ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടുകയാണെങ്കിലും രോഗം പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായ മാക്സ് ധരിക്കാൻ ഭൂരിപക്ഷത്തിനും താത്പര്യമില്ല. അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. അധികം വൈകാതെ തന്നെ ഉണ്ടാകുന്ന കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെക്കാൾ മാരകമായേക്കാമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ജനങ്ങളുടെ കുറ്റകരമായ ഈ അനാസ്ഥ എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ഡെൽറ്റാ പ്ളസ് വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഒട്ടുമിക്കവരും കാര്യമായി എടുക്കുന്നില്ല.
രാജ്യത്തെ 312 ജില്ലകളിലായി നടത്തിയ സർവേയിൽ 33,000 പേരാണ് പങ്കെടുത്തത്.പ്രാദേശിക സർക്കിളുകൾ നടത്തിയ ഓൺലൈൻ സർവേയിൽ പ്രതികരിച്ചവരിൽ 67 ശതമാനം പേരും തങ്ങളുടെ പ്രദേശത്ത് ആളുകൾ ശരിയായി മാസ്ക് ധരിക്കുന്നത് വളരെ കുറവാണെന്നാണ് അഭിപ്രായപ്പെട്ടത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ പോലും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നില്ല എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 32 ശതമാനം പേർ മാത്രമാണ് തങ്ങൾ സന്ദർശിച്ച വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ട് എന്നഭിപ്രായപ്പെട്ടത്.
വാക്സിനെടുക്കാൻ എത്തുന്നവരുടെ നീണ്ട നിര ദൃശ്യമാകുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തത് കൊവിഡ് വളരെ വേഗത്തിൽ പടരുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ എത്തി ദിവസങ്ങൾക്കുശേഷം തങ്ങളുടെ കുടുംബാംഗങ്ങൾക്ക് കൊവിഡ് ബാധ ഉണ്ടായിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെടുകയും ചെയ്തു. ഇത്തരം കേന്ദ്രങ്ങൾ സൂപ്പർ സ്പ്രെഡറുകളായി മാറുമെന്ന ആശങ്കയും അവർക്കുണ്ട്.
ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്ക് കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത അല്ലാത്തവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. വൈറസിന്റെ പുതിയ മ്യൂട്ടേഷനുകൾ കൂടുതൽ മാരകമാവുന്ന ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച പ്രതിരോധ മാർഗമാണ് മാസ്കുകൾ ധരിക്കുത്. മാസ്ക് ധരിക്കുന്നതിനാെപ്പം സാമൂഹ്യ അകലം പാലിച്ചും കൈകൾ ഇടയ്ക്കിടെ കഴുകിയും ചെയ്തും മാത്രമേ രോഗത്തെ അകത്താനാവൂ. രണ്ട് ഡോസ് വാക്സിനെടുത്താലും ഇതൊക്കെ തുടരുകയും വേണം എന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.
രണ്ടാംഘട്ട വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നുകഴിഞ്ഞു. അതോടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |