തളിപ്പറമ്പ്: പരിയാരം സ്വദേശിയായ കരാറുകാരൻ സുരേഷ് ബാബുവിനെ (52) വെട്ടാൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കായി അന്വേഷണം ഊർജ്ജിതം. കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബാങ്ക് ജീവനക്കാരിയിലേക്ക് നീങ്ങിയത്.
കേരളബാങ്ക് ചാലാട് ശാഖയിലെ ജീവനക്കാരിയായ സീമ ക്വട്ടേഷൻ നൽകിയെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ഭർത്താവും മക്കളുമായി പിണങ്ങി കണ്ണൂരിലെ ഒരു ഫ്ലാറ്റിലാണ് പയ്യന്നൂർ സ്വദേശിനിയായ സീമ താമസിക്കുന്നത്. ക്വട്ടേഷൻ സംഘം പിടിയിലായ വിവരമറിഞ്ഞ് ഇവർ സ്ഥലം വിട്ടു. അറസ്റ്റിലായ പ്രതികളെക്കൊണ്ട് പൊലീസ് ഇവരെ ഫോണിൽ വിളിപ്പിച്ചിരുന്നു. സ്ഥലത്തില്ലെന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത്. പതിനായിരം രൂപ അഡ്വാൻസും നൽകി. അതിന് ശേഷം പ്രതികൾ ബൈക്കിൽ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടർന്നെങ്കിലും അവസരം ഒത്തുവന്നില്ല. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയിൽ ഇരിക്കുന്നത് കണ്ട സംഘം അദ്ദേഹത്തെ വെട്ടുകയായിരുന്നു. പരിക്കേറ്റ സുരേഷ് ബാബു സുഖം പ്രാപിച്ചുവരുന്നു.
ഭർത്താവിനെ നിയന്ത്രിക്കുന്നതിലുള്ള വിദ്വേഷം
സീമ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ തനിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന ഭർത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിന് ലഭിക്കുന്നതിലെ അസഹിഷ്ണുതയാണെന്ന് പൊലീസ്.
സംഭവത്തിൽ പിടിക്കപ്പെട്ടാലും തന്റെ പേരു പറയാതിരിക്കാൻ സീമ വേറെയും ലക്ഷങ്ങൾ പ്രതികൾക്ക് ഓഫർ ചെയ്തിരുന്നു. പരിചയക്കാരനായ രതീഷ് വഴിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |