SignIn
Kerala Kaumudi Online
Friday, 15 May 2026 3.07 PM IST

നിലനിൽപ്പിന്റെ വിഷയമാണ്, അവഗണിക്കരുത്...

cashew-factory

 ആദ്യം കയറും തഴപ്പായയും, പിന്നാലെ കശുഅണ്ടി

കൊല്ലം: കയർ, തഴപ്പായ മേഖലകൾ പ്രധാന വേദിക്ക് പിന്നിലേക്ക് നീങ്ങുന്നതിനിടെ, കരിഞ്ഞുണങ്ങുന്ന കശുഅണ്ടി വ്യവസായത്തെ കൈപിടിച്ചുകയറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അധികപരിശ്രമം ഉണ്ടാവുന്നില്ല. നിലവിൽ കൈയകലെ ഉണ്ടായിട്ടും കണ്ടില്ലെന്നു നടിച്ചാൽ ഇനി അധികകാലം ഈ വ്യവസായത്തിന് ആയുസുണ്ടാവില്ലെന്ന് മേഖലയിലുള്ളവർ ആണയിട്ടു പറയുന്നു.

ദേശസാത്കൃത ബാങ്കുകൾ പോലും കോർപ്പറേറ്റ് നയങ്ങളുടെ ഭാഗമായി കശുഅണ്ടി മേഖലയിലേതുൾപ്പെടെയുള്ള സ്വത്തുക്കൾ യാതൊരു ദാക്ഷിണ്യവും കൂടാതെ ഏറ്റെടുത്ത് 'അസറ്റ് റീ കൺസ്ട്രക്ഷൻ' കമ്പനികൾക്ക് മറിച്ചുനൽകാനുള്ള നടപടികൾ സ്വീകരിക്കുമ്പോഴും സർക്കാർ തലത്തിൽ കേവലം ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപമുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ജപ്തി നടപടികൾ ഇപ്പോൾ നടത്തരുതെന്നും വായ്പാ തിരിച്ചടവിന് സാവകാശം നൽകണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിർദ്ദേശം നൽകിയിട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ബാങ്കുകൾ സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി തലത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) ചേർന്നെങ്കിലും ബാങ്കുകൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. വായ്പാ തിരിച്ചടവിന് നോട്ടീസ് അയയ്ക്കുന്നതിൽ നിന്ന് ബാങ്കുകളെ വിലക്കിയില്ലെങ്കിലും ഏറ്റെടുക്കൽ നടപടികളിലേക്ക് പോകരുതെന്ന് സംസ്ഥന സർക്കാർ നിർദ്ദേശിച്ചിരുന്നു.

ജപ്തി നടപടികൾ സ്വീകരിക്കില്ലെന്ന് ബാങ്കുകൾ നേരത്തെ നൽകിയ ഉറപ്പുകളുടെ മലക്കം മറിച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഏറ്റെടുക്കുന്ന വസ്തുക്കളിൽ ഏറെയും ചെറുകിട, ഇടത്തരം ഫാക്ടറികളുടേതാണെന്ന പ്രത്യേകതയുമുണ്ട്. ഇവയെല്ലാം വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറി ഭീമമായ തുകയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ബാങ്കുകൾക്കുള്ളത്. വായ്പാതുക തിരികെ കിട്ടുന്നതിന് പുറമെ അതത് ബാങ്കുകളുടെ ഇൻഷ്വറൻസ് പരിരക്ഷയിലൂടെ കോടികൾ ലഭിക്കുന്ന ബിസിനസും ബാങ്കുകൾ ലക്ഷ്യമിടുന്നുണ്ട്.

 കൂടുതലും സ്ത്രീ തൊഴിലാളികൾ

ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിലിടമെന്ന പ്രത്യേകതയും പരമ്പരാഗത വ്യവസായങ്ങൾക്കുണ്ട്. കയർ, കശുഅണ്ടി, തഴപ്പായ, തീപ്പെട്ടി, കളിമണ്ണ്, ശില്പ നിർമ്മാണം തുടങ്ങിയ മിക്ക മേഖലകളിലും സ്ത്രീകൾ തന്നെയായിരുന്നു മുന്നിട്ടുനിന്നത്. ഇവയൊക്കെ ഇപ്പോൾ നാമമാത്രമായെങ്കിലും ഒരുകാലത്ത് സാമ്പത്തികരംഗത്തെ കരുത്തുറ്റ വ്യവസായങ്ങളായിരുന്നു. കൃത്യമായ പഠനവും ഇടപെടലും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കശുഅണ്ടി വ്യവസായം അന്യംനിന്ന് പോകുമെന്നതിൽ രണ്ടുപക്ഷമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, CASHEW INDUSTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL