പനാജി: പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇക്കഴിഞ്ഞ 24 ന് രാത്രി ദക്ഷിണ ഗോവയിലെ കോൾവ ബീച്ചിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാൽക്കാരത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷ എം എൽ എ മാർ ആരോപിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. എല്ലാവരുടെ കാര്യവും പൊലീസിന് നോക്കാൻ കഴിയില്ലെന്നും പീഡനത്തിന് പിന്നിലെ യഥാർത്ഥ കാരണക്കാർ പെൺകുട്ടികളുടെ രക്ഷിതാക്കളാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
'പത്ത് കുട്ടികൾ ഒരു പാർട്ടിക്കായി കടൽത്തീരത്ത് പോയി. പത്തിൽ ആറുപേരും വീട്ടിലേക്ക് മടങ്ങി. ബാക്കി നാലുപേർ രാത്രി മുഴുവൻ കടൽത്തീരത്ത് താമസിച്ചു. 14 വയസുള്ള ഒരു പെൺകുട്ടികൾ രാത്രി കടൽത്തീരത്ത് കഴിയാൻ ഇടയാക്കിയതെങ്ങനെയെന്ന് മാതാപിതാക്കൾ ആത്മപരിശോധന നടത്തണം, അവരും ശ്രദ്ധിക്കണം. കുട്ടികളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തമാണ്. എല്ലാ ഉത്തരവാദിത്തവും പൊലീസിന് വിട്ടുകൊടുക്കാനാവില്ല. ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
സർക്കാരിനെയും പൊലീസിനെയും ന്യായീകരിക്കുകയും രക്ഷിതാക്കളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ബി ജെ പി ഭരണത്തിൽ കീഴിൽ സ്ത്രീകൾക്ക് ഗോവ അപകടകരമാണെന്നും അവർ പറയുന്നു. 'രാത്രിയിൽ ചുറ്റിക്കറങ്ങുമ്പോൾ നാം എന്തിന് ഭയപ്പെടണം? കുറ്റവാളികൾ ജയിലിലായിരിക്കണം എന്നായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം.
പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളായ നാലുയുവാക്കളെ അറസ്റ്റുചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |