SignIn
Kerala Kaumudi Online
Friday, 26 April 2024 11.01 PM IST

മലയാളിയെ കാല്പനികതയുടെ കൽപടവുകളിലിരുത്തി പ്രിയപ്പെട്ട ജോൺസൻ മാസ്റ്റർ കടന്നുപോയിട്ട് പത്തു വർഷം

ഒരു ഹാർമോണിയത്തിൽ തുടങ്ങി ഒരു മൈക്രോ ഫോണിന്റെ കാന്തതരംഗങ്ങളിലേക്കൊഴുകി വീണ ഒരുപിടി അനശ്വര ഗാനങ്ങൾ. മലയാളിയെ കാല്പനികതയുടെ കല്പടവുകളിലിരുത്തി ജോൺസൻ കടന്നുപോയിട്ട് പത്തു വർഷം.

ജോൺസന്റെ വിരൽതുമ്പിൽ ശ്രുതി മീട്ടിയ ഈണങ്ങളിൽ മലയാളിയുടെ മണ്ണും മനസുമുണ്ടായിരുന്നു ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം സങ്കടമായും, പൊന്നുരുകും പൂക്കാലം സൗന്ദര്യമായും, അനുരാഗിണി ആത്മദാഹമായും നമ്മൾ അനുഭവിച്ചറിഞ്ഞു. പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയുടെ സൗന്ദര്യത്തെ ക്യാമറ ഒപ്പിയെടുത്തപ്പോൾ അവളുടെ ഹൃദയ വികാരങ്ങളെ പകർത്തിയെഴുതിയത് ജോൺസന്റെ പശ്ചാത്തല സംഗീതമായിരുന്നു. പ്രണയത്തിന്റെ മുന്തിരിതോപ്പുകളിൽ മാതളങ്ങൾ തളിർച്ചൂടിയതും, വിരഹത്തിന്റെ നെടുവീർപ്പുകളിൽ രാജഹംസങ്ങൾ സ്‌നേഹ ദൂതുമായി വന്നതും, തഴുകുന്ന കാറ്റിൽ താരാട്ടു പാട്ടിൻ വാത്സല്യമറിഞ്ഞതുമെല്ലാം ജോൺസന്റെ രാഗാർദ്രമായ ഹൃദയ നിശ്വാസങ്ങളിലൂടെയായിരുന്നു.

ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും ബാബുരാജും രാഘവൻ മാഷുമൊക്ക വാർത്തെടുത്ത മലയാള ചലച്ചിത്ര സംഗീത ശാഖയെ പിന്നീടങ്ങോട്ട് കൈപിടിച്ച് മുന്നോട്ട് കൊണ്ടു പോയത് ജോൺസനും രവീന്ദ്രനും എം ജി രാധാകൃഷ്ണനുമൊക്കെ ആയിരുന്നു. മലയാളത്തിൽ നിന്ന് മെലഡികൾ അപ്രത്യക്ഷമായി ക്കൊണ്ടിരുന്ന കാലത്താണ് ജോൺസന്റെ രംഗപ്രവേശം. പിന്നീടങ്ങോട്ട് ഭാവസൗന്ദര്യം തുടിച്ചു നിന്ന ഈണങ്ങളുടെ വസന്തമായിരുന്നു. യേശുദാസിന്റെയും ചിത്രയുടെയും സ്വരമാധുര്യം ജോൺസന്റെ ഈണങ്ങളുടെ ചിറകിലേരി വന്നപ്പോൾ മലയാളി മനസുകൊണ്ട് മടങ്ങിപ്പോയത് സ്വന്തം അസ്തിത്വത്തിന്റെ ഭൂതകാലങ്ങളിലേക്കായിരുന്നു. കൈതപ്രം ജോൺസൻ കൂട്ടുകെട്ടായിരുന്നു മലയാളത്തിൽ ഹിറ്റുകളുടെ പെരുമഴ തീർത്തത്.

ഒ എൻ വി യോടൊപ്പവും ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ചു ജോൺസൻ. ഗൃഹാതുര ത്വമുണർത്തുന്ന ഹൃദയ ഹാരിയായ ഗാനങ്ങൾ നമുക്ക് നൽകിയ ജോൺസൻ മാസ്റ്ററോട് വിധി പക്ഷേ ക്രൂരത കാട്ടി. 2011 ഓഗസ്റ്റ് 11 ന് സംഗീത പ്രേമികളുടെ കണ്ണുനീർ വീഴ്ത്തിക്കൊണ്ട് ജോൺസൻ മാസ്റ്റർ യാത്രയായി, 58 ആം വയസ്സിൽ. ജീവിച്ചിരുന്നപ്പോൾ പ്രിയപ്പെട്ടവളെയെന്ന പോലെ അദ്ദേഹം നെഞ്ചോടു ചേർത്തു പിടിച്ച ഗിറ്റാർ എന്നെന്നേക്കുമായി നിശ്ചലമായി.

ജോൺസനില്ലാത്ത പത്തുവർഷങ്ങൾ ആ ശൂന്യത നമ്മളെ ഒരിക്കൽപ്പോലും അനുഭവിപ്പിച്ചിട്ടേയില്ല. കാരണം ആ മനുഷ്യന്റെ ഹൃദയ തന്ത്രികളിൽ പിറവി കൊണ്ട ഈണങ്ങൾ മലയാളിയുടെ മനസ്സിൽ മരണമില്ലാതെ ഇന്നും ശ്രുതി മീട്ടിക്കൊണ്ടേയിരിക്കുന്നു.

johnson-master-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ART, ART NEWS, JOHNSON, MUSIC DIRESCTOR, RIP, FILM SONGS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.