SignIn
Kerala Kaumudi Online
Thursday, 19 September 2024 3.21 PM IST

ഓരോ വർഷവും പരീക്ഷ എഴുതുന്നത് ലക്ഷങ്ങൾ, ജയിക്കുന്നത് 0.02 ശതമാനം, ഇത്രയേറെ പേർ സിവിൽ സർവീസിനു പിന്നാലെ പോകുന്നതിനുള്ള കാരണം എന്ത്?

Increase Font Size Decrease Font Size Print Page
ias

തിരുവനന്തപുരം: സിവിൽ സർവീസ് എന്ന കടമ്പ കടക്കാൻ ആഗ്രഹിക്കുന്നവരുടെ നിര ഇന്ന് വർദ്ധിച്ചു വരികയാണ്. ലക്ഷങ്ങളാണ് ഓരോ വർഷവും ഈ പരീക്ഷയ്ക്ക് എഴുതുന്നത്. ഒരു വർഷത്തെ മുഴുവൻ അദ്ധ്വാനവും ഉണ്ടാകും അതിനു പിന്നിൽ. എന്നാൽ 0.02 ശതമാനത്തിനു താഴെ മാത്രമാണ് ഈ പരീക്ഷയിലെ വിജയശതമാനം. ബാക്കിയുള്ളവരെല്ലാം പിന്തള്ളപ്പെടുകയാണ് പതിവ്. ഇത്തവണ 481ാം റാങ്ക് നേടി സിവിൽ സർവീസ് കടമ്പ കടന്ന തിരുവനന്തപുരം കരിക്കകം സ്വദേശി അശ്വതി എസ് നാലാമത്തെ ശ്രമത്തിലാണ് പരീക്ഷ വിജയിക്കുന്നത്. ആദ്യത്തെ മൂന്ന് തവണയും പ്രിലിംസ് പോലും ജയിക്കാൻ സാധിച്ചിരുന്നില്ല. പ്രിലിംസ് പരീക്ഷയിൽ 33 ശതമാനം മാ‌ർക്ക് നേടിയാൽ മാത്രമേ മെയിൻ പരീക്ഷ എഴുതുവാൻ എങ്കിലും സാധിക്കുകയുള്ളു. നിരവധി പേരാണ് ഇത്തരത്തിൽ നാലാമത്തെയും അഞ്ചാമത്തെയും തവണ പരീക്ഷ എഴുതുന്നത്. ഇതിനു മാത്രം എന്താണ് സിവിൽ സർവീസുകാരൻ ആകുന്നത് കൊണ്ടുള്ള പ്രയോജനം എന്ന് ചോദിച്ചാൽ പ്രയോജനം മാത്രമേ ഉള്ളൂ. മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന ബഹുമാനവും കൈനിറയേ ഉള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ഈ പദവിയുടെ ഗുണങ്ങളാണ്. എന്നാൽ ഇതിലെല്ലാം ഉപരിയായി ഈ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന അധികാരം ആണ് ഈ ജോലിയെ ഇത്രയേറെ ആകർഷകമാക്കുന്നത്.

മൊത്തം 24 വകുപ്പുകളിലാണ് സിവിൽ സർവീസ് പരീക്ഷകൾ നടത്തുന്നത്. ഐ എ എസ്, എ എഫ് എസ്, ഐ പി എസ്, അക്കൗണ്ട് ആൻജ് ഫിനാൻസ് സർവീസ് എന്നിവയാണ് പ്രധാന സിവിൽ സർവീസ് വകുപ്പുകൾ. ഇതിനു പുറമേ ഗ്രൂപ്പ് എയിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട് സർവീസ്, ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ് സർവീസ്, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ്, ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസ്, ഇന്ത്യൻ റെയിൽവേ പേഴ്സണൽ സർവീസ്, ആർ പി എഫ് അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ, ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ ട്രേഡ് സർവീസ് എന്നവയാണ് മറ്റ് വകുപ്പുകൾ.

ഉയർന്ന ശമ്പളം

സിവിൽ സർവീസ് പഠനം പൂർത്തിയാക്കിയ ഒരു തുടക്കകാരന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വേതനം എന്ന് പറയുന്നത് 50,000 രൂപയാണ്. എത്ര വർഷത്തെ സർവീസ് ഉണ്ടെന്നതിനെ അടിസ്ഥാനമാക്കി ഒന്നരലക്ഷം വരെ ഈ തുക ഉയരും. തുടക്കത്തിൽ ജൂനിയർ സ്കെയിൽ, സീനിയർ ടൈം സ്കെയിൽ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് എന്നീ സ്ഥാനങ്ങളാകും ലഭിക്കുക.

കുറച്ചു കൂടി പാകത വന്നാൽ സൂപ്പർ ടൈം സ്കെയിൽ എന്ന സ്ഥാനത്തേക്ക് ഉയരും. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ഈ സ്ഥാനത്തിരിക്കുമ്പോൾ ഉള്ള മാസശമ്പളം. അതിനു മുകളിൽ അപെക്സ് സ്കെയിൽ, കാബിനറ്റ് സെക്രട്ടറി ഗ്രേഡ് എന്നീ നിലകളിലായിരിക്കും ശമ്പളം ലഭിക്കുക. രണ്ടര ലക്ഷം രൂപയാണ് ഈ രണ്ട് ഗ്രേഡിലുമുള്ള ഐ എ എസ് ഉദ്യോഗസ്ഥരുടെ മാസവേതനം.

സൗജന്യ താമസം

ഓരോ സിവിൽ സർവീസ് ഉദ്യോഗസ്ഥന്രെയും റാങ്ക് അനുസരിച്ച് ബംഗ്ളാവോ മാളികകളോ സർക്കാർ അനുവദിക്കാറുണ്ട്. എന്നാൽ എത്ര വലിയ ബംഗ്ളാവ് വേണമെന്നത് ആ സംസ്ഥാനം ആയിരിക്കും തീരുമാനിക്കുക.

സൗജന്യ യാത്രാ സൗകര്യം
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ യാത്രകൾക്കു വേണ്ടി സൗജന്യ വാഹന സൗകര്യം സർക്കാർ നൽകും. തുടക്കക്കാർക്കും ഉൾനാടുകളിൽ പ്രവർത്തിക്കുന്നവർക്കും അംബാസിഡർ കാർ വാഹനമായി നൽകുമെങ്കിൽ തല മുതിർന്ന ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർക്ക് ടൊയോട്ട ഇന്നോവ മുതലായ ആഡംബര വാഹനങ്ങൾ നൽകും.

സുരക്ഷ

മറ്റേതൊരു സാധാരണ ഇന്ത്യൻ പൗരനെയും പോലെ സ്വയരക്ഷയ്ക്കു വേണ്ടി ലൈസൻസുള്ള തോക്ക് ഉപയോഗിക്കാമെങ്കിലും ഐ എ എസ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തിൽ ആയുധങ്ങൾ ഒന്നും നൽകാറില്ല. എന്നാൽ ഇവരുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്കു വേണ്ടി മൂന്ന് ഹോം ഗാർഡുകളേയും രണ്ട് ബോഡിഗാർഡുകളേയും ലഭിക്കും. എന്നാൽ ഐ പി എസ് ഉദ്യോഗസ്ഥർക്ക് മറ്റ് സുരക്ഷാ സൗകര്യങ്ങൾക്കു പുറമേ സർക്കാർ ഒരു തോക്ക് കൂടി അധികമായി നൽകും.

കുറഞ്ഞ ബില്ലുകൾ

വളരെയേറെ കുറഞ്ഞ ബില്ലുകളാണ് ഇവർക്കു വരാറുള്ളത്. ഇതിൽ കറണ്ട്, വെള്ളം, പാചകവാതകം, ഫോൺ എന്നിവയെല്ലാം ഉൾപ്പെടും. ഇതിനു പുറമേ വളരെ തുച്ഛമായ തുകയ്ക്ക് സർക്കാർ അതിഥി മന്ദിരങ്ങളും ബംഗ്ളാവുകളും ഇവർക്കും കുടുംബാംഗങ്ങൾക്കും വാടകയ്ക്ക് ലഭിക്കും. അനൗദ്യോഗിക ആവശ്യങ്ങൾക്കും ഈ സൗകര്യം ഇവർക്ക് ലഭിക്കുന്നതാണ്.

രണ്ട് വർഷം വരെ അവധി

ഏഴു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് രണ്ട് വർഷത്തെ ഔദ്യോഗിക അവധി ഉപരി പഠനം ചെയ്യുന്നതിന് ലഭിക്കും. ഇത്തരത്തിൽ അവധി എടുത്ത് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നതിന്റെ ചിലവുകൾ സർക്കാർ വഹിക്കും. ഇനി പെൻഷൻ പറ്റിയാൽ ജീവിതകാലം മുഴുവൻ നല്ലൊരു തുക പെൻഷനായും ലഭിക്കും.

അധികാരം

സർക്കാരിന്റെ വിവിധ പദ്ധതികൾ താഴെത്തട്ടിലുള്ള ജനങ്ങൾക്കു വരെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ പ്രധാന ജോലി. അതിനുവേണ്ടി ഈ ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന അധികാരങ്ങൾ നിരവധിയാണ്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ മജിസ്‌ട്രേറ്റ്, ഡിവിഷണൽ കമ്മീഷണർ എന്നിങ്ങനെ നിരവധി അധികാരങ്ങൾ സാഹചര്യമനുസരിച്ച് ഈ ഉദ്യോഗസ്ഥർക്ക് പ്രയോഗിക്കാം. ഇതിലുപരിയായി ഒരു പ്രദേശത്തെ സർക്കാരിന്റെ പ്രതിനിധിയായാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ജനങ്ങൾക്കും സർക്കാരിനും ഇടയിലുള്ള പാലമാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CAREER, IAS, INDIAN ADMINISTRATIVE SERVICE, PERKS, BENEFITS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.