SignIn
Kerala Kaumudi Online
Thursday, 19 September 2024 12.28 PM IST

പോക്സോ കേസുകളിൽ വിചാരണ വൈകുന്നു, കെട്ടിക്കിടക്കുന്നത് പതിനായിരത്തിലേറെ കേസുകൾ

Increase Font Size Decrease Font Size Print Page
po

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ നടപടികൾക്കും വിചാരണയ്ക്കും കാലതാമസം വരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് 2020 വരെയുള്ള കേസുകളുടെ കണക്കെടുത്താൽ കെട്ടിക്കിടക്കുന്ന കേസുകൾ പതിനായിരം കവിയും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് നിയമമെങ്കിലും സംസ്ഥാനത്ത് ഇത് നടപ്പാകുന്നില്ല. പോക്‌സോ നിയമനടത്തിപ്പ് കാര്യക്ഷമമാക്കാൻ വിവിധ വകുപ്പുകളുമായി ബാലാവകാശ കമ്മിഷൻ നടത്തിയ കൂടിയാലോചനാ യോഗങ്ങളുടെ അന്തിമ റിപ്പോർട്ടിലാണ് കേരളത്തിൽ പോക്സോ കേസുകളുമായി ബന്ധപ്പെട്ട നടപടികളിലെ കാലതാമസം വെളിപ്പെട്ടത്. കുട്ടികൾക്കെതിരായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും തെളിവെടുപ്പിലും കുറ്റപത്ര സമർപ്പണത്തിലും കാലതാമസമുണ്ടാകുന്നതിനൊപ്പം പോക്സോ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ വൈകുന്ന സാഹചര്യവും റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതും പോക്‌സോ കോടതികളിൽ ബാലസൗഹൃദ അന്തരീക്ഷമില്ലാത്തതുമാണ് അതിൽ പ്രധാനം. ഇരകൾ പട്ടിക വിഭാഗത്തിൽപ്പെടുന്നവരാണെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമേ എസ്.സി, എസ്.ടി വകുപ്പുകളിൽ കേസെടുക്കണമെന്നുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. പൊലീസ് സ്റ്റേഷനുകളിൽ ചൈൽഡ് വെൽഫയർ ഓഫീസർമാരെ നിയമിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ ഈ നിർദേശം ഉടൻ നടപ്പാക്കാൻ ബാലാവകാശ കമ്മിഷൻ പൊലീസ് മേധാവിമാർക്ക് ശുപാർശ നൽകി. കൂടാതെ കുട്ടികളുടെ മൊഴിയെടുക്കുമ്പോൾ രക്ഷിതാക്കളുടെയോ കുട്ടിക്ക് വിശ്വാസമുള്ളവരുടെയോ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും വിചാരണ വേളകളിൽ കുട്ടികൾക്ക് പിന്തുണ നൽകാൻ സമിതി രൂപവത്കരിക്കണമെന്നും ശുപാർശചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളിലെ ശിശുസംരക്ഷണ സമിതി കാര്യക്ഷമമാക്കുക,​ പാഠ്യപദ്ധതിയിൽ പോക്‌സോ നിയമം, ലൈംഗിക വിദ്യാഭ്യാസം, കുട്ടികളുടെ അവകാശങ്ങൾ എന്നിവ ഉൾപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിനും സമർപ്പിച്ചിട്ടുണ്ട്.

പോക്സോ നിയമം

ഇന്ത്യയിൽ കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി 2012-ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്, 2012 ( POCSO ആക്ട്). ഈ നിയമം ഉപയോഗിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും പോക്സോ നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കോ കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനായാണ് ഈ നിയമം സർക്കാർ നടപ്പാക്കിയത്.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യമെന്നാൽ

ഒരു കുട്ടിക്ക് പൂർണമായും മനസിലാക്കാനോ അനുവാദം നൽകാനോ കഴിയാത്ത ലൈംഗികമായ പ്രവൃത്തിയിൽ അവനെ/അവളെ ഉൾപ്പെടുത്തുന്നതാണ് ലൈംഗികമായ കുറ്റകൃത്യം. ഒരു കുട്ടി സ്വാഭാവികമായും ലൈംഗികമായ പ്രവൃത്തികളെക്കുറിച്ച് അറിവില്ലാത്തയാളായാണ് കണക്കാക്കപ്പെടുക. അത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ വളർച്ചാപരമായ പരിമിതികൾ ഉള്ളതിനാൽ കുട്ടികൾക്ക് ബോധപൂർവമായ സമ്മതം നല്കാൻ കഴിയില്ല.ഒരു കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ക്ഷേമത്തിനും ഭീഷണിയാകുന്നതും, ദീർഘകാലം അവരുടെ ശാരീരികമോ മാനസികമോ സാമൂഹ്യമായോ ആയ ആരോഗ്യത്തെ ബാധിക്കുന്നതുമായ പ്രവൃത്തികളോ വീഴ്ചകളോ ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിനെ ആ കുട്ടിയ്ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കാം. ഈ വ്യക്തി പ്രായപൂർത്തിയായ ആളോ മറ്റൊരു കുട്ടിയോ ആവാം.

പോക്സോ നിയമപ്രകാരം

കുട്ടിയെന്നാൽ?
ഇന്ത്യയിലെ നിയമവ്യവസ്ഥ പൂർണവളർച്ചയുടെ പ്രായമായി കണക്കാക്കുന്ന 18 വയസിന് താഴെ പ്രായമുള്ള ഏതൊരാളും നിയമത്തിന് മുന്നിൽ കുട്ടിയാണ്.

പോക്സോ കേസ് ഫയൽ ചെയ്യുന്നതെങ്ങനെ

പോക്സോ നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നതായി അറിവുള്ള ഏതൊരാൾക്കും അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
രക്ഷിതാക്കൾ, ഡോക്ടർ, സ്കൂൾ അധികൃതർക്കോ കുട്ടിയ്ക്ക് സ്വന്തമായോ കേസ് ഫയൽ ചെയ്യാം. നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നു കഴിഞ്ഞെന്നോ നടക്കാൻ പോകുന്നുവെന്നോ അറിവുള്ളയാൾ ഈ വിവരം സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനെയോ ലോക്കൽ പൊലീസിനെയോ അറിയിക്കുകയാണ് വേണ്ടത്.

സമയപരിധിയില്ല

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ സമയപരിധിയൊന്നും പോക്സോ നിയമം നിഷ്‌കർഷിക്കുന്നില്ല. കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാവുന്നതാണ്.

2019 ലെ കണക്കനുസരിച്ച് പോക്സോ നിയമപ്രകാരമുള്ള 7271 കേസുകളാണ് തീർപ്പാകാനുള്ളത്. 2019 വരെയുള്ള ആകെ കേസുകളുടെ എണ്ണം 8677 ആയിരുന്നു. ഇതിൽ 1406 എണ്ണം തീർപ്പായി. 2020-ൽ റിപ്പോർട്ട് ചെയ്ത 3030 കേസുകൾകൂടി കൂട്ടിയാൽ കെട്ടിക്കിടക്കുന്നവയുടെ എണ്ണം പതിനായിരം കടക്കും. വിവിധ വകുപ്പുകൾക്ക് നൽകിയ ശുപാ‍ർശയിൽ സ്വീകരിച്ച നടപടികൾ 60 ദിവസത്തിനകം കമ്മിഷനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കെ.വി.മനോജ് കുമാർ,

ബാലാവകാശ കമ്മിഷൻ ചെയർമാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POCSO CASE, POCSO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.