SignIn
Kerala Kaumudi Online
Friday, 26 April 2024 4.40 PM IST

ജൈന പ്രതിമകൾക്കരികിൽ ഭഗവതി ,നൂറ്റാണ്ടുകളുടെ പൈതൃകംപേറി ചിതറാൽ

jain-temple-

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജൈന ക്ഷേത്രമാണ് ചിതറാൽ. കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ കാണപ്പെടുന്ന ഈ ക്ഷേത്രമിപ്പോൾ അറിയപ്പെടുന്നത് ചിതറാൽ ഭഗവതി ക്ഷേത്രം എന്നാണ്.ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയില്‍ കാണുന്ന കമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും ഇത് തന്നെ.ഭാരതത്തിലെ മിക്ക ജൈന ക്ഷേത്രങ്ങളും ഹിന്ദു ക്ഷേത്രങ്ങളായതിന്റെ ഭാഗമാണ് ഇതും.

പ്രതിഷ്ഠ

ഈ ക്ഷേത്രത്തിലെ ഇപ്പോഴത്തെ പ്രതിഷ്ഠ ഭഗവതിയാണ്. 1913ല്‍ ശ്രീമൂലം തിരുനാളാണ് ഭഗവതി പ്രതിഷ്ഠ ചെയ്തത്. അതുവരെ പദ്മാവതി ദേവി പ്രധാന ആരാധനമൂർത്തിയായിരുന്നു എന്നും കരുതപ്പെടുന്നു.പാറയിൽകെത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി സന്യാസിനി ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്.

jain-temple-

ചരിത്രം

ഒമ്പതാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ജൈന ക്ഷേത്രം അക്കാലത്തെ വാസ്തുവിദ്യയുടെ എറ്റവും പ്രധാന ഉദാഹരണങ്ങളിൽ ഒന്നാണ്. മലൈകോവിൽ എന്ന് നാട്ടുകാർ വിളിക്കുന്ന ഈ ക്ഷേത്രം വിക്രമാദിത്യ വരഗുണ രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടുവെന്ന് കരുതുന്നു.ആദ്യ കാലത്ത് ക്ഷേത്രം ജൈന സന്യാസിമാരുടെ താവളമായിരുന്നുവെങ്കിലും പിന്നീട് ഹിന്ദുമതത്തിന്റെ വ്യാപനത്തോടുകൂടി ഇതൊരു ഹിന്ദുക്ഷേത്രമായി മാറിയിരിക്കാമെന്നും ചരിത്രക്കാർ പറയുന്നു. ഭാരതചരിത്രത്തിന്റെ ഏടുകളിൽ ബുദ്ധ മതത്തോളം തന്നെ പ്രാധാന്യത്തോടെ ഇടം നേടിയിട്ടുള്ള ജൈന മതം കാലങ്ങൾക്ക് മുൻമ്പ് തന്നെ കേരളത്തിലും, തമിഴ് നാട്ടിലും വ്യാപകമായി പ്രചരിച്ചിരുന്നു എന്നും അക്കാലത്തെ വാസ്തുവിദ്യ ലോക നിലവാരത്തിലുള്ളതായിരുന്നു എന്നും ചിതറാൽ ക്ഷേത്രം സാക്ഷ്യപ്പെടുത്തുന്നു.

എങ്ങനെ എത്താം?

മാര്‍ത്താണ്ഡത്തുനിന്ന് രണ്ടു കിലോമീറ്ററോളം കുലശേഖരം റൂട്ടില്‍ സഞ്ചരിച്ചാല്‍ പയണം എന്ന സ്ഥലത്ത് എത്തിച്ചേരാം. അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് തിക്കുറിശ്ശി വഴി മൂന്നര കിലോമീറ്റർ മുന്നോട്ട് സഞ്ചരിച്ചെത്തുന്നതാണ് ചിതറാൽ മലയടിവാരം. അവിടെ നിന്ന് ഒന്നര കിലോമീറ്റർ മല കയറിയാൽ ക്ഷേത്രത്തിൽ എത്താം.ഭക്തിയുടെ അന്തരീക്ഷത്തിനൊപ്പം പ്രകൃതി ഭംഗിയുടെ അസാധാരണ അനുഭവങ്ങൾ കൂടെയാണ് ചിതറാൽ മല ഭക്തർക്കായി ഒരുക്കുന്നത്.

മല മുകളിലേക്ക് സഞ്ചരിക്കുന്ന വഴികളിൽ വിശ്രമത്തിനായി കോൺക്രീറ്റ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.മലമുകളിൽ എത്തിയാൽ വിശ്രമം ഒരുക്കാനായി ആൽമരം പടർന്ന് നിൽക്കുന്നുണ്ട്.അതിന് സമീപമായി കാണുന്ന കവാടത്തിന് അരികിലെ പാറക്കെട്ടുകൾക്കിടയിലൂടെ നീങ്ങിയാൽ ഭഗവതി ക്ഷേത്രത്തിൽ എത്താം. അവിടെനിന്നും മുകളിലേക്ക് കയറിയാൽ ക്ഷേത്രത്തിന്റെ മുകൾ ഭാഗവും, ദൂരെയായി തമ്രപർണി നദിയും, പച്ചപുതച്ച് നിൽക്കുന്ന താഴ്‌വാരങ്ങളും, ജലാശയങ്ങളും, ചെറു പട്ടണങ്ങളും, ആരാധനാലയങ്ങളുടെ ഉയർന്ന് നിൽക്കുന്ന ഗോപുരങ്ങളും കാണാം.ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിനൊപ്പം പ്രകൃതിയുടെ മനോഹാരിതയും സമ്മാനിക്കുന്ന ഈ ജൈന ക്ഷേത്രം,ഭക്തർക്കൊപ്പം സഞ്ചാരികളുടെയും പ്രിയപ്പെട്ടൊരിടമാണ്.

jain-temple-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, CHITHARAL TEMPLE, CHITHARAL JAIN TEMPLE, CHITHARAL MALAI KOVIL, CHITHARAL BHAGAVADHI TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.