SignIn
Kerala Kaumudi Online
Sunday, 28 November 2021 1.38 AM IST

ബംഗ്ലാദേശിൽ വർഗീയ കലാപം : ന്യൂനപക്ഷങ്ങളുടെ വീടുകൾക്ക് തീയിട്ടു

hhjgh

ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ, മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 66ഓളം വീടുകൾ തകർത്തു. ഇരുപതോളം വീടുകൾക്ക് തീയിട്ടു.

ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂർ ജില്ലയിലെ പിർഗോഞ്ച് ഉപാസിലാ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചാണ് സംഘർഷം ഉടലെടുത്തത്. എന്നാൽ ഇത് വ്യാജ ഫേസ്ബുക്ക് പോസ്റ്റാണെന്ന് തിരിച്ചറിഞ്ഞു. ആരോപണ വിധേയനായ യുവാവിന്റെ വീടിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും കലാപകാരികൾ തൊട്ടടുത്ത വീടുകൾ ആക്രമിച്ച് തീ വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. വാഹനങ്ങളും കത്തിച്ചു. ആളപായമില്ല. സംഭവത്തിൽ 50ഓളം പേരെ അറസ്റ്റ് ചെയ്തു.

ബംഗ്ളാദേശിൽ കഴിഞ്ഞ ആഴ്ച അവിടത്തെ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേ സമയം ദുർഗാപൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ പറഞ്ഞു. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രണമങ്ങൾ വഴി രാജ്യവ്യാപകമായി വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊമിലയിലെ ദുർഗാപൂജ കേന്ദ്രത്തിൽ മുസ്ലീങ്ങളുടെ മതഗ്രന്ഥമായ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് നടന്ന സംഘർഷമാണ് പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചത്.

അക്രമങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ബംഗ്ലാദേശിലെ മതസൗഹാർദ്ദം തകർക്കുകയാണ് ഇതുകൊണ്ട് അവർ ലക്ഷ്യമിട്ടതെന്നും അസദുസ്മാൻ പറഞ്ഞു.

ആരൊക്കെയാണ് സംഭവത്തിൽ ഉൾപ്പെട്ടത് എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒരു ഇമാം ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. 22 കാരനായ മുനാവർ റഷീദ്, ഡോക്ടറായ കാഫിൽ ഉദ്ദിൻ,പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. കദിം മയ്ജതിയിലെ കാളി മന്ദിർ ആക്രമിച്ച സംഭവത്തിൽ ക്ഷേത്രം അധികാരി ബീരേന്ദ്ര ചന്ദ്ര ബൊർമോൺ നൽകിയ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക കലാപത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം

രാജ്യത്തെ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്) ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഇസ്‌കോൺ ആവശ്യപ്പെട്ടു.

മതമൗലിക വാദികളുടെ ആക്രമണത്തിൽ ഹിന്ദുക്കളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടുവെന്നും നിരപരാധികളായ ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്നും അവർ പറ‍‍‍ഞ്ഞു. ' ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. മരണപ്പെട്ട വിഷ്ണു ഭക്തരായ പ്രാന്ത ചന്ദ്ര ദാസ്, ജതൻ ചന്ദ്ര സാഹ എന്നിവരുടെ ഇവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്ന് ഇസ്‌കോൺ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്‌കോൺ അംഗം നിമൈ ചന്ദ്ര ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗ്ലാദേശിലെ ജനസംഖ്യയുടെ പത്ത് ശതമാനമാണ് ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.