തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂൾ ചർച്ച ചെയ്യുന്നതിനായി സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്നുരാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റിയും ചേരും. 23ാം പാർട്ടി കോൺഗ്രസ് വരുന്ന ഏപ്രിലിൽ കണ്ണൂരിൽ നടത്താൻ കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിൽ ധാരണയായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി സമ്മേളന നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കും. കേരളത്തിലും സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമിടാനാണ് ധാരണ. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബ്രാഞ്ച് സമ്മേളനങ്ങൾ വെർച്വൽ ആയിട്ടാകും സംഘടിപ്പിക്കുക. ജനുവരിയോടെ സംസ്ഥാനസമ്മേളനം നടത്താവുന്ന വിധത്തിലാകും ഷെഡ്യൂൾ ക്രമീകരിക്കുക. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിന്റെ ഒരുക്കങ്ങളിലേക്കും കടക്കേണ്ടതുണ്ട്.
സി.പി.ഐ എക്സിക്യുട്ടീവ് ഇന്ന്
സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് രാവിലെ 10.30ന് എം.എൻ സ്മാരകത്തിൽ ചേരും. തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട കാര്യങ്ങളാകും ചർച്ച ചെയ്യുക. കഴിഞ്ഞ എക്സിക്യുട്ടീവിൽ എല്ലാ ജില്ലാ ഘടകങ്ങളുടെയും അവലോകന റിപ്പോർട്ടുകളിൽ ചർച്ച പൂർത്തിയാക്കാനായിരുന്നില്ല. കൊല്ലത്തെ റിപ്പോർട്ടും വന്നിരുന്നില്ല. കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ എക്സിക്യുട്ടീവ് യോഗം ചേർന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അംഗീകരിച്ചിരുന്നു. ചടയമംഗലത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയുടെ പേരിൽ ചില അച്ചടക്കനടപടികളും കൈക്കൊണ്ടു. ആ നടപടികൾ ഇന്ന് റിപ്പോർട്ട് ചെയ്യും.
സി.പി.എമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷം നാളെ
75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ മുഴുവൻ സി.പി.എം ഓഫീസുകളിലും ദേശീയപതാക ഉയർത്തും. സംസ്ഥാനകമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പാർട്ടി പതാക ഉയർത്തും. ജില്ലാ ഘടകങ്ങൾ തൊട്ടുള്ള കീഴ്ഘടകങ്ങളിൽ അതത് സെക്രട്ടറിമാർ പതാക ഉയർത്തും. സംസ്ഥാനകമ്മിറ്റി ആസ്ഥാനത്ത് ആര് പതാക ഉയർത്തണമെന്ന് ഇന്ന് തീരുമാനിക്കും. നാളെ രാത്രി 7ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ ഓൺലൈൻ പ്രഭാഷണവും ഉണ്ടാകും. സി.പി.ഐയുടെ ആഭിമുഖ്യത്തിൽ പതിവനുസരിച്ച് സ്വാതന്ത്ര്യദിനാഘോഷം നടക്കും. എല്ലാ ജില്ലാ കൗൺസിൽ ഓഫീസുകളിലും ദേശീയപതാക ഉയർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം വിജയിപ്പിക്കാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ രാവിലെ 10.30 ന് കാനംരാജേന്ദ്രൻ ദേശീയ പതാക ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |