SignIn
Kerala Kaumudi Online
Thursday, 19 September 2024 6.11 PM IST

വില വർദ്ധനവിലെ രാഷ്ട്രീയം

Increase Font Size Decrease Font Size Print Page

vidavela

പെട്രോളിയം, പാചകവാതകം എന്നിവയുടെ വിലവർദ്ധന കേരളീയ പൊതുസമൂഹത്തിലെ പൊള്ളുന്ന സമസ്യയായി നിലകൊള്ളുകയാണ്. ഏറെക്കുറെ പൂർണമായി തന്നെ ഉപഭോക്തൃസംസ്ഥാനമായി അറിയപ്പെടുന്ന കേരളമാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിന്റെ രൂക്ഷത ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത്.

ഈ രണ്ട് സാധനങ്ങളുടെയും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ സമസ്ത മേഖലയെയും ബാധിക്കുന്നതായതിനാൽ കേരളത്തെ ആഴത്തിൽ സ്വാധീനിക്കുന്ന രാഷ്ട്രീയപ്രശ്നമാണിത്. രാഷ്ട്രീയനേതൃത്വങ്ങൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന് പെട്രോളിയം വിലയുമായി ബന്ധപ്പെട്ടതാണ്. ഇന്നലെ കേരളത്തിലെ പ്രതിപക്ഷമുന്നണിയായ യു.ഡി.എഫ് പെട്രോളിയം വില വർദ്ധനവിനെതിരെ കേരളത്തിൽ സമരമുഖത്തായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ തിരുത്തണമെന്നതായിരുന്നു മുദ്രാവാക്യം. ഈ വിലവർദ്ധനവിന് കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുറ്റക്കാരാണെന്നാണ് യു.ഡി.എഫിന്റെ വാദം.

അതിനവർ മുന്നോട്ടുവയ്ക്കുന്ന വാദം 2011-16കാലത്ത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ പെട്രോൾ,​ ഡീസൽവില കുതിച്ചു കയറിയപ്പോൾ നാല് തവണ അധികനികുതി വേണ്ടെന്ന് വച്ച് 619.17കോടിയുടെ സമാശ്വാസം നൽകിയെന്നാണ്. ഒന്നുംരണ്ടും പിണറായി സർക്കാരുകൾ ആ നിലയ്ക്കുള്ള ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം. വർദ്ധിപ്പിച്ച വിലയുടെ അധികനികുതി എടുത്തുകളയാൻ കേരളസർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ,​ ഉമ്മൻചാണ്ടി സർക്കാർ നൽകിയതിനേക്കാൾ വലിയ സമാശ്വാസം കേരളത്തിലെ ഒന്നാം പിണറായിസർക്കാർ ഒരുതവണ അധികനികുതി വേണ്ടെന്നുവയ്ക്കുക വഴി തന്നെ നൽകിക്കഴിഞ്ഞെന്നാണ് ഇപ്പോഴത്തെ കേരള ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുവാദം. ഇന്ധന വിലവർദ്ധനവിന് കേരളസർക്കാരിനെ പഴിക്കുന്ന യു.ഡി.എഫാണ് എല്ലാത്തിനും കാരണമായ അവസ്ഥ ഉണ്ടാക്കിവച്ചതെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട് ഇടതുമുന്നണി.

പെട്രോൾ വില നിയന്ത്രണത്തിനായുള്ള കേന്ദ്രാധികാരം കോർപ്പറേറ്റുകൾക്കായി എടുത്തുകളഞ്ഞത് യു.പി.എ സർക്കാരായിരുന്നു. ഇതിനുശേഷം അധികാരമേറിയ മോദി സർക്കാരാകട്ടെ,​ ഡീസലിന്റെയും വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞു. മാത്രമോ,​ ദിവസേന പെട്രോൾ- ഡീസൽ വില നിശ്ചയിക്കുന്ന ഡൈനമിക് ഫ്യുവൽ പ്രൈസ് മെത്തേഡ് നടപ്പാക്കുകയും ചെയ്തു. ഇതുമൂലം ഇന്ധനവില കുറയുമെന്നായിരുന്നു മോദിസർക്കാരിന്റെ വാദമെങ്കിലും ദിവസേന രാവിലെ ആറ് മണിക്ക് വില പരിഷ്കരിച്ച് നിശ്ചയിക്കപ്പെടുമ്പോൾ അടിക്കടി കൂടി വരുന്നതായാണ് കണ്ടുവരുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞുനില്‌ക്കുന്ന ഇക്കാലത്ത്,​ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറ് രൂപ കവിഞ്ഞുനില്പാണ്. നിത്യവൃത്തിക്കായി ഇരുചക്രവാഹനങ്ങളെയടക്കം ആശ്രയിക്കുന്ന കേരളത്തിലെയും മറ്റും സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണ്. മാത്രമോ,​ ഇന്ധനവില കൂടി നില്‌ക്കുന്നത് കാരണം സാധനസാമഗ്രികൾക്കെല്ലാം പൊള്ളുന്ന വിലയാണ് .

അന്താരാഷ്ട്ര വിപണിയിൽ ബെന്റിനം ക്രൂഡിന് വില 70- 80 ഡോളർ നിലവാരത്തിൽ നീങ്ങുമ്പോൾ ആനുപാതികമായി വില കുറയേണ്ടിടത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടായ വൻപെരുക്കം. 2008ൽ ക്രൂഡിന് 145.31 ഡോളറായിരുന്നപ്പോൾ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86രൂപയുമായിരുന്നു.

ഒന്നാംമോദി സർക്കാരെത്തും മുമ്പ്

ഒന്നാം മോദി സർക്കാരിന്റെ വരവിന് തൊട്ടുമുമ്പായി രാജ്യത്ത് ഇന്ധന വിലവർദ്ധനവിനെതിരെ തെരുവുയുദ്ധം നടത്തിയ രാഷ്ട്രീയപാർട്ടിയായിരുന്നു ബി.ജെ.പി. ആ സമയമാകുമ്പോഴേക്കും പെട്രോൾ, ഡീസൽ വില ഏതാണ്ട് 60- 70 രൂപയോളമൊക്കെ എത്തിക്കഴിഞ്ഞിരുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ പെട്രോൾ, ഡീസൽ വില നേർപകുതിയാക്കുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി നേതൃത്വം, കേരളത്തിൽ അവരുടെ അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഇരുചക്രവാഹനം ഉരുട്ടി സമരം ചെയ്തതൊക്കെ ഇന്നത്തെ ഈ വലിയ വിലക്കയറ്റത്തിന്റെ നാളുകളിലും പ്രചരിക്കുന്ന മെഗാഹിറ്റ് ട്രോളുകളാണ്.

സാധാരണക്കാരുടെ നടുവൊടിച്ച് പെട്രോളിയം, പാചകവാതക വില ഇങ്ങനെ കുതിച്ചുയരുമ്പോൾ രാഷ്ട്രീയപാർട്ടികളുടെ പ്രകടനപരതയിലൂന്നിയ സമരനാടകങ്ങൾക്കപ്പുറത്തേക്ക് ഇതൊരു പരിഹരിക്കപ്പെടുന്ന പ്രശ്നമായി മാറാതിരിക്കുന്നത് എന്തുകൊണ്ടാണ്? ജനതയോടുള്ള കൂറ് എന്നതിനപ്പുറത്തേക്ക് തങ്ങളുടെ ഭരണസൗകര്യങ്ങൾ ലോഭമില്ലാതെ അനുഭവിക്കുന്നതിനും ഒപ്പം നാടിന്റെ ഋണാവസ്ഥ ചോദ്യചിഹ്നമായി നിൽക്കുമ്പോൾ ഉണ്ടാക്കുന്ന നിസഹായാവസ്ഥയുമൊക്കെയാണ് രാഷ്ട്രീയകക്ഷികളെ നയിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം ജനം ഒരു പ്രശ്നമല്ല.

ജി.എസ്.ടിയും ഇന്ധന വിലയും

ചരക്കുസേവന നികുതിയുടെ പരിധിയിലേക്ക് ഇന്ധനവിലയെ കൊണ്ടുവരുന്നതിനെക്കുറിച്ച് കൂലങ്കഷമായ ചർച്ചകൾ ഈയടുത്ത ദിവസങ്ങളിൽ നടക്കുകയുണ്ടായി. ജി.എസ്.ടി കൗൺസിൽ യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിലായി ഉയർന്നുവരാറുള്ള സംവാദം എന്നതിനപ്പുറത്തേക്കുള്ള ആയുസ് ഇത്തവണയും ആ ചർച്ചകൾക്കുണ്ടായില്ല. ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും വില കുറയുമെന്നുമാണ് കേന്ദ്രസർക്കാർ വക്താക്കൾ വാദിച്ചത്. ആദ്യം കേന്ദ്ര ധനകാര്യമന്ത്രിയിൽ നിന്നുതന്നെ ഇതുസംബന്ധിച്ച ചർച്ചയ്ക്ക് തുടക്കമിട്ടു. കേന്ദ്ര സഹമന്ത്രി വി. മുരളീധരനടക്കമുള്ള കേരളത്തിലെ ബി.ജെ.പി നേതൃനിര ഒന്നാകെ അതേറ്റു പിടിച്ചു.

ജി.എസ്.ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തുന്നതിനെ, അതിൽനിന്ന് കാര്യമായ വരുമാനം നേടിക്കൊണ്ടിരിക്കുന്ന കേരളസർക്കാരിന് എതിർക്കാതിരിക്കാൻ ആവില്ലെന്നുറപ്പായിരുന്നു. അവർ സ്വാഭാവകമായും ശക്തിയുക്തം എതിർത്തു. കേരളം മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളടക്കം എതിർക്കുന്നവരുടെ മുൻനിരയിലുണ്ടായിരുന്നു. രഹസ്യമായി പറഞ്ഞാൽ, കേന്ദ്രസർക്കാരും ആത്മാർത്ഥമായിട്ടൊന്നുമല്ല ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി പറഞ്ഞത് എന്നറിയുക. കേന്ദ്രത്തിന് സെസ് ഇനത്തിലും മറ്റും പിരിഞ്ഞുകിട്ടുന്ന കോടികൾ ജി.എസ്.ടിയിൽ പെടുത്തുന്നതോടെ കുറയുമെന്ന യാഥാർത്ഥ്യം അവർക്ക് മുന്നിലുമുണ്ടായിരുന്നു. രോഗി ഇച്ഛിച്ചതും വൈദ്യർ കല്പിച്ചതും ഒന്നുതന്നെയെന്ന് ചുരുക്കം.

2014ന് മുമ്പ്, പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കുറച്ച് നല്ല നാളെകൾ കേരളീയർക്കും ഭാരതീയർക്കും സമ്മാനിക്കുമെന്ന് വാദിച്ചുകൊണ്ടിരുന്നിട്ട്, ഉത്തരംമുട്ടി നിൽക്കുന്ന ബി.ജെ.പി നേതൃത്വത്തിന്, ഒന്ന് തിരിച്ചടിക്കാൻ കിട്ടിയ മികച്ച അവസരമായിരുന്നു ജി.എസ്.ടി വാദം. ജനങ്ങൾക്ക് വില കുറഞ്ഞ് ആശ്വാസം കിട്ടുന്നതിനേക്കാൾ, കേരളസർക്കാർ നോക്കുന്നത് സർക്കാരിന്റെ ലാഭക്കണക്കാണെന്നും ജനങ്ങളോടുള്ള ക്രൂരതയാണിതെന്നും വാദിക്കാൻ ബി.ജെ.പിനേതാക്കൾക്ക് ഇതിൽപ്പരം മറ്റൊരു സുവർണാവസരം ഉണ്ടായില്ല. നേരത്തേ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം ഉരുത്തിരിഞ്ഞ സുവർണാവസരം കഴിഞ്ഞാൽ അവർക്ക് പിന്നീട് ലഭിച്ച സുവർണാവസരം ഇതുതന്നെയായിരുന്നു!

ഏതായാലും നാടകം ശുഭകരമായി പര്യവസാനിച്ചു. ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തപ്പെട്ടില്ല. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പെട്രോൾ- ഡീസൽ കേന്ദ്രനികുതി 300 ശതമാനമാണ് വർദ്ധിച്ചത്. കേന്ദ്രസർക്കാരിന് ഇതുവഴി ലഭിക്കുന്നത് വൻതുകയാണ്. 2020-21 സാമ്പത്തികവർഷം 2020 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെ മാത്രം കേന്ദ്രത്തിന് പെട്രോൾ- ഡീസൽ എക്സൈസ് നികുതിവരവ് 2.9ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി ലോക്‌സഭയിൽ നല്‌കിയ മറുപടിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

പെട്രോളിന്റെ വില്പനവിലയുടെ 68.84 ശതമാനവും ഡീസൽ വിലയുടെ 56.55 ശതമാനവും നികുതിയാണ്. സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് വില്പനനികുതിയാണ്. കേരളം പെട്രോളിന് ലിറ്ററിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും ഈടാക്കുന്നു.

കേരള ധനമന്ത്രിയുടെ വാദവും എതിർവാദങ്ങളും

ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ജനത്തിന് പ്രയോജനമുണ്ടാകില്ല എന്ന കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തിന് പിൻബലമേകിയത് പാചകവാതക വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയ ശേഷവും വില കുറയാതിരുന്ന അനുഭവമാണ്. പാചകവാതക വില 500 രൂപയായിരുന്നത് ഇന്നിപ്പോൾ 950 രൂപയായിട്ടുണ്ട്.

കേരളം പെട്രോളിനും ഡീസലിനും ഈടാക്കുന്ന വില്പനനികുതിയുടെ കണക്ക് മുകളിൽ സൂചിപ്പിച്ചു. കേന്ദ്രസർക്കാരാകട്ടെ, എക്സൈസ് ഡ്യൂട്ടി, അധിക സെസ് എന്നിവയും ഈടാക്കുന്നു. വലിയതോതിലുള്ള ഈ നികുതിക്കൊള്ളകളാണ് വാസ്തവത്തിൽ വിപണിയിൽ ഇന്ധനവില നൂറ് രൂപയ്ക്ക് മുകളിലേക്കുയർത്തി നിറുത്തുന്നത്.

ഇനി ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാലോ, പരമാവധി ഈടാക്കാവുന്നത് 28 ശതമാനം നികുതിയാണ്. അതായത് കേന്ദ്രത്തിനും സംസ്ഥാനത്തിനും 14 ശതമാനം വീതമേ ലഭിക്കൂ. അങ്ങനെ വരുമ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ 80 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ ജനത്തിന് ലഭിക്കും.

കേരളത്തിലാകട്ടെ, പെട്രോളിയം വില്പനയിൽ നിന്ന് കേരളസർക്കാർ രണ്ട് വർഷത്തോളം പ്രളയസെസ് ഈടാക്കുകയുണ്ടായി. 2100 കോടിയോളം ഈ ഇനത്തിൽ പിരിഞ്ഞു. റീബിൽഡ് കേരളയ്ക്കായി നീക്കിവയ്ക്കുമെന്നാണ് പ്രഖ്യാപനം. ഇക്കഴിഞ്ഞ ജൂലായ് 31നാണ് ഈ പിരിവ് അവസാനിപ്പിച്ചത്. മറ്റൊന്ന്, കേരളത്തിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് മാത്രമായി രൂപീകരിക്കപ്പെട്ട കിഫ്ബിയിലേക്കുള്ള സംഭാവനയാണ്. പെട്രോളിയം സെസ് ഇനത്തിൽ ഒരു രൂപ വീതം കേരളസർക്കാർ പിരിക്കുന്നു. ഇക്കഴിഞ്ഞ ജൂൺ 30വരെയുള്ള കണക്കനുസരിച്ച് പെട്രോളിയം സെസ് അനുസരിച്ച് 2673.71 കോടി രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ട്. സംസ്ഥാനസർക്കാരിന് ഇന്ധന നികുതിയിനത്തിൽ പിരിഞ്ഞുകിട്ടുന്ന വരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 7120.65കോടിയാണ് പിരിഞ്ഞു കിട്ടിയത്.

