ദുബായ്: രണ്ടാം സന്നാഹത്തിലും ജയം നേടി ടീം ഇന്ത്യ ട്വന്റി-20 ലോകകപ്പിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഇന്നലെ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ 9 വിക്കറ്റിന്റെ ഗംഭീര ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (153/1). രോോഹിത് ശർമ്മയായിരുന്നു ഇന്നലെ ഇന്ത്യയെ നയിച്ചത്. ടോസ് നേടിയ ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
പവർപ്ലേയിൽ പന്തെടുത്ത ആർ.അശ്വിൻ ഡേവിഡ് വാർണറേയും (1), മിച്ചൽ മാർഷിനേയും (0) രണ്ടാമത്തെ ഓവറിലെ അവസാന പന്തുകളിൽ വീഴ്ത്തി കംഗാരുക്കളെ ഞെട്ടിച്ചു. ജഡേജ ഫിഞ്ചിനേയും (8) വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 11/3 എന്ന നിലയിൽ പ്രതിസന്ധിയിലായി ഓസീസിനെ സ്റ്റീവ് സ്മിത്ത് അർദ്ധസെഞ്ചുറിയുമായി (48 പന്തിൽ 57) കരകയറ്റുകയായിരുന്നു. ഗ്ലെൻ മാക്സ്വെൽ (28 പന്തിൽ 37), മാർക്കസ് സ്റ്റോയിനിസ് (25 പന്തിൽ 41) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രാഹുൽ ചഹാറും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്ക് രോഹിതും (41 പന്തിൽ 60 റിട്ടയേർഡ്) രാഹുലും (39) തകർപ്പൻ തുടക്കമാണ് നൽകിയത്. സൂര്യകുമാർ യാദവ് (27 പന്തിൽ 38), ഹാർദ്ദിക് പാണ്ഡ്യ (8 പന്തിൽ 14) എന്നിവർ പുറത്താകാതെ നിന്നു.
ബൗളറായി കൊഹ്ലി
ഇന്നലെ ഇന്ത്യ ആറാം ബൗളറായി പരീക്ഷിച്ചത് സാക്ഷാൽ വിരാട് കൊഹ്ലിയെ. ഓസീസ് ഇന്നിംഗ്സിന്റെ ഏഴാം ഓവറിലാണ് മീഡിയം പേസർ കൊഹ്ലി ബാളെടുത്തത്. 2 ഓവർ എറിഞ്ഞ കൊഹ്ലി 12 റൺസ് വഴങ്ങി. വിക്കറ്റില്ല. ആറാം ബൗളിംഗ് ഓപ്ഷൻ തേടുന്നുണ്ടെന്ന് രോഹിത് പറഞ്ഞിരുന്നു.ബാറ്റർമാരിൽ നിന്ന് പാർട്ടൈം ബൗളർമാരെ കണ്ടെത്താനുള്ള ശ്രമമാണ്.മെന്റർ ധോണിയാണൊ കൊഹ്ലി ബൗൾചെയ്തതിന് പിന്നിലെന്നും ചർച്ചകൾ ഉയരുന്നുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |