ചാലക്കുടി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ചാരത്ത് ഒരത്ഭുതമായി നിൽക്കുന്ന മാടം പതിനഞ്ച് കൊല്ലം മുമ്പ് താനും സഹപ്രവർത്തകരും ചേർന്നുണ്ടാക്കിയതാണെന്ന് വനസംരക്ഷണ സമിതി പ്രസിഡന്റ് സഹജൻ.
ബ്രിട്ടീഷ് സൈനിക ഓഫീസറുടെ ബുദ്ധിവൈഭവമാണെന്ന പ്രചാരണവും വിവാദവും എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും സഹജൻ പറയുന്നു. സ്ഥിരമായി വിനോദ സഞ്ചാരികൾ പുഴയിലിറങ്ങി മരണം സംഭവിക്കുന്ന ദുരവസ്ഥ ഒഴിവാക്കാൻ വെള്ളച്ചാട്ടത്തിനടുത്ത് കാവൽ വേണമെന്ന ആവശ്യം ഉയർന്നു.
കാവൽക്കാർക്ക് വെയിലും മഴയുമേൽക്കാതെ ഇരിപ്പിടം വേണം. ഇതിനായി വി.എസ്.എസ് പ്രവർത്തകർ 2007ൽ നിർമ്മിച്ചതാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കുടിൽ. മലവെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയാനുള്ള അദൃശ്യ ശക്തിയൊന്നും മാടത്തിനില്ല. വെള്ളച്ചാട്ടത്തിന് അഭിമുഖമായി പന്ത്രണ്ടടി ഉയരത്തിൽ നിൽക്കുന്ന പാറയുടെ അഗ്രത്തിലാണ് കുടിൽ.
കുതിച്ചെത്തി താഴേയ്ക്ക് പതിക്കുന്ന വെള്ളത്തെ രണ്ടാക്കി വിഭജിക്കലാണ് ആ വലിയ പാറയുടെ ദൗത്യം. പ്രകൃതിയുടെ വരദാനമായ അത്ഭുതപാറയുടെ മുകളിൽ കുടിൽ കെട്ടിയത് പരിസരത്തെ കരകൗശല നിർമ്മാണ വിദഗദ്ധരായ യുവാക്കളുടെ ദീർഘ വീക്ഷണമായിരുന്നു. 2018ലെ പ്രളയത്തിൽ പതിവിൽ കൂടുതൽ വെള്ളം പൊന്തിയപ്പോൾ കുടിലിന്റെ മേൽക്കൂര ഒഴുകിപ്പോയി. പതിവ് പോലെ പിന്നീട് അറ്റകുറ്റ പണി നടത്തി പ്രവർത്തകർ ഇതിനെ പൂർവസ്ഥിതിയിലാക്കി.
പുന്നകൈ മന്നനിലൂടെ ഫേമസായി !
തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച പുന്നകൈ മന്നൻ എന്ന സിനിമയ്ക്ക് ശേഷമാണ് അതിരപ്പിള്ളിയിലെ കൂറ്റൻ പാറയെ തമിഴ്നാട്ടുകാർ സ്‌നേഹിക്കാനും അടുത്തറിയാനും തുടങ്ങിയത്. നായകൻ കമലാഹാസൻ നായിക രേഖയുമായി ഈ പാറപ്പുറത്ത് നിന്നാണ് വെള്ളച്ചാട്ടത്തിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് മുമ്പായി നായകൻ പാറയിൽ എഴുതിവച്ച തങ്ങളുടെ പേരുകൾ വർഷങ്ങളോളം ഇവിടെ മായാതെ കിടന്നു. തമിഴ്‌നാട്ടിൽ നിന്നും വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കിനും പാറ നിദാനമായി.
പഞ്ചായത്ത് പ്രസിഡന്‌റായിരുന്ന 2002ലാണ് അതിരപ്പിള്ളിയിൽ വി.എസ്.എസ് രൂപീകരിച്ചത്. പിന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വെള്ളച്ചാട്ടത്തിനടുത്ത് പാറയുടെ മുകളിൽ കുടിൽ കെട്ടിയത്
എൻ.ആർ. സതീശൻ