SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.41 AM IST

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ്, വിഷമവൃത്തത്തിൽ സി.പി.എം ജാഗ്രത

karuvanoor-bank

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സി.പി.എം ഭരണസമിതിക്ക് കീഴിൽ നടന്ന കോടികളുടെ തട്ടിപ്പ് സൃഷ്ടിച്ച വിഷമവൃത്തത്തിൽ നിന്ന് തലയൂരാനാകാതെ പാർട്ടി നേതൃത്വം. തട്ടിപ്പ് തുടക്കത്തിലേ അറിഞ്ഞിട്ടും പാർട്ടി കണ്ണടച്ചെന്ന പഴിക്കിടെ പ്രതികളുടെ ഭാര്യമാരുടെ സൂപ്പർ മാർക്കറ്റുകളുടെ ഉദ്ഘാടനത്തിന് അന്ന് മന്ത്രിയായിരുന്ന എ.സി.മൊയ്തീൻ പങ്കെടുത്ത ചിത്രം കൂടി പുറത്തുവന്നത് കൂടുതൽ കുരുക്കായി. മന്ത്രിയും രാഷ്ട്രീയ പ്രവർത്തകനുമെന്ന നിലയിൽ പങ്കെടുത്തതാണെന്നും പ്രതികളാരും തന്റെ ബന്ധുക്കളല്ലെന്നുമാണ് മൊയ്തീന്റെ വിശദീകരണം.

കരുവന്നൂർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, സി.പി.എം ഭരിക്കുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും പാർട്ടി തലത്തിൽ സൂക്ഷ്‌മ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. ജില്ലകളിൽ നിന്നുള്ള പരാതികളിൽ കർശന നടപടിക്ക് സർക്കാരിനോടും നിർദ്ദേശിച്ചു.

സി.പി.എം അകപ്പെട്ട പ്രതിസന്ധി തിരിച്ചറിഞ്ഞ യു.ഡി.എഫ് ആക്രമണം കടുപ്പിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളിലൂടെ കള്ളപ്പണം ഒഴുക്കുന്നെന്ന ആക്ഷേപം നേരത്തേ ഉയർത്തുന്ന ബി.ജെ.പിക്കും ഇത് വീണുകിട്ടിയ ആയുധമാണ്. സഹകരണമന്ത്രാലയം രൂപീകരിച്ച് അമിത് ഷായെ ചുമതലയേല്പിച്ച മോദി സർക്കാരിന്, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇടപെടാൻ വഴിയൊരുക്കുകയാണ് സി.പി.എമ്മെന്ന വിമർശനം യു.ഡി.എഫ് ഉയർത്തുന്നു.

മുന്നൂറ് കോടിയിൽപ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. പരാതി ഉയർന്നപ്പോൾ സി.പി.എം സംസ്ഥാനസമിതി അംഗം പി.കെ.ബിജുവിനെ അന്വേഷണച്ചുമതല ഏല്പിച്ച പാർട്ടി നേതൃത്വത്തിന് വിഷയം നേരത്തേ അറിഞ്ഞില്ലെന്നു പറഞ്ഞ് കൈകഴുകാനാകില്ല.

2017ലാണ് ക്രമക്കേട് ആദ്യം പുറത്തുവരുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ആദ്യം സഹകരണ വകുപ്പ് വഹിച്ചത് തൃശൂരിലെ മുതിർന്ന സംസ്ഥാനസമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ എ.സി.മൊയ്തീനാണ്. പരാതികളുയർന്നപ്പോൾ ഇടപെടാൻ അദ്ദേഹവും ജാഗ്രത കാട്ടിയില്ലെന്ന വിമർശനമുണ്ട്. അതിനിടയിലാണ് ഇന്നലെ അദ്ദേഹത്തിനെതിരായ പുതിയ ആരോപണമുയർന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം ബേബിജോണും കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി കെ.രാധാകൃഷ്ണനുമടക്കം പങ്കെടുക്കാറുള്ള ജില്ലാ സെക്രട്ടേറിയറ്റിൽ പരാതികൾ ഉയർന്നിട്ടും ഇടപെടുന്നതിൽ അലംഭാവമുണ്ടായി. തുടക്കത്തിലേ തടയിട്ടിരുന്നെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി കുറയ്ക്കാനെങ്കിലുമായേനെയെന്ന് സി.പി.എമ്മിലും സംസാരമുണ്ട്.

രണ്ടാം പിണറായി സർക്കാർ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ അധികാരമേറ്റ് രണ്ട് മാസം പിന്നിടുമ്പോൾ കത്തിപ്പടരുന്ന വിവാദത്തിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. പാർട്ടി ജനമദ്ധ്യത്തിൽ പ്രതിരോധത്തിലായെന്ന വിലയിരുത്തൽ അദ്ദേഹത്തിനുണ്ടെന്നറിയുന്നു.

കൊടകര കുഴൽപ്പണക്കേസിൽ പഴി കേൾക്കേണ്ടിവന്ന ബി.ജെ.പി നേതൃത്വം കരുവന്നൂർ ബാങ്ക് തട്ടിപ്പ് ആയുധമാക്കി സി.പി.എമ്മിനെ തിരിച്ചടിക്കാൻ നോക്കുകയാണ്. കൊടകര കേസിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്ന് വിലയിരുത്തിയ സി.പി.എമ്മിനാകട്ടെ കരുവന്നൂർ പ്രതിസന്ധി കടുത്ത വെല്ലുവിളിയുമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.