SignIn
Kerala Kaumudi Online
Thursday, 19 September 2024 12.38 PM IST

ഈ ഗോഡൗണാണ് ഒരു വർഷമായി വർദ്ധിത വീര്യത്തോടെ മുന്നേറുന്ന കാർഷിക സമരത്തിന്റെ വാർറൂം, മീറ്റിംഗ് വിശേഷങ്ങൾ പങ്കുവച്ച് തോമസ് ഐസക്

Increase Font Size Decrease Font Size Print Page
farmers-protest

ന്യൂഡൽഹി: സംയുക്ത കർഷക മോർച്ചയുടെ യോഗത്തിൽ പങ്കെടുത്ത ശേഷം തോമസ് ഐസക് പങ്കുവച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധനേടുന്നു. സിംഗൂരിലെ സമര സിരാകേന്ദ്രത്തെപറ്റിയും പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ, അതാണ് സിംഗൂരിലെ സമരത്തിന്റെ സിരാകേന്ദ്രം. അടഞ്ഞു കിടക്കുന്ന ഒരു ചെറിയ ഹാളിൽ സംയുക്ത കർഷക മോർച്ചയുടെ യോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു എന്നും അദ്ദേഹം കുറിക്കുന്നു. യോഗേന്ദ്ര യാദവിന്റെ അച്ചടക്കലംഘനത്തെപ്പറ്റി ചർച്ച ചെയ്യാനായിരുന്നു യോഗം. ആം ആദ്മി പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു യോഗേന്ദ്ര യാദവ് കെജ്രിവാളുമായി തെറ്റിയാണ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടത് .

സമാധാനപരമായ സമരത്തെ പ്രകോപിപ്പിച്ചു തിരിച്ചടി സൃഷ്ടിക്കുന്നതിനു പല രീതിയിൽ ബിജെപി ഇടപെട്ടിട്ടുണ്ടെന്ന് പല സിഖുകാരും ഇത് തന്നോടു തുറന്നു പറഞ്ഞു, യോഗത്തിന്റെ അവസാനം യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്പെന്റ് ചെയ്യാനും തീരുമാനിച്ചു എന്നും അദ്ദേഹം പറയുന്നു. ഏറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായ കർഷക ബില്ലിനെതിരെയുള്ള കർഷകരുടെ സമരം ഒരു വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ തോമസ് ഐസക് സമര വേദി സന്ദർശിക്കുകയാണ്. കഴിഞ്ഞ ദിവസവും അദ്ദേഹം കർഷകരോടൊപ്പമുള‌ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ. അതാണ് സിംഗൂരിലെ സമരത്തിന്റെ സിരാകേന്ദ്രം. അടഞ്ഞു കിടക്കുന്ന ഒരു ചെറിയ ഹാളിൽ സംയുക്ത കർഷക മോർച്ചയുടെ യോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു. അധ്യക്ഷ വേദിയിലുള്ളവർ കസേരകളിൽ. ബാക്കിയുള്ള 50-ൽപ്പരം വരുന്നയാളുകൾ നിലത്താണ് ഇരിക്കുന്നത്. എല്ലാവർക്കുമുള്ള കസേരകളില്ല.

അഖിലേന്ത്യാ കിസാൻ സഭയുടെ അശോക് ധവാലെയാണ് അദ്യക്ഷൻ. അദ്ദേഹം ഉച്ചത്തിൽ ഹിന്ദിയിൽ സംസാരിക്കുന്നു. ഇടയ്ക്കു ശക്തമായ പ്രതികരണങ്ങളുമുണ്ട്. ശബ്ദമാനവും സംഘർഷഭരിതവുമായ അന്തരീക്ഷം. പ്രശ്നം നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവിന്റെ അച്ചടക്കലംഘനമാണ്.

യോഗേന്ദ്ര യാദവ് ആം ആദ്മി പാർട്ടിയുടെ സ്ഥാപകരിൽ ഒരാളാണ്. കെജരിവാളുമായി തെറ്റി പുറത്താക്കപ്പെട്ടു. അറിയപ്പെടുന്ന തെരഞ്ഞെടുപ്പു സർവ്വേ വിശകലനക്കാരനാണ്. കറതീർന്ന സോഷ്യലിസ്റ്റ്. അതിന്റെ കമ്മ്യൂണിസ്റ്റു വിരോധ ചേരുവയുണ്ട്. ഗാന്ധിയനുമാണ്. സമരത്തിന്റെ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. പലപ്പോഴും സമരവക്താക്കളിൽ ഒരാളായി വേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

പക്ഷെ ലേഖിംപൂരിലെ ബിജെപി ആക്രമണത്തോടു പ്രതികരിച്ചപ്പോൾ അദ്ദേഹത്തിലെ ഗാന്ധിസം ഉണർന്നു. ബിജെപി ഗുണ്ടകൾ കൊലചെയ്ത കർഷകരുടെ വീടുകളിൽ മാത്രമല്ല സംഘട്ടനത്തിൽ മരിച്ച ഗുണ്ടകളുടെ വീടുകളിലും പോയി. ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

സമാധാനപരമായ സമരത്തെ പ്രകോപിപ്പിച്ചു തിരിച്ചടി സൃഷ്ടിക്കുന്നതിനു പല രീതിയിൽ ബിജെപി ഇടപെട്ടിട്ടുണ്ട്. നുുഴഞ്ഞു കയറി സംഘർഷം സൃഷ്ടിക്കുന്ന അഞ്ചാം പത്തിക്കാരെ അയക്കുന്നതടക്കം. ഏറ്റവും അവസാനമായി ചെയ്തതാണ് നിഹാംഗുകളിൽ ഒരു സെറ്റിനെ കൈയ്യിലെടുത്തു ഗുരു ഗ്രന്ഥ സാഹിബ്ബിനെ നിന്ദിച്ചുവെന്നു പറഞ്ഞ് ഒരു ദളിത് സിക്കിനെ കൊല ചെയ്തത്. ഈ നിഹാംഗു സെറ്റിന്റെ നേതാവും കേന്ദ്ര കൃഷിമന്ത്രിയും ഒരുമിച്ചുള്ള ഫോട്ടോയും മറ്റും പുറത്തുവന്നതോടെ എല്ലാവർക്കും കാര്യം പിടികിട്ടി.

പല സിക്കുകാരും ഇത് എന്നോടു തുറന്നു പറയുകയും ചെയ്തു. പക്ഷെ യോഗേന്ദ്ര യാഥവിനു മാത്രം എന്തോ ഈ ബിജെപി കുതന്ത്രം മനസിലായിട്ടില്ലായെന്നു തോന്നുന്നു. അക്രമികളെയും യഥാർത്ഥ ഇരകളെയും ഒരേ തുലാസിൽ ഇട്ടതിനെ പിന്തുണയ്ക്കാൻ സമരക്കാരിൽ ആരും തയ്യാറായില്ല.

എല്ലാവരും ശക്തമായി യോഗേന്ദ്ര യാദവിനെ വിമർശിച്ചു. അതിന്റെ രോഷമായിരുന്നു യോഗത്തിലെ ശബ്ദവും സംഘർഷവും. അവസാനം ഏകകണ്ഠമായി തീരുമാനവും എടുത്തു. യോഗേന്ദ്ര യാദവിനെ ഒരു മാസത്തേയ്ക്കു സസ്പെന്റ് ചെയ്യുക. വിമർശനങ്ങൾ അംഗീകരിച്ച യോഗേന്ദ്ര യാദവ് യോഗം വിട്ടു പുറത്തിറങ്ങി. അപ്പോൾ എടുത്ത ചിത്രങ്ങളാണ് പോസ്റ്റിനോടൊപ്പമുള്ളത്.

യോഗേന്ദ്ര യാദവിനും കൃഷ്ണപ്രസാദിനോടൊപ്പമുള്ള വിദ്യാർത്ഥികൾ കൽക്കത്തയിൽ നിന്നുള്ളവരാണ്. ഞങ്ങൾ ഇങ്ക്വിലാബി വിദ്യാർത്ഥി സംഘമാണെന്ന് ഒരു പെൺകുട്ടി സ്വയം പരിചയപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് എത്തിയത്. രാത്രി ഹാളിൽ കിടന്നുറങ്ങി. ഇനി താവളം വേറൊരിടമാണ്. കുറച്ചു ദിവസം സമരത്തിനോടൊപ്പം ചെലവഴിക്കാൻ ഐക്യദാർഢ്യവുമായി എത്തിയതാണ് അവർ.

ഇതുപോലെ ഒട്ടേറെ ചെറുസംഘങ്ങൾ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും എത്തുന്നുണ്ട്. കുറച്ചു ദിവസം സമരത്തിൽ പങ്കെടുത്തു തിരിച്ചു പോകും.

ഏറ്റവും അയവേറിയ സംഘടനാ സംവിധാനമാണ് സംയുക്ത കർഷക മോർച്ചയ്ക്കുള്ളത്. പക്ഷെ ഒരു സംഘടിത പാർട്ടിയിലെന്നപോലെ കർശനമായ അച്ചടക്കം പാലിക്കപ്പെടുന്നു. അല്ലാതെ സമരം വിജയിപ്പിക്കാനാവില്ലായെന്ന ബോധ്യത്തിൽ നിന്നു രൂപംകൊണ്ടതാണ് ഈ സ്വയം അച്ചടക്കം. യോഗേന്ദ്ര യാഗവിന്റെ കാര്യത്തിൽ ഞാൻ ഇതു നേരിൽ കണ്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THOMASISSAC, FARMERS PROTEST, DELHI, YOGENDRA YADAV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.