SignIn
Kerala Kaumudi Online
Thursday, 19 September 2024 5.46 AM IST

വിഴിഞ്ഞം: ഉറപ്പില്ലാത്ത ഉറപ്പ് ഇനി വേണ്ട

Increase Font Size Decrease Font Size Print Page

vizhinjam-port

ലക്ഷ്യപ്രാപ്തിയിൽ നിന്ന് ബഹുദൂരം അകന്നുനിൽക്കുന്ന വിഴിഞ്ഞം തുറമുഖത്ത് 2023-ൽ കപ്പലടുപ്പിക്കാനാവുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. തുറമുഖ നിർമ്മാണം പൂർത്തിയാക്കാനാവശ്യമായ എല്ലാ പിന്തുണയും സഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സ്ഥലം സന്ദർശിച്ച തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ നിർമ്മാണത്തിന്റെയും നടത്തിപ്പിന്റെയും കരാർ എടുത്തിട്ടുള്ള അദാനി കമ്പനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പലകുറി മാറ്റിക്കുറിച്ച തീയതിക്കുശേഷവും നിർമ്മാണം നീണ്ടുപോകുന്നത് ഗൗരവമേറിയ വിഷയമായി സർക്കാർ ഇത്രയും കാലം എടുത്തില്ലെന്നതാണ് വസ്തുത. ഇനിയും ഇത്തരത്തിൽ നീട്ടിക്കൊണ്ടുപോകുന്നത് ആശാസ്യമല്ലെന്ന ബോദ്ധ്യത്തിൽ നിന്നാകണം തുറമുഖ മന്ത്രിയുടെ വിഴിഞ്ഞം സന്ദർശനവും സഹായവാഗ്ദാനവും. നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻ ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് അദ്ദേഹത്തിന് പ്രത്യേക ഓഫീസും അനുവദിച്ചു. ഇതുപോലൊരു വലിയ പദ്ധതിയുടെ നിർമ്മാണം നടക്കുമ്പോൾ പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ സർവസാധാരണമാണ്. അവയൊക്കെ സർക്കാർ ഇടപെട്ട് അപ്പപ്പോൾ പരിഹരിക്കുന്നതാണ് നാട്ടുനടപ്പ്. പദ്ധതി പ്രദേശത്ത് സർക്കാരിന്റെ സ്പെഷ്യൽ ഓഫീസറുടെ ഓഫീസും ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യവും തുടക്കം മുതലേ ഉണ്ടാകേണ്ടതായിരുന്നു. അതില്ലാതെ പോയതിന്റെ ദുരവസ്ഥയാണ് നിർമ്മാണത്തിൽ ഉടനീളം കാണാനാവുന്നത്. വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും കണക്കുകൾ എണ്ണിപ്പറഞ്ഞ് സമയം പാഴാക്കിയിട്ടു കാര്യമില്ല. തളർന്നുകിടക്കുന്ന നിർമ്മാണ പ്രവൃത്തികൾ എങ്ങനെ ത്വരിതഗതിയിൽ പൂർത്തിയാക്കാമെന്നു നോക്കുകയാണു വേണ്ടത്.

തുറമുഖമന്ത്രി നൽകിയ പുതിയ ഉറപ്പ് യാഥാർത്ഥ്യമാകണമെങ്കിൽ ഇനിയുള്ള രണ്ടുവർഷം തട്ടും തടയുമില്ലാതെ കാര്യങ്ങൾ മുന്നോട്ടുപോകണം. തുറമുഖ പ്രദേശത്തെ കടലിൽനിന്നു സംരക്ഷിക്കുന്നതിനുള്ള പുലിമുട്ട് മുപ്പതു ശതമാനമേ പൂർത്തിയായിട്ടുള്ളൂ. അതു പൂർത്തിയാക്കുന്നതാണ് നിർമ്മാണ കമ്പനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആവശ്യത്തിന് കരിങ്കൽ കിട്ടാത്തതിനാലാണ് പുലിമുട്ടു നിർമ്മാണം ഇഴഞ്ഞുനീങ്ങിയത്. അൻപതുലക്ഷം ടൺ പാറകൂടി ലഭിച്ചാലേ പുലിമുട്ടിന്റെ നിർമ്മാണം തീരൂ. തമിഴ്‌നാട്ടിൽ നിന്ന് പാറ എത്തിക്കാനുള്ള ധാരണയായിട്ടുണ്ട്. ഇതിനായി തുറമുഖമന്ത്രി ദേവർകോവിൽ ചെന്നൈയിൽ പോയി തമിഴ്‌നാട് മന്ത്രിയെ കണ്ട് സഹായം തേടിയിരുന്നു. കടൽവഴി പാറ എത്തിച്ച് പുലിമുട്ടുനിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതു കഴിഞ്ഞാൽ ശേഷിക്കുന്ന വലിയ രണ്ടു പ്രശ്നങ്ങൾ തുറമുഖ പ്രദേശവുമായി റെയിൽ - റോഡ് ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ്. ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് പ്രത്യേക റെയിൽപാത നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. തുറമുഖ നിർമ്മാണത്തിനൊപ്പം തുടങ്ങിയിരുന്നെങ്കിൽ ഇതിനകം അതും പൂർത്തിയാകേണ്ടതായിരുന്നു. ദീർഘവീക്ഷണമില്ലായ്മയും ആസൂത്രണത്തിന്റെ അഭാവവും എടുത്തുകാട്ടുന്നതാണ് ഇതൊക്കെ.

അടുത്തടുത്തുണ്ടായ രണ്ടു ചുഴലിക്കാറ്റുകളും കടൽക്ഷോഭവുമൊക്കെ തുറമുഖ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്നു പറയുന്നത് പൂർണമായും ശരിയല്ല. നിർമ്മാണത്തിലിരുന്ന പുലിമുട്ടിന്റെ കുറെഭാഗം കടൽക്ഷോഭത്തിൽ ഒഴുകിപ്പോയത് ശരിയാണ്. എന്നാൽ നിർമ്മാണം അപ്പാടെ നിലയ്ക്കാൻ കാരണം പ്രതികൂല കാലാവസ്ഥയാണെന്നു പറയുന്നത് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോടലാണ്. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാവശ്യമായ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും യന്ത്രസംവിധാനങ്ങളും ഇന്നു ലഭ്യമാണ്. ഇടയ്ക്കുണ്ടായ രണ്ടു ചുഴലിക്കാറ്റിനെ പഴിച്ച് തുറമുഖ നിർമ്മാണം ഇത്രയും വൈകിപ്പിച്ചതിനു നീതീകരണമൊന്നുമില്ല. സർക്കാരിന്റെ മേൽനോട്ടമില്ലാതെ പോയതാണ് പദ്ധതിക്കു വിനയായതെന്ന് തീർച്ചയാണ്. അതിനൊപ്പം നിർമ്മാണ കമ്പനിയുടെ മെല്ലെപ്പോക്കു കൂടിയായപ്പോൾ 'സ്വപ്ന പദ്ധതി" നിന്നിടത്തുനിന്ന് അനങ്ങാതെയായി. ഇനിയും പണി നീട്ടിക്കൊണ്ടുപോകാതെ 2023 അവസാനമെങ്കിലും തുറമുഖം യാഥാർത്ഥ്യമാക്കാൻ ഉത്സാഹിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIZHINJZM PORT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.