പാചകവാതക സിലിണ്ടറിന് കേന്ദ്രസർക്കാരിന്റെ വേറെ ചില നികുതിഗിമ്മിക്കുകൾ കാരണമാണ് വില ഉയർന്നത്. എങ്കിലും ജി.എസ്.ടി പരിധിയിലുള്ള പാചകവാതക സിലിണ്ടറിന് ജി.എസ്.ടി പ്രകാരമുള്ള നികുതി അഞ്ച് ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി ഇതിൽ രണ്ടരശതമാനം വീതം. ഇതുകൂടി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴത്തെ ആയിരമെന്നത് ഇതിനകം പാചകവാതകവില രണ്ടായിരം രൂപയായെങ്കിലും ഉയർന്നേനെയെന്നാണ് കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ ചൂണ്ടിക്കാട്ടിയത്.

കേരളത്തിന്റെ പരാധീനതകൾ

അഞ്ച് വർഷം കൂടുമ്പോൾ നടപ്പാക്കിവരുന്ന ശമ്പളപരിഷ്കരണവും മറ്റും സംസ്ഥാനസർക്കാരിന് വരുത്തിവയ്ക്കുന്നത് വലിയ ബാദ്ധ്യതയാണ്. ശമ്പള, പെൻഷൻ ഇനത്തിൽ മാത്രം ഏതാണ്ട് അയ്യായിരം കോടിക്ക് മുകളിലാണ് മാസച്ചെലവ്. കടമെടുത്ത് മുടിഞ്ഞ നില. എങ്ങനെയാണ് ഈയവസ്ഥയിൽ നികുതി കുറയ്ക്കൽ ആത്മഹത്യക്ക് മുതിരാൻ തോന്നുക!

മസാല ബോണ്ടിന്റെ കഥ

2019 മേയ് 17നാണ് കേരളം ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ചുകൊണ്ട് മണി മുഴക്കിയത്. അത് ലോക മുതലാളിത്തത്തിന്റെ മൂർത്തരൂപമെന്ന് കാൾമാർക്സ് തന്നെ കണക്കാക്കിയ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലെ മണിയാണ്. മുതലാളിത്തപാതയിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ്സർക്കാരും കാലെടുത്തുവച്ച ദിവസമായി ആ മേയ് 17. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മണി മുഴക്കിയത് മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ തന്നെ. കാര്യസ്ഥന്റെ റോളിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസകുമുണ്ടായിരുന്നു.

2150 കോടിയാണ് 9.72 ശതമാനം പലിശയ്ക്ക് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വഴി മസാലബോണ്ട് കേരളം പുറപ്പെടുവിച്ചത്. ഇത് അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ മൊത്തം അടവ് 3150 കോടിയാവും.

വിമർശനങ്ങൾക്കെല്ലാം ഉത്തരമായി വികസനം, വികസനം എന്ന വായ്ത്താരി മുഴങ്ങുന്നു. വികസനത്തിന് ചെലവുണ്ട്. അതിന് പണം വേണം. മസാലബോണ്ട് ഇറക്കിയിട്ടാണെങ്കിൽ അങ്ങനെ. അപ്പോൾ പെട്രോളിയം സെസ് ഒക്കെ നമുക്ക് അത്യാവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIVADAVELA, FUEL PRICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.