തിരുവനന്തപുരം: ജമ്മുകാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ എച്ച്. വൈശാഖിന്റെ കുടുംബത്തിന് പരമാവധി ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനൽകി. കഴിഞ്ഞ ദിവസം വൈശാഖിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു വൈശാഖെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശോച്യാവസ്ഥ പരിഹരിക്കണം
പത്തനംതിട്ട ഗവിയിലെ കേരള വനംവികസന കോർപ്പറേഷൻ വക കോളനിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മന്ത്രിമാരായ എ.കെ. ശശീന്ദ്രനും കെ. രാധാകൃഷ്ണനും കത്ത് നൽകി. ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ ചെന്നിത്തല ഗവി സന്ദർശിച്ചിരുന്നു. കെ.എഫ്.ഡി.സിയുടെ എസ്റ്റേറ്റുകൾ പ്രവർത്തനക്ഷമമാക്കുക, കൊച്ചുപമ്പ, ഗവി മേഖലകളിൽ മൊബൈൽ നെറ്റ്‌വർക്കും ഇന്റർനെറ്റ് സൗകര്യവും ഒരുക്കുക, കോളനി നിവാസികൾക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ കത്തിലുന്നയിച്ചിട്ടുണ്ട്.