തിരുവനന്തപുരം: തീവ്ര വർഗീതയുടെ മറവിൽ രാജ്യത്തെ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്യുന്ന മോദി സർക്കാർ കർഷകരെ കശക്കിയെറിഞ്ഞ് രാജ്യത്തെ ഇരുട്ടിലാക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. നരേന്ദ്ര മോദിയുടെ കർഷക വേട്ടയ്ക്കെതിരെ കേരള കർഷക സംഘം ജില്ലാ കമ്മിറ്റി നടത്തിയ രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ കർഷക വിരുദ്ധതയ്ക്കെതിരെ പൊരുതുന്ന കർഷകർക്കെതിരെ ഏത് അതിക്രമവും ചെയ്യാമെന്ന ധാർഷ്ഠ്യത്തിന് മുന്നിൽ കീഴടങ്ങില്ല.
കോർപറേറ്റുകൾക്ക് വേണ്ടി മാത്രം രാജ്യം ഭരിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. പൊതുവിതരണ ശ്യംഖല തകർക്കാനുള്ള നീക്കത്തിന് പിന്നിൽ ഡബ്ളിയു.ടി.ഒയുടെ ഗൂഢാലോചനയുണ്ട്. ഭക്ഷ്യധാന്യ വിതരണ ശ്യംഖല ഇല്ലാതാക്കാൻ ഡബ്ളിയു.ടി.ഒ നിർബന്ധിക്കുന്നത് കോർപറേറ്റുകൾക്ക് വേണ്ടിയാണ്. ഇത്തരം നീക്കങ്ങൾക്ക് എതിരെ സമരം കൂടുതൽ ശക്തമാക്കുമെന്നും വിജയരാഘവൻ പറഞ്ഞു. ലഘിംപൂരിൽ കൊല്ലപ്പെട്ട കർഷകർക്കും മാദ്ധ്യമപ്രവർത്തകനും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി വിക്രമൻ, പ്രസിഡന്റ് വി.എസ് പദ്മകുമാർ,സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |