എടപ്പാൾ: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാൾ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. കുമരനല്ലൂർ സ്വദേശി ഷിഹാബുദ്ധീനെയാണ് (36) കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ രണ്ടുപേരിൽ നിന്നും 1.75കോടി രൂപ വാങ്ങി പറ്റിച്ചതായാണ് പരാതി.പണം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ബിസ്സിനസ്സിൽ പങ്കാളികളാക്കാത്തതിനെ തുടർന്ന് ഇരുവരും ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ ഷിഹാബുദ്ധീൻ മലേഷ്യയിലേക്ക് കടന്നിരുന്നു. തുടർന്ന് ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തിലെത്തിയ ഇയാളെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനു ,സീനിയർ സി.പി.ഒ ഉദയകുമാർ, സി.പി.ഒ ലിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നെയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളത്ത് എത്തിച്ചത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി