്പയിനുകൾക്കും ഏരീസ് ഗ്രൂപ്പ് പൂർണമായ പിന്തുണ നൽകും. സ്ഥാപനത്തിനുള്ളിലെ ബോധവൽക്കരണം ലക്ഷ്യമാക്കി ഉടൻതന്നെ ' സ്ത്രീധനവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ' ആരംഭിക്കുകയും രണ്ടായിരത്തി ഇരുപത്തി മൂന്നോട് കൂടി ആ ലക്ഷ്യം നിറവേറ്റുകയും ചെയ്യും.
10. 'ആന്റി ഡൗറി അംബാസ്സഡർ ' എന്ന പേരിൽ ഒരു പുരസ്‌കാരം പ്രഖ്യാപിക്കാനും, സ്ഥാപനത്തിനുള്ളിലോ പുറത്തോ ക്രിയാത്മകവും ഫലപ്രദവുമായ പ്രവർത്തനത്തിലൂടെ സ്ത്രീധനവിരുദ്ധ പ്രചാരണം ജനകീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു വ്യക്തിക്ക് അത് നൽകാനും തീരുമാനിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |