ടോക്കിയോ: തമിഴ്‌ചിത്രമായ സർപ്പാട്ട പരമ്പരയിൽ നായകൻ കബിലന്റെ ഇടികൊണ്ട് വെമ്പുലിയും, ഡാൻസിംഗ് റോസുമെല്ലാം വീഴുന്നത് കണ്ട് നമ്മൾ ആവേശ പുളകിതരായി. അത് വെളളിത്തിരയിലെ റീൽ ലൈഫായിരുന്നെങ്കിൽ നാടകീയത നിറഞ്ഞ സിനിമയിലെക്കാൾ മികച്ച സംഭവമാണ് കഴിഞ്ഞ ദിവസം ഒളിമ്പിക്‌സിൽ അരങ്ങേറിയത്.
പുരുഷന്മാരുടെ 91കിലോ സൂപ്പർ ഹെവിവെയ്‌റ്റ് ബോക്‌സിംഗ് ക്വാർട്ടർ ഫൈനലിൽ ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ സതീഷ് കുമാറും നിലവിൽ ഏഷ്യൻ ചാമ്പ്യനായ എതിരാളി ഉസ്ബെക്കിസ്ഥാന്റെ ബഖോദിർ ജലോലൊവും തമ്മിലെ മത്സരം നടക്കുകയായിരുന്നു. ഉസ്‌ബെക്ക് താരത്തിന്റെ പഞ്ച് സതീഷിന്റെ വലത് കണ്ണിന് മുകളിൽ കൊണ്ടു. ചോര ചീറ്റിത്തെറിച്ചിട്ടും പിന്മാറാതെ അതേ പോരാട്ട വീര്യത്തോടെ സതീഷ് നിന്നു.
ഇത് ഉസ്‌ബെക്ക് താരത്തിന് അത്ഭുതമായി. മത്സരത്തിൽ 0-5ന് സതീഷ് പരാജയപ്പെട്ടെങ്കിലും മത്സരശേഷം സതീഷിനെ പുണർന്ന് അഭിനന്ദിക്കാൻ ഏഷ്യൻ ചാമ്പ്യൻ മറന്നില്ല. പരിക്കേറ്റിട്ടും പിന്മാറാത്ത സതീഷ് കുമാർ എന്ന ബുലന്ത്ശെഹർ സ്വദേശിയായ 32കാരൻ അവിടെ പ്രദർശിപ്പിച്ചത് ഒരു സൈനികന്റെ യഥാർത്ഥ ധീരതയാണ്. സൈന്യത്തിൽ സുബേദാറായ സതീഷ് മത്സരത്തിന് എല്ലാ അർത്ഥത്തിലും ഉസ്ബെക്ക് താരത്തെക്കാൾ താഴെയായിരുന്നു. എന്നാൽ ഒട്ടുംവിട്ടുകൊടുക്കാത്ത പോരാട്ടവീര്യം കൊണ്ട് സതീഷ് എതിരാളിയുടെ പോലും ആദരം കൈപ്പറ്റി.
2008ൽ സൈന്യത്തിൽ ശിപായ് ആയി ചേർന്ന 6അടി 2ഇഞ്ചുകാരനായ സതീഷിനെ ബോംക്‌സിംഗ് മേഖലയിൽ കണ്ടെത്തിയത് അന്ന് പരിശീലകനായ രവിശങ്കർ സാംഘ്‌വാനാണ്. ബോക്‌സിംഗിൽ താൽപര്യമുണ്ടോ എന്ന രവിശങ്കറിന്റെ ചോദ്യത്തിന് സതീഷ് സമ്മതം മൂളി.
2014ൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സതീഷിനെ ഗ്ളാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ അതിന് മറുപടിയായി അതേ വർഷം നടന്ന ഏഷ്യൻ ഗെയിംസിലും അടുത്ത വർഷം നടന്ന ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടാൻ സതീഷിനായി. ഗോൾഡ് കോസ്‌റ്റ് കോമൺവെൽത്ത് ഗെയിംസിൽ വെളളി മെഡൽ നേടി. അതേവർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.
അതേസമയം ഒളിമ്പിക്‌സിൽ ഇത്തവണ ബോക്‌സിംഗിൽ പുരുഷന്മാരുടെ പ്രകടനം അത്ര മെച്ചമല്ല. അമിത് പംഗൽ (52 കിലോ വിഭാഗം), മനീഷ് കൗശിക്ക്(63 കിലോ വിഭാഗം), വികാസ് കൃഷ്‌ണൻ(69 കിലോ), ആശിഷ് ചൗധരി(75കിലോ) എന്നിവർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. വനിതകളിൽ ലൗലീന ബോർഗൊഹെയ്ൻ(69കിലോ വിഭാഗം) മാത്രമാണ് സെമിഫൈനൽ ഉറപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |