ബാഴ്സലോണയെ 2-0ത്തിന് കീഴടക്കി അത്ലറ്റിക്കോ മാഡ്രിഡ്
ഗോളടിച്ചതും അടിപ്പിച്ചതും മുൻ ബാഴ്സ താരം ലൂയിസ് സുവാരേസ്
മാഡ്രിഡ് : പ്രായം കൂടിയെന്ന് പറഞ്ഞ് തന്നെ കഴിഞ്ഞ വർഷം ബാഴ്സലോണയിൽ നിന്ന് പുറത്താക്കിയ പരിശീലകൻ റൊണാൾഡ് കൂമാനോട് മധുരപ്രതികാരവുമായി അത്ലറ്റിക്കോ മാഡ്രിഡ് താരം ലൂയി സുവരേസ. മെസിയും ടീം വിട്ടതോടെ ദുർബലരായി മാറിയ ബാഴ്സയെ കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാ ലിഗ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിക്കുകയായിരുന്നു.ഈ രണ്ട് ഗോളുകളിലും സുവാരേസിന്റെ മാന്ത്രിക സ്പർശമുണ്ടായിരുന്നു. . 23–ാം മിനിട്ടിൽ തോമസ് ലെമാർ നേടിയ ആദ്യ ഗോളിനു വഴിയൊരുക്കിയ സുവാരേസ്, 44–ാം മിനിട്ടിൽ ലെമാറിന്റെ പാസിൽനിന്ന് രണ്ടാം ഗോളും നേടി.
ജസ്റ്റ് എ ഫോൺ കാൾ
തന്റെ മുൻ ടീമിനെതിരെ ഗോളടിച്ച ശേഷം സുവാരേസ് അമിതാഘോഷങ്ങൾക്ക് മുതർന്നില്ല. എന്നാൽ കൈ കൊണ്ട് ഫോൺ ചെയ്യുന്ന ആംഗ്യം കാണിച്ചത് തന്നെ ബാഴ്സ കോച്ച് കൂമാന്റെ നെഞ്ചുപിളർക്കുന്നതായിരുന്നു. തന്നെ ഒഴിവാക്കുന്ന കാര്യം കൂമാൻ ഒരു ഫോൺകാളിലൂടെയാണ് അറിയിച്ചതെന്ന് സുവാരേസ് അന്ന് പരിഭവിച്ചത് ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു ഇപ്പോഴത്തെ ഗോളാഘോഷം.
തരിപ്പണമായി ബാഴ്സ
ഈ സീസണിലെ ഏഴു മത്സരങ്ങളിൽ ആദ്യ തോൽവിയാണ് അത്ലറ്റിക്കോയിൽ നിന്ന് ഏറ്റുവാങ്ങിതെങ്കിലും പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ് മുൻ ചാമ്പ്യന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |