SignIn
Kerala Kaumudi Online
Thursday, 19 September 2024 9.28 AM IST

പ്ലസ് വൺ പഠനം വഴിമുട്ടുമോ ?

Increase Font Size Decrease Font Size Print Page

plus-one

ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാർ അവഗണന തുടരുന്ന മലബാറിൽ ഇത്തവണ എസ്.എസ്.എൽ.സി പാസായ 25 ശതമാനത്തോളം കുട്ടികൾ പ്ലസ് വൺ പഠന പരിധിക്കു പുറത്താവും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലായി ആകെ 2,​59,142 പേർ എസ്.എസ്.എൽ.സി പരീക്ഷ പാസായി പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ 59,866 കുട്ടികൾക്ക് പ്ലസ് വണിന് സീറ്റ് ലഭിക്കില്ല. ഇവർ സ്വകാര്യ സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളിൽ പണം മുടക്കി ഉപരിപഠനസാദ്ധ്യത കണ്ടത്തേണ്ട അവസ്ഥയാണ്. വി.എച്ച്.എസ്.ഇ, പോളിടെക്നിക് കോഴ്സുകൾ ഇതിന് പുറമേയുണ്ടെങ്കിലും ഈ സീറ്റുകളിലേക്ക് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, തമിഴ്നാട് ബോർഡ് എക്സാം എന്നിവ പാസായി വരുന്ന കുട്ടികളും ഉണ്ടാവും. ഇതോടെ മലബാർ മേഖലയിൽ തുടർപഠനത്തിന് അവസരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കാനിടയാക്കും. തെക്കൻ ജില്ലകളിൽ അധിക സീറ്റ് ഉള്ളപ്പോഴാണ് മലബാറിലെ വിദ്യാർത്ഥികൾ പ്ലസ് വണിന് സീറ്റ് കിട്ടാതെ ദുരിതത്തിലാവുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പത്താംക്ലാസ് പരീക്ഷ പാസായ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റ് കുറവുള്ളത്. ഇവിടെ 30 ശതമാനം സീറ്റുകളുടെ കുറവ് ഉണ്ടാകും. 75,​257 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പാസായപ്പോൾ 53,​225 പ്ലസ് വൺ സീറ്റുകളാണുള്ളത്. 22032 കുട്ടികളാണ് മലപ്പുറത്ത് പഠന അവസരം ലഭിക്കാതെ പുറത്താവുക. പാലക്കാട് ജില്ലയിൽ 27 ശതമാനം കുട്ടികൾ പ്ലസ് വൺ സീറ്റ് കിട്ടാതെ മറ്റു മാർഗം തേടേണ്ടിവരും. 28267 സീറ്റുകളുള്ള ജില്ലയിൽ 38,518 പേർ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

വയനാട് ജില്ലയിൽ 24 ശതമാനം സീറ്റുകളുടെ കുറവുണ്ട്. 11518 കുട്ടികൾ പ്ലസ് വൺ യോഗ്യത നേടിയ ജില്ലയിൽ 8706 സീറ്റുകളേയുള്ളൂ. കോഴിക്കോട് ജില്ലയിൽ 22 ശതമാനം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. 44430 കുട്ടികൾ എസ്.എസ്.എൽ.സി പാസായെങ്കിലും ജില്ലയിൽ 34472 സീറ്റുകളാണുള്ളത്. കാസർകോട് ജില്ലയിൽ 26 ശതമാനം കുട്ടികൾ പ്ലസ് വൺ പരിധിക്ക് പുറത്തു നില്‌ക്കേണ്ടി വരും. 19287 കുട്ടികൾ എസ്.എസ്.എൽ.സി പാസായ ജില്ലയിൽ 5009 കുട്ടികൾക്ക് സീറ്റ് ലഭിക്കില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 34481 കുട്ടികൾ ഉന്നതപഠനത്തിന് യോഗ്യത നേടി കണ്ണൂരിൽ 6714 കുട്ടികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാവും. 19 ശതമാനം കുട്ടികളാണ് ഇവിടെ പുറത്താകുക.

അതേസമയം,​ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള തെക്കൻ ജില്ലകളിലെല്ലാം സീറ്റ് അധികമാണെന്നത് ശ്രദ്ധേയമാണ്. പത്തനംതിട്ട ജില്ലയിൽ 43 ശതമാനം സീറ്റ് കൂടുതലാണ്. 10341 കുട്ടികൾ പ്ലസ് വൺ യോഗ്യത നേടിയ ജില്ലയിൽ 14781 സീറ്റുകളുണ്ട്. 4440 സീറ്റ് അധികം. കോട്ടയത്ത് 13 ശതമാനം സീറ്റ് അധികമുണ്ട്. 19636 പേരാണ് എസ്.എസ്.എൽ സി പാസായത്. 22208 പ്ലസ് വൺ സീറ്റുകളുമുണ്ട്. ഇടുക്കിയിൽ ആറും എറണാകുളത്ത് മൂന്നും സീറ്റ് അധികമുണ്ടാവും. അതേസമയം തൃശൂരും തിരുവനന്തപുരത്തും ഏഴും കൊല്ലം ജില്ലയിൽ 13 ഉം ശതമാനം സീറ്റ് കുറവാണ്.

മലബാർ മേഖലയിലെ പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു സർക്കാർ ഈ മേഖലയിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം നടപ്പാകുമ്പോൾ 1,99,276 സീറ്റുകളുള്ള വടക്കൻ ജില്ലകളിൽ 40 ശതമാനം വരെ സീറ്റുകൾ വർദ്ധിച്ചേക്കാം. പക്ഷേ, നിലവിലെ പ്രതിസന്ധിക്ക് ഇത് ശാശ്വത പരിഹാരമാകുമോയെന്ന് കണ്ടുതന്നെ അറിയണം.


അവഗണനയുടെ ചരിത്രം

1998 മുതലാണ് പ്രീഡിഗ്രി കോളജുകളിൽ നിന്ന് വേർപെടുത്തി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി പ്ലസ് ടു കോഴ്സാക്കി മാറ്റിയത്. 1998 ലും 2000ലും കേരളത്തിൽ വ്യാപകമായി പ്ലസ് ടു കോഴ്സുകൾ അനുവദിച്ചപ്പോൾ അന്നത്തെ നായനാർ സർക്കാർ പിന്നാക്ക ജില്ലകളോടും പിന്നാക്ക സമുദായങ്ങളോടും വലിയ വിവേചനം കാണിച്ചു. ഈ രണ്ട് വർഷങ്ങളിലായി അൺ എയ്ഡഡ് മേഖലയിൽ 397 പ്ലസ്ടു സ്‌കൂളുകൾ അനുവദിച്ചപ്പോൾ ക്രിസ്ത്യൻ സമുദായത്തിന് 183, നായർ സമുദായ മാനേജ്‌മെന്റുകൾക്ക് 92, ഈഴവ 71, മുസ്ലിം മാനേജ്‌മെന്റുകൾക്ക് 51 എന്നിങ്ങനെയാണ് ലഭിച്ചത്. ക്രിസ്ത്യൻ, ഈഴവ, നായർ മാനേജ്‌മെന്റുകൾക്ക് അന്ന് അനുവദിച്ച സ്‌കൂളുകൾ അധികവും തെക്കൻ ജില്ലകളിലായിരുന്നു. മലബാറിന് ആകെ ലഭിച്ചത് 50 ൽ താഴെ സ്‌കൂളുകൾ. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ അന്ന് തെക്കൻ ജില്ലകളിൽ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ പ്ലസ്ടു സ്‌കൂളുകൾ മലബാറിൽ അനുവദിക്കേണ്ടതായിരുന്നു.
പിന്നീട് 2001ൽ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായ നാലകത്ത് സൂപ്പിയുടെ നേതൃത്വത്തിൽ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് മലപ്പുറം ജില്ലയിൽ മാത്രം 49 ഗവൺമെന്റ് ഹൈസ്‌കൂളുകളെ ഹയർ സെക്കൻഡറിയാക്കി ഉയർത്തി.

വിവിധ ജില്ലകളിൽ ജില്ലാ പഞ്ചായത്തിന്റെയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ നിരവധി പദ്ധതികൾ വിജയം കണ്ടതിന്റെ ഫലമാണ് സമീപകാലത്തെ ഉയർന്ന വിജയശതമാനം. മലബാർ ജില്ലകളിൽ എസ്.എസ്.എൽ.സി വിജയശതമാനം ഓരോ വർഷവും കൂടിവരികയാണ്. ഇതോടെ കൂടുതൽ കൂടുതൽ പ്ലസ്ടു സീറ്റുകൾ ആവശ്യമായി വരികയും ചെയ്തു. 2011ലും 2014 ലുമായി പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ആകെ 84000 പുതിയ പ്ലസ്ടു സീറ്റുകൾ അനുവദിക്കപ്പെട്ടു. മലബാർ ജില്ലകളിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാനായിരുന്നു ഇവയിൽ ഏറെയും അനുവദിച്ചത്.

ആശങ്കയൊഴിയുന്നില്ല

സംസ്ഥാനത്ത് ഇക്കുറി 4,19,651 പേരാണ് എസ്.എസ്.എൽ.സി വിജയിച്ചത്. കേരളത്തിലാകെയുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 3,61,307. വി.എച്ച്.എസ്.സി, പോളി, ഐ.ടി.ഐ സീറ്റുകളുടെ എണ്ണമെടുത്താലും പത്താംക്ലാസ് വിജയിച്ച എല്ലാവരെയും ഉൾക്കൊള്ളാൻ സംസ്ഥാനത്ത് സീറ്റില്ലെന്നാണ് വസ്തുത. ഒന്നും രണ്ടും അലോട്ട്മെന്റുകൾക്ക് ശേഷം 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്കകൾ ഒഴിയുന്നില്ല.

സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം കഴിഞ്ഞദിവസം മുതൽ ആരംഭിച്ചു. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് പ്രകാരമാണ് പ്രവേശനം. പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബർ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്‌മെന്റ് പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ ഒന്നുവരെ സർട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ പോർട്ടലിലാണ് ഇന്നലെ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെയുണ്ടായിരുന്ന 44281 ഒഴിവുകളിൽ ലഭിച്ച 109320 അപേക്ഷകളിൽ 107915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKADU DARY, PLUS ONE ADMISSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.